ബാണാസുരയിലെ വെള്ളം എന്ന് കൃഷിയിടത്തിലെത്തും
പടിഞ്ഞാറത്തറ: ജലസേചനത്തിനും വൈദ്യുതിക്കുമായി വിഭാവനം ചെയ്ത ബാണാസുരസാഗര്‍ പദ്ധതി ഇന്നും ലക്ഷ്യപ്രാപ്തിയിലെത്തിയില്ല. അണയിലെ ജലം തുരങ്കത്തിലൂടെ കോഴിക്കോട് കക്കയത്തെത്തിച്ച് വൈദ്യുതി ഉല്‍പാദനം നടത്തുന്നതിനൊപ്പം ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന സൗരോര്‍ജ പ്ലാന്റ് അണയില്‍ സ്ഥാപിച്ചും വൈദ്യുതി വകുപ്പിന് കോടികള്‍ സമ്പാദിക്കാനായിട്ടുണ്ട്. ടൂറിസം പദ്ധതിയും ലക്ഷ്യത്തിലെത്തിലെത്തിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു. എന്നാല്‍ ജില്ല വരള്‍ച്ചയുടെ പടുകുഴിയില്‍ വീണിട്ടും അണക്കെട്ടില്‍ നിന്നു ജലസേചനം എന്ന ലക്ഷ്യം പാതിവഴിയിലാണ്. വയലും കരയുമടക്കം നൂറുകണക്കിന് ഹെക്ടര്‍ ഭൂമിയില്‍ ജലസേചനത്തിനെന്നു പറഞ്ഞ് നിര്‍മിച്ച അണയിലെ വെള്ളം വൈദ്യുതി ഉല്‍പാദനത്തിനു മാത്രം വിനിയോഗിക്കുന്നത് കര്‍ഷകദ്രോഹമാണെന്ന് ആക്ഷേപം ശക്തമാണ്. പടിഞ്ഞാറത്തറയ്ക്കു സമീപം ബാണാസുരന്‍ മലയടിവാരത്ത് കബനിയുടെ കൈവഴിയായ കരമാന്‍തോടിനു കുറുകെയാണ് ബാണാസുരസാഗര്‍ പദ്ധതിയുടെ ഭാഗമായ അണ. 850 മീറ്ററാണ് ഇതിന്റെ നീളം. ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 775.6 മീറ്ററും. ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ മണ്ണണയാണിത്.
ജലസേചനത്തിനും വൈദ്യുതി ഉല്‍പാദനത്തിനുമായി 1979ല്‍ വിഭാവനം ചെയ്തതാണ് ബാണാസുരസാഗര്‍ പദ്ധതി. 2005ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണിത് കമ്മിഷന്‍ ചെയ്തത്. 7.2 ടി.എം.സിയാണ് ബാണാസുരയുടെ ജലസംഭരണശേഷി. ഇതില്‍ 1.7 ടി.എം.സി ജലസേചനത്തിനും ബാക്കി വൈദ്യുതി ഉല്‍പാദനത്തിനും വിനിയോഗിക്കുന്ന വിധത്തിലായിരുന്നു പദ്ധതിയുടെ ആസൂത്രണം. അണയുടെ കരമാന്‍തോട് തടത്തില്‍ 3200 ഹെക്ടറിലും കുറ്റ്യാടി തടത്തില്‍ 5200 ഹെക്ടറിലും ജലസേചനമെന്ന പദ്ധതി ലക്ഷ്യം പ്രാവര്‍ത്തികമായില്ല. അണയിലെ ജലത്തില്‍ കുറച്ചുപോലും ജലസേചനത്തിനു ഉപയോഗപ്പെടുത്തുന്നില്ല. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കനാലുകളും നീര്‍പാലങ്ങളും നോക്കുകുത്തികളായി. ചിലയിടങ്ങളില്‍ നീര്‍പാലത്തിനായി (അക്വഡക്ട് ) വര്‍ഷങ്ങള്‍ മുന്‍പ് നിര്‍മിച്ച കോണ്‍ക്രീറ്റ് തൂണുകള്‍ അതേപടി നില്‍ക്കുകയാണ്. ജലസേചനം മുന്‍നിര്‍ത്തി കുന്നിടിച്ചും മറ്റുമായിരുന്നു കനാല്‍ നിര്‍മാണം. 2008 ജനുവരിയില്‍ പടിഞ്ഞാറത്തറ പതിനാറാം മൈലിനടുത്ത് കുന്നിടിച്ച് കനാല്‍ നിര്‍മിക്കുന്നതിനിടെ മണ്ണിനടിയില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചിരുന്നു.
സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 2,000 അടി ഉയരത്തിലാണ് ബാണാസുരസാഗര്‍ അണ. 61.44 ചതുരശ്ര കിലോ മീറ്ററാണ് വൃഷ്ടിപ്രദേശം. 1604 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതില്‍ 224 ഹെക്ടര്‍ വനവും 1380 ഹെക്ടര്‍ സ്വകാര്യ ഭൂമിയുമാണ്. 43 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും പദ്ധതിക്കായി ഉപയോഗപ്പെടുത്തി. പടിഞ്ഞാറത്തറ കൂവലത്തോട്കുന്ന് ആദിവാസി കോളനിക്ക് അഭിമുഖമായാണ് ബാണാസുര സാഗര്‍ അണയുടെ ഷട്ടറുകള്‍. ഷട്ടര്‍ തുറന്ന് ഒഴുക്കുന്ന ജലം പുതുശ്ശേരി വഴി പനമരം പുഴയിലാണ് എത്തുന്നത്. പടിഞ്ഞാറത്തറ, കോട്ടത്തറ, എടവക, വെള്ളമുണ്ട പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ ജലക്ഷാമം കൊടിയ വിളനാശത്തിന് കാരണമാകുകയാണ്. ജലസേചനത്തിനു സൗകര്യമില്ലാതെ പാടം തരിശിടുന്ന കര്‍ഷകരും ഈ പഞ്ചായത്തുകളില്‍ നിരവധിയാണ്. എന്നിരിക്കെ കനാലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനും അണയിലെ വെള്ളം ജലസേചനത്തിനു ഉപയോഗപ്പെടുത്താനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വൈദ്യുതി വകുപ്പിന്റെ നിയന്ത്രണത്തിലാണ് ബാണാസുരസാഗര്‍ പദ്ധതി. ഇവിടെയുള്ള ഡാം ടോപ് സൗരോര്‍ജ നിലയത്തില്‍ പ്രതിവര്‍ഷം അഞ്ചുലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."