നീലഗിരിയില്‍ കാട്ടാനകളുടെ ആക്രമണം തുടര്‍ക്കഥയാകുന്നു
ഗൂഡല്ലൂര്‍: മലയോര-തോട്ടം മേഖലയായ നീലഗിരിയില്‍ കാട്ടാനകളുടെ ആക്രമണം തുടര്‍ക്കഥയാകുന്നു. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ വ്യത്യസ്ത ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഓവാലി ഗാന്ധിനഗറിലെ ജഗനാഥന്റെ മകന്‍ ജയകുമാര്‍ (50) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഓവാലി പഞ്ചായത്തിലെ പെരിയചൂണ്ടി സ്വദേശികളായ ശക്തിവേലുവിന്റെ ഭാര്യ ശകുന്തള (45), സുന്ദര്‍രാജിന്റെ ഭാര്യ ശാന്തി (48) എന്നിവര്‍ക്ക് കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ നിലത്തു വീണ് പരുക്കേറ്റു.
കഴിഞ്ഞദിവസം രാവിലെ 8.30ന് കെല്ലി എസ്റ്റേറ്റിലാണ് ഈ സംഭവം. തേയിലത്തോട്ടത്തില്‍ ജോലിക്കെത്തിയതായിരുന്നു ഇവര്‍. നാടുകാണിയില്‍ മറ്റൊരു കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. നാടുകാണി പാല്‍മേടിലെ ചിന്നസ്വാമിയുടെ മകന്‍ ശിവരാജിനാണ് (26) പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം പാല്‍മേട് ടാന്‍ടി റോഡില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. മൂവരെയും ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ഊട്ടി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് ഗൂഡല്ലൂര്‍ ഡിവൈ.എസ്.പി ശ്രീനിവാസലു, ദേവാല ഡിവൈ.എസ്.പി ശക്തിവേലു, ഡി.എഫ്.ഒ ഡോ. പി.കെ ദിലീപ്, റേഞ്ചര്‍മാരായ രാജേന്ദ്രന്‍, ശരവണന്‍, ഫോറസ്റ്റര്‍ രാധാകൃഷ്ണന്‍, ഗാര്‍ഡുമാരായ സുദീര്‍കുമാര്‍, രാമദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഈ വര്‍ഷം ഇതു രണ്ടാമത്തെയാളാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ജനുവരി എട്ടിന് ചേരങ്കോട് കൊളപ്പള്ളിയില്‍ നാരായണസ്വാമി (70) ആണ് ആദ്യം കൊല്ലപ്പെട്ടത്. കാട്ടാനശല്യം തടയുന്നതിന് ആവശ്യമായ യാതൊരുവിധ നടപടിയും അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന പരാതി ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."