സ്‌കൂട്ടിയും പണവും മോഷ്ടിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ സില്‍വര്‍ ഗ്യാസ് ഏജന്‍സിയില്‍നിന്ന് കലക്ഷന്‍ തുകയുമായി സ്‌കൂട്ടിയില്‍ പോകുകയായിരുന്ന ജീവനക്കാരനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച് സ്‌കൂട്ടിയും പണവുമായി കടന്നു കളഞ്ഞ നാലംഗ സംഘത്തിലെ മൂന്ന് പേര്‍ ഷൊര്‍ണൂര്‍ പൊലിസിന്റെ പിടിയിലായി.
പനമണ്ണ കളത്തില്‍ വീട്ടില്‍ മഹേഷ് (19), പനയൂര്‍ ചോലക്കല്‍ വീട്ടില്‍ സുബി കൃഷ്ണന്‍ (24), പനയൂര്‍ ആറമ്പറ്റ ക്കളം വീട്ടില്‍ പ്രശാന്ത്(29) എന്നിവരെയാണ് ഷൊര്‍ണൂര്‍ എസ്.ഐ എം സുജിത്തിന്റെ നേതൃത്വത്തിലുള്ള എ.എസ്.ഐ രാജശേഖരന്‍, സി.സി.പി.ഒ വിനോദ് പി. നായര്‍, സി.പി ഒമാരായ സജീഷ്, ഷിജി, ജയകുമാര്‍, അതുല്‍ എന്നിവരുള്‍പ്പെടുന്ന അന്വേഷണ സംഘം പിടികൂടിയത്. മഹേഷിനേയും സുബി കൃഷ്ണനേയും ഇന്നലെ വൈകുന്നേരം കുളപ്പുള്ളിയില്‍നിന്നും പ്രശാന്തിനെ പനമണ്ണയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 12നാണ് കവര്‍ച്ച നടന്നത്. ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി മാണിക്ക വാസവനാണ് രാത്രി എട്ട് മണിയോടെ കയിലിയാട് മാമ്പറ്റപ്പടിയില്‍ വച്ച് കവര്‍ച്ചക്കിരയായത്.
കലക്ഷന്‍തുകയായ രണ്ടു ലക്ഷം രൂപ ഗ്യാസ് ഏജന്‍സി ഉടമയെ ഏല്‍പ്പിക്കാനായി പോകുകയായിരുന്നു മാണിക്ക വാസവന്‍.
യുവാവിനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച് സ്‌കൂട്ടിയുടെ സീറ്റിനടിയിലെ ഡിക്കില്‍ സൂക്ഷിച്ച പണം മോഷ്ടിക്കുകയായിരുന്നു.
അന്നുതന്നെ മാണിക്ക വാസവന്‍ ഷൊര്‍ണൂര്‍ പൊലിസിലെത്തി പരാതി നല്‍കിയിരുന്നു. സംഭവസ്ഥലം പരിശോധിക്കാനെത്തിയ പൊലിസ് അര കിലോമീറ്റര്‍ അകലെ സ്‌കൂട്ടി നിര്‍ത്തിയിട്ടതായി കണ്ടെത്തി. പണം നഷ്ടപ്പെട്ടിരുന്നു.
ദിവസവും കലക്ഷന്‍തുകയുമായി ഈ വഴിയെ പോകാറുണ്ട്. ഇത് പ്രതികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. പല തവണ കവര്‍ച്ചക്ക് പദ്ധതിയിട്ടെങ്കിലും അത് നടന്നില്ലെന്നും പ്രതികള്‍ മൊഴി നല്‍കിയതായി എസ്.ഐ. സുജിത്ത് പറഞ്ഞു. പ്രതികളില്‍ അധികം നീളമില്ലാത്ത രണ്ട് വാളുകളും മൂന്ന് മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."