പരിയാരം വീണ്ടും സമരകേന്ദ്രമാകുന്നു
കണ്ണൂര്‍: സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് പ്രഖ്യാപിച്ച പരിയാരം മെഡിക്കല്‍ കോളജിന്റെ ഭരണം വീണ്ടും സൊസൈറ്റിയുടെ കീഴിലാക്കുമെന്ന് വ്യക്തമായതോടെ ആശുപത്രി വീണ്ടും വിവാദകേന്ദ്രമാകുന്നു. മറ്റു മെഡിക്കല്‍ കോളജുകളെപ്പോലെ പരിയാരത്തിന് പൂര്‍ണതോതിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പദവി ലഭിക്കില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ പരിയാരം പ്രക്ഷോഭ സമിതിയും പ്രതിപക്ഷവും പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്.
പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് പ്രക്ഷോഭസമിതി ചെയര്മാന് ഡോ. ഡി. സുരേന്ദ്രനാഥ് സുപ്രഭാതത്തോടു പറഞ്ഞു. മെഡിക്കല്‍ കോളജിനു വേണ്ടി പുതിയ സൊസൈറ്റി രൂപീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയതിനു പിന്നാലെ ചേര്‍ന്ന പ്രക്ഷോഭസമിതിയുടെ അടിയന്തര യോഗത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ മെയ് 12ന് സമരപ്രഖ്യാപന കണ്വന്ഷന് ചേരും.
തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് പ്രതിഷേധ റാലിയും നടത്തും.
ഭരണസമിതിയിലും ജീവനക്കാരിലും ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണ് സൊസൈറ്റി രൂപീകരണമെന്നു ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയും കുറ്റപ്പെടുത്തി. തീരുമാനത്തിനെതിരേ യു.ഡി.എഫ് പ്രക്ഷോഭത്തിനിറങ്ങുമെന്നും പാച്ചേനി അറിയിച്ചു. അതിനിടെ, പരിയാരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി പ്രവേശനവും ഫീസ് ഘടനയും സ്വാശ്രയ രീതിയില്‍ തന്നെ തുടരുമെന്നും വ്യക്തമായി. ചികിത്സാ നിരക്കുകളും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേതു പോലെയാകില്ലെന്നും ഏറ്റെടുക്കല്‍ ചടങ്ങില്‍ ആരോഗ്യമന്ത്രി സൂചിപ്പിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായിരുന്ന സാമുവല്‍ ആറോണ്‍ സര്‍ക്കാരിനു ക്ഷയരോഗാശുപത്രി നിര്‍മിക്കാന്‍ സൗജന്യമായി നല്കിയ ഭൂമിയിലെ 119 ഏക്കറിലാണു പരിയാരം മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നത്.
സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ നല്കുന്ന ധര്‍മാശുപത്രിക്കു വേണ്ടി മാത്രമേ സ്ഥലം ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയോടെയായിരുന്നു സാമുവല്‍ ആറോണിന്റെ ഭൂമിദാനം. സര്‍ക്കാര്‍ സഹായത്തോടെ സഹകരണ മേഖലയിലാണു മെഡിക്കല്‍ കോളജും ആശുപത്രിയും ആരംഭിച്ചത്.
രണ്ടു പതിറ്റാണ്ടു കാലത്തോളം സി.പി.എം നിയന്ത്രണത്തില്‍ നടത്തിയ സ്ഥാപനത്തിന്റെ കടബാധ്യതകള്‍ സര്‍ക്കാരിനു മേല്‍ കെട്ടിവയ്ക്കാനാണ് ഇപ്പോഴത്തെ ഏറ്റെടുക്കല്‍ നാടകം എന്നും ആരോപണമുയരുന്നുണ്ട്.
ഹഡ്കോയ്ക്കു പരിയാരം മെഡിക്കല്‍ കോളജ് നല്‍കാനുള്ള 279 കോടിയുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അതില്‍ 116 കോടി ഇതിനകം സര്‍ക്കാര്‍ അടച്ചു തീര്‍ക്കുകയും ചെയ്തു. കടബാധ്യത സര്‍ക്കാര്‍ ചിലവില്‍ തീര്‍ത്ത ശേഷം സ്ഥാപനം വീണ്ടും സി.പി.എം നിയന്ത്രണത്തിലാക്കാനാണു നീക്കം എന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."