കാഞ്ഞിരപ്പുഴ അണക്കെട്ട് തുറന്നതോടെ കുന്തിപ്പുഴയില്‍ ജലസമൃദ്ധി
പുലാമന്തോള്‍: കടുത്ത വേനലില്‍ കുന്തിപ്പുഴ നീര്‍ച്ചാലായി ഒഴുകി കൊണ്ടിരിക്കേ കാഞ്ഞിരപ്പുഴ ഡാം തുറന്നത് ആശ്വാസകരമായി. വെള്ളം നിറഞ്ഞൊഴുകിയതോടെ വറ്റിവരണ്ട പുഴ ജലസമൃദ്ധമായി.
ഇതോടെ തൂതപ്പുഴയിലെ പുലാമന്തോള്‍ അടക്കമുള്ള സ്ഥിര താത്കാലിക തടയണകളെല്ലാം നിറഞ്ഞു കവിഞ്ഞൊഴുകി. ജലനിരപ്പ് താഴ്ന്നതോടെ മണ്ണാര്‍ക്കാട് ചെര്‍പ്പുളശ്ശേരി, തൂത, മാവുണ്ടീരി കടവ്, ഏലംകുളം, കട്ടുപ്പാറ എന്നീ മേഖലകളിലെ കുടിവെള്ളപദ്ധതികളിലെല്ലാം നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
കാഞ്ഞിരപ്പുഴ അണക്കെട്ട് തുറന്നതോടെ കുന്തിപ്പുഴയിലെ തടയണകളെല്ലാം നിറഞ്ഞൊഴുകിയത് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കുടിവെള്ള പദ്ധതികളെല്ലാം പ്രവര്‍ത്തിച്ചു തുടങ്ങിയതിനു കാരണമായി. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച വേനല്‍ മഴയും പുഴയില്‍ നീരൊഴുക്ക് വര്‍ധിപ്പിക്കാനിടയാക്കിയിട്ടുണ്ട് .
എന്നാല്‍ പ്രതീക്ഷിച്ച വേനല്‍ മഴ ലഭിക്കാതെ പോയാല്‍ വീണ്ടും കുടിവെള്ളക്ഷാമം രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് സമീപവാസികളും, കുടിവെള്ള പദ്ധതികളെ ആശ്രയിച്ച് ജീവിക്കുന്നവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."