കലമുടച്ച് ബ്ലാസ്റ്റേഴ്സ്
ബംഗളൂരു: ബംഗളൂരു എഫ്.സിയെ പരാജയപ്പെടുത്താനുള്ള അവസരം കളഞ്ഞ് കുളിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. രണ്ട് ഗോളിനു മുന്നില്‍ നിന്നിട്ടും സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് ഇന്നലെയും ജയിക്കാനായില്ല. സ്റ്റൊയാനോവിച്ച് (16), കറേജ് പെക്ക്യൂസന് (40) എന്നിവരുടെ ഗോളുകളായിരുന്നു ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തത്. തുടക്കം മുതല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് പന്തടക്കത്തിലും ഒത്തിണക്കത്തിലും മികച്ചു നിന്നു. ഈ അവസരം മുതലാക്കിയാണ് ആദ്യ രണ്ടു ഗോളുകള്‍ സ്കോര്‍ ചെയ്തത്. രണ്ടാം പകുതിക്ക് ശേഷം ഗോള്‍ മടക്കുന്നതിനായി ഉണര്‍ന്നു കളിച്ച ബംഗളൂരു ലക്ഷ്യം കാണുകയായിരുന്നു.
ഉദാന്ത സിങ് (69), സുനില്‍ ഛേത്രി (85) എന്നിവരുടെ ഗോളുകളാണ് ബംഗളൂരുവിന് സമനില നേടിക്കൊടുത്തത്.
ലെന് ഡൊംഗെലിന്റെ പാസ് സ്വീകരിച്ച് 30 വാര അകലെ നിന്നും പെക്ക്യൂസന് തൊടുത്ത ഷോട്ട് ഗോളി ഗുര്‍പ്രീതിനെ കാഴ്ചക്കാരനാക്കി വലയില്‍ തറഞ്ഞുകയറുകയായിരുന്നു. 69-ാം മിനിട്ടില്‍ ഇടതു മൂലയില്‍ നിന്ന് പാര്‍ത്താലു നല്കിയ ക്രോസ് മുന്നോട്ട് ഡൈവ് ചെയ്ത് ഉദാന്ത് വലയ്ക്കുള്ളിലാക്കിയതോടെ ബംഗളൂരു സ്കോര്‍ 1-2 എന്ന നിലയിലാക്കി. നിശ്ചിത സമയം തീരാന്‍ അഞ്ചു മിനിട്ട് ബാക്കിയുള്ളപ്പോള്‍ ഉദാന്തയുടെ ക്രോസ് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ച് ഛേത്രി ബ്ലാസ്റ്റേഴ്സിന്റെ ജയം തട്ടിത്തെറിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."