കൊവിഡ് ഭീതിക്കിടെ വിവാദ ഓര്‍ഡിനന്‍സ് നീക്കവുമായി സര്‍ക്കാര്‍
കോഴിക്കോട്: കൊവിഡ് ഭീതിക്കിടെ വിവാദ ഓര്‍ഡിനന്‍സ് നീക്കത്തിന് സര്‍ക്കാര്‍ശ്രമം. വിദ്യാഭ്യാസ രംഗത്തെ ഖാദര്‍ കമ്മിറ്റി റിപോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി ഏകീകരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് ഇറക്കിയ ഉത്തരവിന് നിയമ സാധുത ലഭിക്കുന്നതിനായുള്ള ഓര്‍ഡിനന്‍സ് കാലദൈര്‍ഘ്യം വരുത്താനാണ് മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചത്.
സ്‌കൂള്‍ ഏകീകര ഉത്തരവിനെ സാധൂകരിക്കാനായി 1959 ലെ കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ കഴിഞ്ഞ ജൂണിലാണ് ഭേദഗതി വരുത്തിയത്. ഈ ഭേദഗതികള്‍ 1958ലെ വിദ്യാഭ്യാസ നിയമത്തിന് വിരുദ്ധമായിരുന്നതിനാല്‍ 1958ലെ നിയമത്തിലും സര്‍ക്കാര്‍ ഭേദഗതികള്‍ വരുത്തി ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. എന്നാല്‍ ഈ ഭേദഗതിക്കെതിരേ കേരളാ ഹയര്‍ സെക്കന്‍ഡറി ടീചേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുല്‍ ലത്തീഫ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്തു. തുടര്‍ന്ന് നിയമസഭാ സമ്മേളനങ്ങളില്‍ ഓര്‍ഡിനന്‍സ് ബില്ലാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിലാണ് ഇപ്പോള്‍ മന്ത്രിസഭ പുനര്‍വിളംബരംചെയ്ത് ഗവര്‍ണറുടെ പരിഗണനയിലേക്ക് അയച്ചിരിക്കുന്നത്. 2020 ലെ കേരള വിദ്യാഭ്യാസ ( ഭേദഗതി) ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ എട്ട് ഓര്‍ഡിനന്‍സുകളാണ് പുനര്‍വിളംബരം ചെയ്യാന്‍ കഴിഞ്ഞ ദിവസം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിനെതിരേ ഗവര്‍ണര്‍ക്ക് അധ്യാപക സംഘടനകള്‍ പരാതി നല്‍കാനൊരുങ്ങുകയാണ്. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഭേദഗതി, ചരക്ക് സേവന നികുതി, സഹകരണ സംഘം , കര്‍ഷകത്തൊഴിലാളി, കേരള തൊഴിലാളി ക്ഷേനിധി തുടങ്ങിയവയുടെ ഭേദഗതി ഓര്‍ഡിനന്‍സുകളാണ് പുനര്‍വിളംബരം ചെയ്യാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."