സ്‌കൂള്‍ സുരക്ഷാ പരിശോധന: വീഴ്ചവരുത്തുന്നവര്‍ക്കെതിരേ നടപടി
കണ്ണൂര്‍: സംസ്ഥാനത്തെ സ്‌കൂളുകളുടെ സുരക്ഷ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഈ അധ്യയനവര്‍ഷം കൊല്ലം, മലപ്പുറം ജില്ലകളിലെ ചില സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ സാഹചര്യം മുന്‍നിര്‍ത്തിയാണ് സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉത്തരവ് നല്‍കിയത്.
ഡി.ഇ.ഒ, എ.ഇ.ഒമാര്‍ തങ്ങളുടെ പരിധിയില്‍പ്പെടുന്ന സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ആദായകരമല്ലെന്ന് കണ്ടെത്തിയ സ്‌കൂളുകളേയും വിലയിരുത്തണം. ഹെഡ്മാസ്റ്റര്‍മാരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്ത് സുരക്ഷാഭീഷണി നേരിടുന്ന സ്‌കൂളുകളുടെ കണക്കെടുക്കണം. അത്തരം സ്‌കൂളുകളുണ്ടെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം തുടര്‍ നടപടി സ്വീകരിക്കാന്‍ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചു.
ഡി.ഇ.ഒ, എ.ഇ.ഒ തലത്തില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് 25നു മുമ്പായി വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."