'ശാന്തി സാഗര്‍ 14' ഗ്രാബ് ഡ്രജര്‍ പെരുമാതുറ മുതലപ്പൊഴി തുറമുഖത്ത് നങ്കൂരമിട്ടു
കഠിനംകുളം: ഹാര്‍ബറിനുള്ളിലെ കല്ലും മണ്ണും മാറ്റുന്നതിന് അദാനിയുടെ ശാന്തി സാഗര്‍ പരമ്പരയിലുള്ള ശാന്തി സാഗര്‍ 14 ഗ്രാബ് ഡ്രജര്‍ പെരുമാതുറ മുതലപ്പൊഴി തുറമുഖത്ത് നങ്കൂരമിട്ടു. ഹാര്‍ബറിന്റെ പ്രവര്‍ത്തനത്തിന് തടസമാകുന്നതെന്തും എടുത്ത് മാറ്റാന്‍ ശേഷിയുള്ള ശാന്തി സാഗര്‍ 14 ഗ്രാബ് ഡ്രജര്‍ ഇന്ന് പ്രവര്‍ത്തിച്ച് തുടങ്ങും.
ഇതോടെ മുതലപ്പൊഴി ഹാര്‍ബറിന്റെ ആഴക്കുറവിന് ശാശ്വതമായ പരിഹാരം കാണാന്‍ കഴിയുമെന്നാണ് അധികൃതരും മത്സ്യത്തൊഴിലാളികളും പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം വിഴിഞ്ഞം തുറമുഖ നിര്‍മാണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഹാര്‍ബറിനോട് ചേര്‍ന്ന് ബോട്ടുകളും കപ്പലുകളും വന്ന് പോകുന്ന തരത്തില്‍ ബോട്ട് ജെട്ടി നിര്‍മിക്കാനുള്ള പ്രവര്‍ത്തനത്തിന് കൂടി തുടക്കമാകും. ഉള്‍ക്കടലില്‍ നിന്ന് ഹാര്‍ബറിലേക്ക് അടിഞ്ഞ് കൂടുന്ന മണല്‍ മൂടി ഹാര്‍ബറിന്റെ ആഴം കുറഞ്ഞത് കാരണം മത്സ്യ ബന്ധന വള്ളങ്ങള്‍ തിരയില്‍പ്പെട്ട് നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്.
നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവനും ഈ തുറമുഖം അപഹരിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഹാര്‍ബര്‍ അതോറിറ്റി അഴിമുഖത്തെ മണല്‍ ഡ്രിജ് ചെയ്യുന്നതിന് നിരവധി തവണ കരാര്‍ ക്ഷണിച്ചിട്ടും ആരും തയാറായി വന്നില്ല. ഇതിനിടെയാണു അദാനി ഗ്രൂപ്പ് വിഴിഞ്ഞം തുറമുഖ നിര്‍മാണം സുഖമമാക്കുന്നതിനായി പെരുമാതുറ മുതലപ്പൊഴി ഹാര്‍ബറിനെ കണ്ടെത്തിയതും സര്‍ക്കാറിനെ സമീപിച്ചതും.
വിഴിഞ്ഞം തുറമുഖ നിര്‍മാണം ഏറ്റെടുത്തിരിക്കുന്ന അദാനി ഗ്രൂപ്പിന് കിളിമാനൂര്‍ ഭാഗത്ത് നിന്നുള്ള പാറകള്‍ കടല്‍മാര്‍ഗം വിഴിഞ്ഞത്തെത്തിക്കുന്നതിന് പെരുമാതുറ തുറമുഖം പ്രയോജനപ്പെടുത്താനാകും. മണല്‍ മാറ്റുന്നതോടൊപ്പം പെരുമാതുറ ഭാഗത്ത് കപ്പലുകളും ബോട്ടുകളും വന്ന് പോകാനുള്ള വാര്‍ഫിന്റെ നിര്‍മാണത്തിനും അദാനി തുടക്കം കുറിക്കും. മാസങ്ങള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം സര്‍ക്കാറും ഹാര്‍ബര്‍ വിഭാഗവും കൈകൊണ്ടത്.
അദാനി ഗ്രൂപ്പ് വിഴിഞ്ഞത്തേക്ക് കല്ല് കൊണ്ട് പോകാന്‍ പെരുമാതുറയില്‍ നിര്‍മിക്കുന്ന വാര്‍ഫിന്റെ അവകാശവും പരിപാലനവും തുറമുഖ നിര്‍മാണം തീരുന്നത് വരെ അദാനി ഗ്രൂപ്പിന് ആയിരിക്കും. അത് കഴിഞ്ഞാല്‍ വാര്‍ഫ് സര്‍ക്കാരിന് കൈമാറുമെന്നാണ് കരാര്‍.
നേരത്തെ പലവട്ടം മണല്‍ മാറ്റുന്നതിന് സര്‍ക്കാര്‍ നേരിട്ട് ശ്രമം നടത്തിയിരുന്നു. ഒരുതവണ ഡ്രിജ് ചെയ്ത ആയിരക്കണക്കിന് ലോഡ് മണല്‍ ഇവിടെ നിന്ന് അധികാരികളുടെ സഹായത്തോടെ കടത്തിയിരുന്നു. ഇതും വലിയ പ്രതിഷേധത്തിന് ഇടവരുത്തി. തുടര്‍ന്ന് ഡ്രിജിങ്ങ് നിര്‍ത്തിവെച്ചു.സ്വയം ചലിക്കാന്‍ ശക്തിയുള്ള ഡ്രജറാണ് ശാന്തി സാഗര്‍ 14.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."