റോഡ് നിര്‍മാണത്തിന്റെ മറവില്‍ ഗതാഗതം തടസപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം
മാനന്തവാടി: റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പൊടിപടലങ്ങള്‍ ഉണ്ടാകുന്നുവെന്നാരോപിച്ച് ഒരു വിഭാഗം നാട്ടുകാര്‍ വാഹന ഗതാഗതം തടസപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം.
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ മാനന്തവാടി-തവിഞ്ഞാല്‍ റോഡിലെ മാനന്തവാടി മുതല്‍ ചെറുപുഴ വരെയുള്ള രണ്ടര കി.മീ. ദൂരമാണ് ബി.എം.സി പ്രവര്‍ത്തി നടക്കുന്നത്. ചൂട്ടക്കടവിലാണ് കഴിഞ്ഞ ദിവസം മുതല്‍ ഏതാനും നാട്ടുകാര്‍ റോഡില്‍ വൈദ്യുതി, കുടിവെള്ള പൈപ്പ് ലൈനുകള്‍ കുറുകെയിട്ട് ഗതാഗതം തടസപ്പെടുത്തിയത്. ഇതോടെ ചെറുപുഴ, ഒഴക്കോടി, മക്കിക്കൊല്ലി, തവിഞ്ഞാല്‍, മുതിരേരി, കുളത്താട പ്രദേശത്തുള്ളവര്‍ കണിയാരം വഴി ചുറ്റി കറങ്ങിയാണ് മാനന്തവാടിയില്‍ എത്തുന്നത്. ഓട്ടോറിക്ഷക്ക് 40 രൂപ വാടക ഉള്ള സ്ഥലത്ത് റോഡ് തടസപ്പെട്ടതോടെ നൂറ് രൂപ നല്കി ചുറ്റി കറങ്ങി വേണം ലക്ഷ്യസ്ഥാനത്തെത്താന്‍. റോഡ് തടസപ്പെടുത്തിയതിനെതിരേ ജനങ്ങള്‍ രംഗത്ത് വരികയും ഇന്നലെ രാവിലെ ഗതാഗത തടസം നീക്കുകയും ചെയ്തു. എന്നാല്‍ റോഡ് തടസപ്പെടുത്തിയവര്‍ റോഡിന് കുറുകെ ചാല് കീറി ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇതു ചെയ്തതതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ റോഡ് ഗതാഗതം തടസപ്പെടുത്തിയ നടപടിയില്‍ പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തു. സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തിയില്‍ ഭൂരിഭാഗം പ്രവര്‍ത്തകരും അതൃപ്തിയുമായി രംഗത്ത് വന്നിട്ടുണ്ട്. അതിനിടെ റോഡ് നിര്‍മാണം ഇഴഞ്ഞ് നീങ്ങുന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."