തടവുകാര്‍ക്ക് ഡല്‍ഹി പരോള്‍ അനുവദിക്കും; ചട്ടത്തില്‍ ഭേദഗതി വരുത്തി
ന്യൂഡല്‍ഹി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ തടവുകാര്‍ക്ക് അടിയന്തിര പരോള്‍ അനുവദിക്കും. ഇതിനായി ബന്ധപ്പെട്ട ചട്ടത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. നിലവിലുള്ള പരോള്‍ അനുവദിക്കുന്നതിന് പുറമെ തടവുകാര്‍ക്ക് എട്ടാഴ്ചത്തേക്ക് പരോള്‍ അനുവദിക്കാമെന്നതാണ് ഭേദഗതി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പകര്‍ച്ചവ്യാധി, പ്രകൃതി ദുരന്തം, സമാനമായ മറ്റു സാഹചര്യങ്ങള്‍ എന്നിവയില്‍ തടവുകാര്‍ക്ക് തുടര്‍ച്ചയായി എട്ടാഴ്ച വരെ പരോള്‍ അനുവദിക്കാമെന്ന് ഭേദഗതി വരുത്തിയ ചട്ടം പറയുന്നു. പരോള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ സര്‍ക്കാറിന് നിശ്ചയിക്കാം. പരോളിലായ സമയം ശിക്ഷാ കാലാവധിയുടെ ഉള്ളിലാണോ അതോ അത്രയും കാലം കൂടി വീണ്ടും ശിക്ഷയനുഭവിക്കേണ്ടതുണ്ടോയെന്ന കാര്യവും സര്‍ക്കാറിന് തീരുമാനിക്കാമെന്നും പുതിയ ചട്ടം പറയുന്നു. ഇതിനായി ഡല്‍ഹി പൊലിസ് ആക്ടിലെ 71ാം വകുപ്പിലാണ് ഭേദഗതി വരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."