'ചികിത്സ' തേടി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍; നെട്ടോട്ടമോടി രോഗികള്‍
ആലപ്പുഴ: പകര്‍ച്ചാവ്യാധികള്‍ പടര്‍ന്നിട്ടും ജില്ലയിലെ ആരോഗ്യ രംഗം കുത്തഴിഞ്ഞ നിലയില്‍. ഭരണം മാറിയിട്ടും ആശുപത്രികള്‍ക്ക് യാതൊരു മാറ്റവുമില്ല. പുതിയ കെട്ടിടങ്ങള്‍ വന്നതല്ലാതെ അടിസ്ഥാന സൗകര്യങ്ങള്‍ മാറാത്തതാണ് ആശുപത്രികള്‍ രോഗികള്‍ക്ക് ഉപകാരപ്പെടാതിരിക്കാനുള്ള പ്രധാന കാരണം.ആലപ്പുഴ മെഡിക്കല്‍ കോളജും ,ജനറല്‍ ആശുപത്രിയും ,താലൂക്ക് ആശുപത്രികളും ,പി.എച്ച്.എസികളും ചികിത്സ തേടുകയാണ്.
രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്‍മാരും സ്റ്റാഫുകളുമില്ലാത്തതാണ് മുഖ്യ കാരണം. ചികിത്സിക്കാന്‍ ആളില്ലാതെ കെട്ടിടങ്ങളുടെ നവീകരണം കൊണ്ട് മാത്രം എന്ത് പ്രയോജനമെന്നാണ് രോഗികളുടെ ചോദ്യം. കെട്ടിടങ്ങളുടെ ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തിയതല്ലാതെ രോഗികള്‍ക്ക് ഉപകാരപ്പെടുന്ന സംവിധാനമൊരുക്കാന്‍ അധികൃതര്‍ക്കാവുന്നില്ല. അതിനാല്‍ ഓരോദിവസവും ജില്ലയിലെ ആരോഗ്യ രംഗം താറുമാറാകുന്നു.
'സുപ്രഭാതം' നടത്തിയ അന്വേഷണത്തില്‍ ജീവനക്കാരുടെ എണ്ണം തുലോം കുറവാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 70 ഡോക്ടറമാരുടെ ഒഴിവാണ് വര്‍ഷങ്ങളായി നികത്താതെ കിടക്കുന്നത്.
പകര്‍ച്ചാ വ്യാധികളുടെ ജില്ലയെന്ന അപനാമമുള്ള ആലപ്പുഴയിലാണ് ഈ അവസ്ഥയെന്നതാണ് അതീവ ഗൗരവതരം. ആയിരക്കണക്കിന് രോഗികളാണ് മഴക്കാല രോഗവുമായി സര്‍ക്കാര്‍ ആശുപത്രികളുടെ പടികടന്നെത്തുന്നത്. എന്നാല്‍ ജനങ്ങളുടെ രോഗത്തിനനുസരിച്ച് ചികിത്സ മാത്രം ലഭിക്കുന്നില്ല. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം പനിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയായി ആലപ്പുഴ മാറിയിട്ടും അധികാരികള്‍ കണ്ണു തുറക്കുന്നില്ല. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുക മാത്രമാണ് ജനങ്ങളുടെ തലവിധി. സ്വകാര്യ ക്ലിനിക്കുകള്‍ പനിക്കാലം മുതലെടുത്ത് രോഗികളെ കൊലവിളിക്കുകയാണ്. ചെറിയ പനിയുമായി എത്തുന്ന രോഗികളില്‍ 200-250 രൂപയാണ് സ്വകാര്യ ക്ലിനിക്കുകള്‍ ഈടാക്കുന്നത്.
പേരിന് മാത്രം താലൂക്ക് ആശുപത്രികള്‍
ജനറല്‍ ആശുപത്രിയുടെ അവസ്ഥയില്‍ നിന്ന് വ്യത്യസ്തമല്ല താലൂക്കാശുപത്രകളുടെ അവസ്ഥയും.കായംകുളം താലൂക്കാശുപത്രിയിലും നിരവധി പ്രശ്‌നങ്ങളുണ്ട്.
ഏറെ അപകടങ്ങള്‍ നടക്കുന്ന ദേശീയപാതയുടെ തൊട്ടരികിലുള്ള ആശുപത്രിയായിട്ടും ജനറല്‍ സര്‍ജന്റെ തസ്തിക ഇല്ല. ഗൈനക്കോളജി, ഇ.എ.ന്‍ടി വിഭാഗങ്ങളില്‍ ഒരോ ഡോക്ടറുടെ കുറവുണ്ട്.
ഹരിപ്പാട് കുട്ടികളുടെ വിഭാഗത്തില്‍ ഡോക്ടറുടെ ഒഴിവ് നികത്തിയിട്ടില്ല. നേത്രരോഗ വിഭാഗത്തില്‍ സീനിയര്‍ കണ്‍സല്‍റ്റന്റ് ഇല്ലാത്തതും പരിഹരിച്ചിട്ടില്ല.ബ്ലഡ് സ്റ്റോറേജ് സംവിധാനം പ്രവര്‍ത്തിക്കാതായിട്ടു രണ്ടു വര്‍ഷത്തിലേറെയായിട്ടും നപടിയില്ല.
ചെങ്ങന്നൂരില്‍ കെട്ടിടങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പോലും നടക്കുന്നില്ല. അഞ്ചു കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫിസര്‍മാര്‍ ആവശ്യമെങ്കിലും അനുവദിച്ചിട്ടില്ല.1500 പേര്‍ നിത്യവുമെത്തുന്ന ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയിലും അടിസ്ഥാന സൗകര്യങ്ങള്‍ അന്യം നില്‍ക്കുന്നു. 350 പേരെ കിടത്തി ചികില്‍സിക്കുന്നതിന് സൗകര്യമുണ്ടെങ്കിലും പ്രവേശിപ്പിക്കുന്നത് പരമിതമായ ആളുകളെമാത്രമാണ്.
കുട്ടനാടും തുറവൂരും ഇതൊക്കെ തന്നെയാണ് അവസ്ഥ. കുട്ടനാട്ടില്‍ ഓപ്പറേഷന്‍ തീയറ്ററില്ല. കൂടാതെ സര്‍ജനും അനസ്‌തെറ്റിസ്റ്റുമില്ല .സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഓര്‍ത്തോപീഡിക് ഡോക്ടര്‍ തന്നെയാണ് ഫിസിഷ്യന്റെ ചുമതലയും വഹിക്കുന്നത്.തുറവൂരില്‍ ഇരുപതോളം ഡോക്ടര്‍മാരുടെയും മുപ്പതോളം നഴ്‌സുമാരുടെയും സേവനം ആവശ്യമാണ്.
പ്രാഥമിക ചികിത്സ നല്‍കാനാളില്ലാതെ 'പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍'
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും രോഗികള്‍ നിറച്ചുണ്ട്, എന്നാല്‍ ചികിത്സിക്കാന്‍ ആളില്ലായെന്നതാണ് അവസ്ഥ. പാണ്ടനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മൂന്ന് ഡോക്ടര്‍മാരുടെ കുറവുണ്ട്. തിരുവന്‍വണ്ടൂര്‍, മുളക്കുഴ, ചെറിയനാട് പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഇല്ല. ചെങ്ങന്നൂരില്‍ ഏഴു പേര്‍ വേണ്ടിടത്ത് നാലു മാത്രം.
ഡെങ്കിപ്പനി ഉള്‍പ്പടെ പടര്‍ന്ന് പിടിക്കുന്ന ജില്ലയുടെ വടക്കന്‍ മേഖലകളിലും ആരോഗ്യ കേന്ദ്രങ്ങള്‍ നോക്കു കുത്തിയാണ്. ഈ പനിക്കാലത്തും പതിവ് പോലെ പള്ളിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പാണാവള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഒരു ഡോക്ടര്‍ മാത്രം.
തൈക്കാട്ടുശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മൂന്ന് ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ യാതൊരു നടപടിയുമില്ല. പെരുമ്പളത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എട്ടു ഡോക്ടര്‍മാര്‍ ആവശ്യമുള്ളിടത്ത് നാലു പേരെ കൊണ്ട് തൃപ്തിപ്പെടണം. അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിലും മൂന്ന് ഡോക്ടര്‍മാരുടെ ഒഴിവ് എന്ന് നികത്തുമെന്ന് ആര്‍ക്കുമറിയില്ല.
ചുരുക്കത്തില്‍ പനിവന്നാലും പകര്‍ച്ചാ വ്യാധികള്‍ പടര്‍ന്നാലും യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍.പനിച്ച് വിറച്ച് രോഗികള്‍ തെക്ക് വടക്ക് നെട്ടോട്ടമോടുമ്പോഴും ആരോഗ്യവകുപ്പ് മൂടിപ്പുതച്ചുറങ്ങുന്നു.
ഉച്ചയ്ക്ക് ശേഷം വരരുത്;
ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസുണ്ട്..
.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ജനറല്‍ ആശുപത്രിയിലെ കാഴ്ച പരിതാപകരമായിരുന്നു. കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ള നൂറുകണക്കിന് രോഗികള്‍ ഊഴവും കാത്തിരിക്കുന്നു. ചിലര്‍ കാത്തിരുന്ന് മടുത്ത് മടങ്ങുന്നു.
പഴയ മെഡിക്കല്‍ കോളജില്‍ പ്രതാപം പേറുന്ന കുറച്ച് കെട്ടിടങ്ങള്‍ മാത്രമാണ് നോക്കുകുത്തിയായി ഉള്ളത്. ഈ പനിക്കാലത്തും പ്രധാന വിഭാഗങ്ങളിലെല്ലാം ഒരാള്‍ മാത്രമാണ് രോഗികളെ നോക്കാനുള്ളത്.
അപടകടങ്ങള്‍ നിത്യ സംഭവമായ ദേശീയ പാതയുടെ ഓരത്തുള്ള ജനറല്‍ ആശുപത്രിയില്‍ അപകട രക്ഷാ യൂണിറ്റ് പോലുമില്ല.
ജനറല്‍ ആശുപത്രിയില്‍ രാവിലെ ആവശ്യത്തിന് ഡോക്ടര്‍മാരുണ്ട്.രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ മാത്രം.
അതു കഴിഞ്ഞാല്‍ അത്യാഹിത വിഭാഗത്തില്‍ ഒന്നും വാര്‍ഡില്‍ ഒന്നും മാത്രം. ഉച്ച കഴിഞ്ഞ് ഈ ഡോക്ടര്‍മാര്‍മാരുടെ വീട്ടിലാണ് ആള്‍ക്കൂട്ടം.
ചികിത്സ വേണമെന്നുണ്ടെങ്കില്‍ പണവുമായി വീട്ടില്‍ ചെല്ലാം. പാവപ്പെട്ട രോഗികള്‍ വേണമെങ്കില്‍ ജനറല്‍ ആശുപത്രിയിലെ ക്യൂവില്‍ നില്‍ക്കണം.ഗുരുതരാവസ്ഥയിലാണ് രോഗിയെങ്കില്‍ തക്ക സമയത്ത് ചികിത്സ കിട്ടിയാല്‍ ജീവനോടെ തിരിച്ച് പോകാം...!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."