ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 29,222 പുതിയ വോട്ടര്‍മാര്‍
കൊല്ലം: ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഇത്തവണ ഗണ്യമായ വര്‍ധന. ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ കരട് വോട്ടര്‍ പട്ടിക പ്രകാരം ആകെയുള്ള 20,23,719 സമ്മതിദായകരില്‍ 29,222 പേര്‍ പുതിയ വോട്ടര്‍മാരാണ്. ഇവരില്‍ 14,985 പുരുഷന്മാരും 14,236 സ്ത്രീകളും ഉള്‍പ്പെടുന്നു. പുനലൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള ഒരു വോട്ടറും പുതിയതായി പട്ടികയില്‍ ഇടം കണ്ടെത്തി. മണ്ഡലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് പുനലൂരിലും (1,99,274) കുറവ് കൊല്ലത്തുമാണ്(1,64,337).
ആകെ പുരുഷ വോട്ടര്‍മാരുടെ എണ്ണത്തില്‍ കരുനാഗപ്പളളിയും(96,590) സ്ത്രീ വോട്ടര്‍മാരുടെ(1,04,651) എണ്ണത്തില്‍ പുനലൂരുമാണ് മുന്നില്‍ നില്‍ക്കുന്നത്. പുരുഷ(79,073) വനിതാ(85,264) സമ്മതിദായകരുടെ എണ്ണത്തില്‍ കൊല്ലമാണ് പിന്നില്‍. ആകെ വോട്ടര്‍മാരുടെ വര്‍ധനവില്‍ മുന്‍പില്‍ കരുനാഗപ്പള്ളി നിയോജക മണ്ഡലവും(3,533) പിന്നില്‍ ഇരവിപുരം (1,893) നിയോജക മണ്ഡലവുമാണ്. സ്ത്രീ(1,797) പുരുഷ വോട്ടര്‍മാരുടെ(1,736) വര്‍ധനവിലും കരുനാഗപ്പള്ളി നിയോജക മണ്ഡലമാണ് മുന്നില്‍.
വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ പാട്ടുംപാടി തെരഞ്ഞെടുപ്പ് വിഭാഗം
കൊല്ലം: തെരഞ്ഞെടുപ്പിന് കേളികൊട്ടുയരുന്നതിനും ഒരു മുഴം മുന്‍പേയാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗം. ഓരോ വോട്ടറേയും പ്രക്രിയയുടെ ഭാഗമാക്കാന്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ അഥവാ സ്വീപ് വഴി തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കിയാണ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പ് തുടങ്ങി വച്ചത്.
'ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകൂ.. നമ്മുടെ നാടിന്‍ ഭാവിക്കായി വോട്ടുകള്‍ ചെയ്തീടു' എന്നു തുടങ്ങുന്ന പ്രചാരണഗാനമാണ് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ചിട്ടപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് വിഭാഗത്തിലെ പ്രേംചന്ദ്രന്റെ വരികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ കെ. ബോസ് ഈണമിട്ടു. കവിത ബോസ്, പാര്‍വതി ജി. നായര്‍, കെ. ബോസ് എന്നിവരാണ് ആലാപനം.
ദേശീയ സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയിക്ക് സി.ഡി കൈമാറി പ്രകാശനം നിര്‍വഹിച്ചു.
ഭിന്നശേഷിക്കാരനും യുവജന കമ്മിഷന്റെ യൂത്ത് ഐക്കണ്‍ ജേതാവുമായ പി.എസ് കൃഷ്ണകുമാര്‍, സബ് കലക്ടര്‍ എ. അലക്‌സാണ്ടര്‍, എ.ഡി.എം ബി. രാധാകൃഷ്ണന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.ആര്‍ ഗോപാലകൃഷ്ണന്‍, സ്വീപ്പ് നോഡല്‍ ഓഫിസര്‍ ആര്‍. ബാബുരാജ്, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ എ. ബര്‍നഡിന്‍, കെ.ജി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."