കരിപ്പൂര്‍: വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയിട്ട് മൂന്നുവര്‍ഷം
കൊണ്ടോട്ടി: റണ്‍വേ റീ-കാര്‍പ്പറ്റിങ്ങിന്റെ പേരില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയിട്ട് മൂന്നുവര്‍ഷം തികയുന്നു. 2015 ഏപ്രില്‍ 30നാണ് കരിപ്പൂരില്‍ ജെംബോ വിമാനങ്ങള്‍ അവസാനമായി വന്നിറങ്ങിയത്.
റണ്‍വേ റീ-കാര്‍പ്പറ്റിങ്ങിന്റെ പേരില്‍ എയര്‍ ഇന്ത്യ, സഊദി എയര്‍ലൈന്‍സ് എന്നിവയുടെ ജിദ്ദ, റിയാദ് സര്‍വിസുകള്‍, എമിറേറ്റ്‌സ് എയറിന്റെ ദുബൈ വിമാനങ്ങള്‍ എന്നിവയാണ് നിര്‍ത്തലാക്കിയത്. മൂന്നു വിമാന കമ്പനികളും ആഴ്ചയില്‍ നടത്തിയിരുന്ന 52 സര്‍വിസുകളാണ് ഒറ്റയടിക്ക് പിന്‍വലിച്ചത്. ഇതോടെ ഹജ്ജ് വിമാന സര്‍വിസുകളും പിന്‍വലിച്ചു. ആഴ്ചകള്‍ക്കുള്ളില്‍ പിന്‍വലിച്ച സര്‍വിസുകള്‍ കൊച്ചിയില്‍നിന്ന് ആരംഭിക്കുകയും ചെയ്തിരുന്നു.
കരിപ്പൂര്‍ റണ്‍വേ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) നിര്‍ദേശ പ്രകാരമാണ് വലിയ വിമാനങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിച്ചിരുന്നത്. വിമാനങ്ങള്‍ വന്നിറങ്ങുന്ന റണ്‍വേയുടെ ഭാഗത്ത് കുഴിയെടുത്ത് കോണ്‍ക്രീറ്റ് ചെയ്താണ് ടാറിങ് നടത്തിയത്. നാലുവര്‍ഷത്തിലൊരിക്കല്‍ റണ്‍വേ റീ-കാര്‍പ്പറ്റിങ് നടത്തണമെന്നാണ് നിര്‍ദേശം.
റണ്‍വേ റീ കാര്‍പ്പറ്റിങ് 2016 സെപ്റ്റംബറോടെ പൂര്‍ത്തിയാക്കിയെങ്കിലും പിന്‍വലിച്ച വിമാനങ്ങള്‍ക്ക് ഡി.ജി.സി.എ അനുമതി നല്‍കിയില്ല. കരിപ്പൂര്‍ റണ്‍വേയില്‍ വലിയ വിമാനങ്ങള്‍ക്ക് സുരക്ഷിത ലാന്‍ഡിങ് നടത്താനാവില്ലെന്നാണ് ഡി.ജി.സി.എയുടെ നിര്‍ദേശം. ഇതോടെ കരിപ്പൂരിലെ വിമാന കൗണ്ടര്‍പോലും കമ്പനികള്‍ പൊളിച്ചുമാറ്റി.
വലിയ വിമാനങ്ങളുടെ പിന്മാറ്റം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കനത്ത നഷ്ടമാണ് ആദ്യവര്‍ഷത്തിലുണ്ടാക്കിയത്. പിന്നീട് ചെറിയ വിമാന സര്‍വിസുകള്‍ വര്‍ധിപ്പിച്ചും അവയുടെ ലാന്‍ഡിങ് നിരക്കും ടെര്‍മിനല്‍ വാടകയും വര്‍ധിപ്പിച്ചുമാണ് അതോറിറ്റി തുടര്‍ന്നുള്ള വര്‍ഷത്തെ ബാധ്യതകള്‍ ഒഴിവാക്കിയത്. മൂന്ന് വര്‍ഷത്തിനുശേഷം പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന് ഡി.ജി.സി.എ അറിയിച്ചിട്ടുണ്ട്. ഇതോടെ കരിപ്പൂരിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."