സഞ്ചാരികള്‍ക്ക് ആശ്വാസം; കുറുവാ ദ്വീപില്‍ ചങ്ങാടയാത്രയൊരുക്കി ഡി.ടി.പി.സി
മാനന്തവാടി: സഞ്ചാരികള്‍ക്ക് ആശ്വാസമായി കുറുവാ ദ്വീപില്‍ ചങ്ങാട സവാരി ആരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിത്യേന നിരവധി വിനോദസഞ്ചാരികള്‍ നിരാശയയോടെ മടങ്ങിപ്പോവുന്ന സാഹചര്യത്തിലാണ് ഡി.ടി.പി.സി മുന്‍കൈയ്യെടുത്ത് ചങ്ങാട സവാരി ഒരുക്കിയിരിക്കുന്നത്.
2017 ഡിസംമ്പര്‍ 16നാണ് കര്‍ശന നിയന്ത്രണങ്ങളോടെ നീണ്ട കാലത്തെ ഇടവേളക്ക് ശേഷം സഞ്ചാരികള്‍ക്കായി കുടുവ തുറന്ന് കൊടുത്തത്. ഇരു പ്രവേശന കവാടങ്ങളിലൂടെയും 400 പേര്‍ക്ക് മാത്രമെ ദ്വീപില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നുള്ളു. ഇതോടെ ദ്വീപില്‍ എത്തുന്ന ആയിരകണക്കിനാളുകളാണ് ദ്വീപ് സന്ദര്‍ശിക്കാന്‍ കഴിയാതെ മടങ്ങിയിരുന്നത്. നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട് വിവിധ സംഘടനകള്‍ പ്രക്ഷോഭ പരിപാടികള്‍ നടത്തുകയും എം.എല്‍.എമാര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുറുവയുടെ സൗന്ദര്യം പുറമെ നിന്നെങ്കിലും നുകരുക എന്ന ലക്ഷ്യത്തോടെ ഡി.ടി.പി.സിയുടെ പ്രവേശന കവാടത്തില്‍ ചങ്ങാട സവാരി ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്രയും കാലം ചങ്ങാടം ഉപയോഗിച്ചിരുന്നത്. ഇതേ ചങ്ങാടം ഉപയോഗിച്ച് തന്നെയാണ് പുഴയിലൂടെ അര മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന സവാരി സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ദ്വീപിലേക്ക് ചങ്ങാടത്തിന് ഈടാക്കുന്ന 30 രൂപയാണ് സവാരിക്കും ഈടാക്കുന്നത്. ദ്വീപിനോട് ചേര്‍ന്ന് ചങ്ങാടം നിര്‍ത്തിയിട്ട് കുറുവയെ ആസ്വദിക്കാനും ഫോട്ടോയെടുക്കാനുമെല്ലാമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 20നും 25നും ഇടയില്‍ ആളുകള്‍ക്കാണ് ഒരു സമയം ചങ്ങാടത്തില്‍ യാത്ര ചെയ്യാന്‍ കഴിയുക.
രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് 4.30 വരെ സവാരി നടത്താം. പുതിയ സംവിധാനം നിരവധി വിനോദസഞ്ചാരികള്‍ക്കാണ് ആശ്വാസമായി മാറിയിരിക്കുന്നത്. മുന്നറിയിപ്പില്ലാതെയാണ് സവാരി ആരംഭിച്ചതെങ്കിലും 247 പേരാണ് ആദ്യ ദിനത്തില്‍ ചങ്ങാടത്തില്‍ സഞ്ചരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."