പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും
ന്യുഡല്‍ഹി: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് പ്രതിപക്ഷം ഇന്ന് വീണ്ടും ആവശ്യപ്പെടും.
പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കേണ്ട കാര്യമില്ലെന്നായിരുന്നു ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നിലപാടെങ്കിലും രോഗവ്യാപനത്തിന്റെ പുതിയ സാഹചര്യത്തില്‍ ബജറ്റ് സെഷന്‍ വെട്ടിച്ചുരുക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റേയും ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് സൂചന.
കൊവിഡ് ആശങ്കക്കിടെ പാര്‍ലമെന്റ് സമ്മേളനം തുടര്‍ന്ന് പോകുന്നതില്‍ വ്യാപക വിമര്‍ശനമാണ് പ്രതിപക്ഷ കക്ഷികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോള്‍ പാര്‍ലമെന്റ് സമ്മേളനം തുടര്‍ന്ന് പോകുന്നതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നാണ് വിമര്‍ശനം ഏറെയും.
മധ്യപ്രദേശ് സര്‍ക്കാര്‍ അട്ടിമറിയടക്കമുള്ള കാര്യങ്ങള്‍ ഇതിന് തെളിവായി പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. മാത്രമല്ല എം.പിമാര്‍ വരെ കൊവിഡ് സംശയത്തിന്റെ പേരില്‍ സ്വയം സന്നദ്ധരായി നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഏപ്രില്‍ മൂന്ന് വരെ സമ്മേളനം നടത്തിക്കൊണ്ട് പോകണമെന്ന നിലപാടാണ് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും കൈക്കൊണ്ടിരുന്നത്. അതല്ലാതെ പാര്‍ലമെന്റ് സമ്മേളനം അടക്കം വെട്ടിച്ചുരുക്കുന്ന നിലയിലേക്ക് പോയാല്‍ ജനങ്ങളില്‍ അത് അനാവശ്യ ഭീതി ഉണ്ടാക്കുമെന്നായിരുന്നു ഇതുവരെയുള്ള ന്യായം.
കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിക്കുന്ന സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഗൗരവത്തോടെയാണ് കാണുന്നത്. കാരണം കഴിഞ്ഞ രണ്ട് ദിവസമായി വൈറസ് ബാധിതരുടെ എണ്ണം ആശങ്കപ്പെടുത്തുന്നതാണെന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. പരിശോധനകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടാനിടയുണ്ടെന്നും കണക്കുകൂട്ടലുണ്ട്. ഇത്തരം സാഹചര്യങ്ങളെല്ലാം വിലയിരുത്തിയായിരിക്കും പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്നതിനുള്ള തീരുമാനം ഉണ്ടാകുക.
അതേ സമയം, പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്നു മുതല്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇക്കാര്യം വ്യക്തമാക്കി സ്പീക്കര്‍ക്ക് കത്തു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."