യോഗ പരിശീലനം നിര്‍ബന്ധമാക്കി വീണ്ടും സി.ബി.എസ്.ഇ സര്‍ക്കുലര്‍
തൃശൂര്‍: സ്‌കൂളുകളില്‍ യോഗ പരിശീലനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സി.ബി.എസ്.ഇ സര്‍ക്കുലര്‍ വീണ്ടും. ആറാംക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് എല്ലാദിവസവും യോഗ പരിശീലനം നല്‍കണമെന്നാണ് നിര്‍ദേശം.
ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് യോഗ പരിശീലനം നടത്തണമെന്ന സര്‍ക്കുലര്‍ കഴിഞ്ഞവര്‍ഷവും പുറത്തിറക്കിയിരുന്നെങ്കിലും പൊതുകായിക പരിശീലന പദ്ധതിയുടെ ഭാഗമാക്കിയിരുന്നില്ല. ഇത് കഴിഞ്ഞവര്‍ഷം വിവിധ മതവിശ്വാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
45 മിനുട്ട് നേരം യോഗ പരിശീലനം നടത്തണമെന്നാണ് ഉത്തരവ്. ഇതില്‍ രണ്ട് മിനുട്ട് നമസ്‌കാര മുദ്രയിലും യോഗ മുദ്രാസനയിലും ഇരുന്നുകൊണ്ട് മൂന്നുവട്ടം ഓംകാരം മുഴക്കി അഗ്നിദേവനെ ആരാധിക്കുന്ന സൂക്തം ചൊല്ലണമെന്നാണ് ഉത്തരവ്. കൂടാതെ യോഗയെ അടിസ്ഥാനമാക്കി സംഗീത പരിപാടികള്‍, ആഘോഷങ്ങള്‍, ചര്‍ച്ചകള്‍, ക്വിസ്, ഡ്രോയിങ് മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. അഗ്നിദേവനെ സ്തുതിക്കുന്ന ഐക്യമത സൂക്തത്തിലെ രണ്ടാം ശ്ലോകം എല്ലാ മതവിശ്വാസികളും ചൊല്ലണം. സ്‌കൂള്‍ അസംബ്ലിയില്‍ ആഴ്ചയില്‍ ഒരു ദിവസം യോഗപ്രദര്‍ശനം നിര്‍ബന്ധമാക്കുകയും വേണം.
ഇതിനായി ഒരു യോഗാധ്യാപകനെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട്. യോഗയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വര്‍ഷാവസാന പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പ്രത്യേക ഗ്രേഡും നല്‍കും. ഇന്ത്യയിലേയും വിദേശത്തേയും സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കാണ് പുതിയ ഉത്തരവ് ബാധകമാകുക. അതിനിടെ, വിവിധ മതവിശ്വാസികള്‍ക്കിടയില്‍ വ്യാപക എതിര്‍പ്പിന് കാരണമാകാവുന്ന മതവിരുദ്ധ ചടങ്ങുകളുള്‍ക്കൊള്ളുന്നതാണ് പുതിയ ഉത്തരവെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഇതുകൂടാതെ രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും പ്രവൃത്തിദിവസമാക്കണമെന്ന നിര്‍ദേശവും സി.ബി.എസ്.ഇ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ശനിയാഴ്ച മാത്രം മദ്‌റസാ പഠനം നടത്തുന്ന വിദ്യാര്‍ഥികളെ ദോഷമായി ബാധിക്കുന്നതിനാല്‍ പിന്‍വലിക്കണമെന്നുള്ള ആവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിട്ടുണ്ടെങ്കിലും പുതിയ ഉത്തരവ് ഇതിനകംതന്നെ നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. അഞ്ച് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ശനിയാഴ്ച ക്ലാസ് നടക്കുന്നത്.
സിലബസ് പഠിപ്പിച്ചുതീര്‍ക്കുന്നതിനാണ് ശനിയാഴ്ചയും പ്രവൃത്തിദിവസമാക്കുന്നതെന്നാണ് സി.ബി.എസ്.ഇ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."