'മാഡം, ആ പണം തിരിച്ചടച്ചേക്കൂ'...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി ചിഹ്നമായ പ്രതിമകള്‍ സ്ഥാപിക്കാന്‍ ചെലവഴിച്ച പൊതുപണം ബി.എസ്.പി നേതാവ് മായാവതി തിരിച്ചടക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ഗോഗോയ്. ഇതു സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
'മാഡം മായാവതി, ആന പ്രതിമകള്‍ സ്ഥാപിക്കാന്‍ നിങ്ങള്‍ ചെലവഴിച്ച പൊതുപണം തിരിച്ചടച്ചേക്കൂ. മായാവതി സ്വന്തം പോക്കറ്റില്‍ നിന്ന് ഈ പണം തിരിച്ചു നല്‍കേണ്ടി വരുമെന്നാണ് തങ്ങളുടെ അനുമാനം'- മായാവതിയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ഖന്നയോടായി കോടതി പറഞ്ഞു. 10 വര്‍ഷം പഴക്കമുള്ള കേസിലെ അന്തിമവാദം ഏപ്രില്‍ രണ്ടിന് നടത്താനും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സജ്ഞീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ച് തീരുമാനിച്ചു.
വിചാരണ മെയിലേക്ക് മാറ്റണമെന്ന മായാവതിയുടെ സഹായിയും അഭിഭാഷകനുമായ സതീഷ് മിശ്രയുടെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. നോയിഡയിലെ പാര്‍ക്കുള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ മായാവതി ഖജനാവില്‍ നിന്ന് പണമെടുത്ത് തെരഞ്ഞെടുപ്പ് ചിഹ്നമായ ആനകളുടെ പ്രതിമകള്‍ സ്ഥാപിച്ചിരുന്നു. ഇതിനെതിരേ രവികാന്ത് എന്ന അഭിഭാഷകനാണ് 2009ല്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഇതു സംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം. 52.20 കോടി ചെലവിട്ടാണ് പ്രതിമകള്‍ സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."