കൊളംബിയ സെമിയില്‍ സെമിയിലെത്തുന്നത് 12 വര്‍ഷത്തിനു ശേഷം ഷൂട്ടൗട്ടില്‍ പെറുവിനെ 4-2ന് വീഴ്ത്തി
ന്യൂജഴ്‌സി: പരുക്കന്‍ കളിയുമായി ആദ്യ പകുതി വിരസമായ ശതാബ്ദി കോപ്പയുടെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പെറുവിനെ വീഴ്ത്തി കൊളംബിയ സെമിയില്‍ കടന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ 4-2നാണ് കൊളംബിയ ജയം സ്വന്തമാക്കിയത്. 12 വര്‍ഷത്തിനു ശേഷമാണ് കൊളംബിയ കോപ്പയുടെ സെമിയില്‍ കടക്കുന്നത്. 2004ലാണ് അവസാനമായി അവര്‍ സെമിയിലെത്തിയത്.
ഷൂട്ടൗട്ടില്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഒസ്പിനയുടെ മിന്നുന്ന സേവാണ് കൊളംബിയയെ സെമിയിലെത്തിച്ചത്. പെറുവിന്റെ മൂന്നാമത്തെ കിക്കെടുത്ത മിഗ്വേല്‍ ട്രോക്കോയുടെ കിക്ക് കാലു കൊണ്ടു തട്ടിയകറ്റുകയായിരുന്നു ഓസ്പിന. നാലാം കിക്കെടുത്ത ക്രിസ്റ്റ്യന്‍ ക്യൂവയുടെ കിക്ക് ബാറില്‍ തട്ടി മടങ്ങുകയും ചെയ്തതോടെ കൊളംബിയ സെമി ഉറപ്പിച്ചു. കൊളംബിയക്കായി ജെയിംസ് റോഡ്രിഗസ്, യുവാന്‍ ക്വഡ്രാഡോ, മൊറേനോ, സെബാസ്റ്റ്യന്‍ പെരസ് എന്നിവര്‍ ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു.റൂയിഡിയസ്, റെനാറ്റോ ടാപിയ എന്നിവര്‍ക്ക് മാത്രമേ പെറുവിനായി കിക്ക് ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ.
തുടക്കം മുതല്‍ മികച്ച നീക്കങ്ങള്‍ കൊണ്ട് കൊളംബിയ കളം നിറഞ്ഞു കളിച്ചു. ഇരു ടീമുകളും ആദ്യ പകുതിയില്‍ പരുക്കന്‍ കളി പുറത്തെടുത്തപ്പോള്‍ 19 ഫൗളുകളാണുണ്ടായത്. മൂന്നു മഞ്ഞ കാര്‍ഡുകളും റഫറി പുറത്തെടുത്തു. ആദ്യ ഘട്ടത്തില്‍ കാര്‍ലോസ് ബക്കയുടെ തകര്‍പ്പനൊരു മുന്നേറ്റം പെറുവിന്റെ പ്രതിരോധത്തെ ഭേദിച്ചെങ്കിലും ഫിനിഷിങിലെ പിഴവ്. 22ാം മിനുട്ടില്‍ കൊളംബിയയുടെ മുന്നേറ്റം പെറുവിന് വീണ്ടും ഭീഷണിയുയര്‍ത്തി. ജെയിംസ് റോഡ്രിഗസിന്റെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്കു പോയി. പിന്നീടും കൊളംബിയ തന്നെ മുന്നേറ്റത്തെ നയിച്ചെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല.
രണ്ടാം പകുതിയില്‍ പെറു മത്സരത്തിലേക്ക് തിരിച്ചു വന്നു. എന്നാല്‍ പെറുവിനും വല ചലിപ്പിക്കാന്‍ മാത്രം സാധിച്ചില്ല. ഇരു ടീമുകളും അടുത്തടുത്ത നിമിഷങ്ങളില്‍ ലഭിച്ച ഫ്രീകിക്കുകള്‍ മുതലാക്കുന്നതില്‍ പരാജയപ്പെട്ടു. 80ാം മിനുട്ടില്‍ കൊളംബിയ ആക്രമണം ശക്തമാക്കി. ബക്കയുടെ മിന്നല്‍ ഷോട്ട് ബാറിനു മുകളിലൂടെ പറന്നു. അവസാന നിമിഷം പെറുവിന്റെ ക്രിസ്റ്റ്യന്‍ ബെനാവെന്‍ഡയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനു കൊളംബിയന്‍ പ്രതിരോധ താരം ഫരീദ് ഡയസിനു രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ റഫറി കാര്‍ഡ് നല്‍കാതിരുന്നതിനാല്‍ താരം രക്ഷപ്പെട്ടു. പിന്നീട് ഗോളിനായി കൊളംബിയ സമ്മര്‍ദം ചെലുത്തിയെങ്കിലും നിശ്ചിത സമയത്ത് ലക്ഷ്യം കാണാന്‍ സാധിച്ചില്ല.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ച കൊളംബിയന്‍ കോച്ച് ജോസ് പെക്കര്‍മാന്‍ പെറുവിനെതിരേ വമ്പന്‍മാരെയെല്ലാം കളത്തിലിറക്കി. ജെയിംസ് റോഡ്രിഗസ്, യുവാന്‍ ക്വഡ്രാഡോ, കാര്‍ലോസ് ബക്ക, ഓസ്പിന എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. പെറു ടീമില്‍ ഒരു മാറ്റം മാത്രമാണ് കോച്ച് റിക്കാര്‍ഡോ ഗരേക്ക വരുത്തിയത്. ആദാന്‍ ബാല്‍ബിന് പകരം റെനാറ്റോ ടാപിയ ടീമിലിടം പിടിച്ചു. ചിലി- മെക്‌സിക്കോ ക്വാര്‍ട്ടറിലെ വിജയികളെയാണ് കൊളംബിയ സെമിയില്‍ നേരിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."