കോഴിത്തീറ്റ വാഹനങ്ങളും തമിഴ്‌നാട് തടയുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
സ്വന്തം ലേഖകന്‍
മുക്കം: കൊവിഡ് 19 വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴിത്തീറ്റ വരവ് നിലച്ചത് സംസ്ഥാനത്തെ കോഴി കര്‍ഷകരെ ആശങ്കയിലാക്കുന്നു. രണ്ടു ദിവസത്തേക്കുള്ള തീറ്റ മാത്രമേ നിലവില്‍ സ്റ്റോക്കുള്ളൂവെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (പി.എഫ്.എ) ഭാരവാഹികള്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ ഈറോഡ് നിന്നാണ് സംസ്ഥാനത്തേക്ക് കോഴിത്തീറ്റയെത്തുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈറോഡുനിന്ന് വണ്ടി കടത്തിവിടാന്‍ തമിഴ്‌നാട് പൊലിസ് ഉദ്യോഗസ്ഥര്‍ അനുവദിക്കാത്തതാണ് കോഴിത്തീറ്റ ക്ഷാമത്തിന് കാരണമായത്.
പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമുള്ള തീറ്റ അവശ്യവസ്തു വിഭാഗത്തിലാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് അവഗണിച്ചാണ് തമിഴ്‌നാട് അധികൃതര്‍ മുഴുവന്‍ നിബന്ധനകളും പാലിച്ചുവരുന്ന ഇത്തരം വണ്ടികള്‍ തടയുന്നത്. ഇതുമൂലം സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം കോഴി കര്‍ഷകരാണ് പ്രതിസന്ധിയിലായത്. പക്ഷിപ്പനി ഭീതി അകന്നതോടെ വിഷു, ഈസ്റ്റര്‍, പെരുന്നാള്‍, വേനലവധി എന്നിവ മുന്നില്‍കണ്ട് മിക്കവാറും മുഴുവന്‍ ഫാമുകളിലും കോഴികള്‍ ഉണ്ട്. തീറ്റ വരാതെ ഇവയെ എങ്ങനെ നിലനിര്‍ത്തുമെന്നാണ് കര്‍ഷകരുടെ ആശങ്ക. സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കോഴിത്തീറ്റ വണ്ടി തമിഴ്‌നാട് അതിര്‍ത്തി കടത്തിവിടാന്‍ നടപടിയുണ്ടാക്കണമെന്നാണ് പി.എഫ്.എ ആവശ്യപ്പെടുന്നത്. കഴിഞ്ഞ പ്രളയകാലത്ത് പ്രത്യേക ബോഗികള്‍ സജ്ജീകരിച്ചാണ് തമിഴ്‌നാട്ടിലെ വ്യാപാരികള്‍ കേരളത്തിലേക്ക് തീറ്റ എത്തിച്ചിരുന്നത്. പ്രളയവും പക്ഷിപ്പനിയും നഷ്ടമാക്കിയ കച്ചവടം ഈ സീസണില്‍ തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന കോഴി കര്‍ഷകര്‍ തീറ്റ വരവ് നിലച്ചതോടെ നിരാശയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."