മക്കിമല ഭൂമി ഇടപാട്: താലൂക്ക് ഓഫിസ് മാര്‍ച്ച്
മാനന്തവാടി: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ മക്കിമല ഭൂമിഇടപാടുമായി ബന്ധപ്പെട്ട് മുഴുവന്‍ അനധികൃത ഇടപാടുകളും പുറത്തുകൊണ്ടുവരിക, യഥാര്‍ത്ഥ കൈവശകൃഷിക്കാരുടെ ഭൂമിക്ക് പട്ടയം നല്‍കുക, ഭൂ മാഫിയയുടെ പങ്ക് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കമ്മിറ്റിയും കേരള കര്‍ഷകസംഘവും സംയുക്തമായി താലൂക്ക് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി.
കര്‍ഷകസംഘം ജില്ലാ ജോ.സെക്രട്ടറി കെ.എം വര്‍ക്കി ഉദ്ഘാടനം ചെയ്തു. സി ബേബി അധ്യക്ഷനായി. ഒ.ആര്‍ കേളു എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി സഹദേവന്‍, കര്‍ഷകസംഘം ഏരിയ സെക്രട്ടറി എന്‍.എം ആന്റണി, സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി വാസു, കെ.എസ്.കെ.ടി.യു വില്ലേജ് സെക്രട്ടറി കെ ഹംസ എന്നിവര്‍ സംസാരിച്ചു.
കണ്‍വീനര്‍ എം സദാശിവന്‍ സ്വാഗതവും വില്ലേജ് സെക്രട്ടറി പി.ജി ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു. മാനന്തവാടി എരുമത്തെരുവ് സി.ഐ.ടി.യു ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചിനും ധര്‍ണക്കും പി.ജി വിജയന്‍, കെ.ടി വിനു, കെ.വി ബഷീര്‍, തുമ്പോളി അബ്ദുല്ല, എം മുരളി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമരത്തിന്റെ ഭാഗമായി ഒ.ആര്‍ കേളു എം.എല്‍.എയുടെ നേതൃത്വത്തില്‍ നേതാക്കള്‍ തഹസില്‍ദാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുമെന്നും അനധികൃതമായി പട്ടയങ്ങളും ആധാരങ്ങളും കൈവശം വെച്ചിരിക്കുന്ന ഭൂമാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കൂടുതല്‍ കാര്യങ്ങള്‍ കലക്ടറുമായി ആലോചിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്നും തഹസില്‍ദാര്‍ ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."