ഊടും പാവും നെയ്ത് മടക്കം
കണ്ണൂര്‍: പി.പി ലക്ഷ്മണന്റെ വിയോഗത്തോടെ നഷ്ടമായതു കണ്ണൂരില്‍ നിന്നുയര്‍ന്ന് ഫിഫ അപ്പീല്‍ കമ്മിറ്റി അഗം വരെയെത്തിയ മികച്ച ഫുട്‌ബോള്‍ സംഘാടകനെ. 1953 ഫെബ്രുവരി 10നു കക്കാട് പള്ളിക്കണ്ടി കുമാരന്റെയും അലവിലിലെ പൂവേന്‍ രോഹിണിയുടെയും മക്കളില്‍ മൂന്നാമനായി ജനിച്ച ലക്ഷ്മണന്റെ ജീവിതത്തിന്റെ തുടക്കം ദാരിദ്ര്യത്തിന്റെ കയ്പ് നിറമായിരുന്നു. സ്വന്തം പ്രയത്‌നം കൊണ്ട് പടുത്തുയുര്‍ത്തിയ ബഹുമതി ലോകമാകെ പരത്തിയാണു ലക്ഷ്മണന്റെ മടക്കം. ഒന്നുമില്ലായ്മയില്‍ നിന്നാരംഭിച്ച് ഒടുവില്‍ എല്ലാറ്റിനുമധിപനായി മാറിയപ്പോഴും തന്റെ ദരിദ്ര ബാല്യത്തെകുറിച്ച് അവസാനകാലം വരെ കൂടെയുള്ളവരെ ഓര്‍മപ്പെടുത്തുമായിരുന്നു ലക്ഷ്മണന്‍. തികച്ചും ദരിദ്രമായ ചുറ്റുപാടില്‍ നിന്നു വളര്‍ന്നുയര്‍ന്ന ലക്ഷ്മണന്‍ തന്റെ ആഫ്രിക്കന്‍ യാത്രയില്‍ ആദ്യമായി കൊണ്ടുപോയ നീളന്‍ ഇരുമ്പ് ട്രങ്ക് പെട്ടി ജീവിതാവസാനം വരെ നിധിപോലെയാണു സൂക്ഷിച്ചത്. ഇക്കാര്യം 'ഊടും പാവും' എന്ന തന്റെ ആത്മകഥയില്‍ അദ്ദേഹം പറയുന്നുണ്ട്.
തിരിച്ചുപോകണമെന്ന ആഗ്രഹവുമായി ആഫ്രിക്കയില്‍ നിന്നു അവധിക്കു നാട്ടിലെത്തിയ ലക്ഷ്മണന്‍ വ്യവസായിയെന്ന കുപ്പായം അണിഞ്ഞു. കണ്ണൂര്‍ തെക്കി ബസാറില്‍ ഹൈദരാബാദുകാര്‍ നടത്തി നഷ്ടത്തിലായ രണ്ടു പ്ലൈവുഡ് കമ്പനികള്‍ ഏറ്റെടുത്ത അദ്ദേഹത്തിനു ചുവടുപിഴച്ചില്ല. കാനന്നൂര്‍ പ്ലൈവുഡ്‌സ് ആന്‍ഡ് ടിമ്പര്‍ പ്രൊഡക്ട്‌സ് എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനത്തിനൊപ്പം പില്‍കാലത്ത് ലക്ഷ്മണനെന്ന വ്യാവസായിയുടെ മികവും വളര്‍ന്നു.
ആഫ്രിക്കയിലേക്കു മടങ്ങണമെന്ന ആഗ്രഹം ഒടുവില്‍ ഉപേക്ഷിച്ച ലക്ഷ്മണന്‍ പന്ത് തട്ടുന്ന വേഗത്തിലാണു ഫുട്‌ബോള്‍ മേഖലയില്‍ വളര്‍ന്നു പന്തലിച്ചത്. കണ്ണൂര്‍ സില്‍വര്‍ സ്റ്റാര്‍ ക്ലബ് വഴി ഫുട്‌ബോള്‍ രംഗത്തെത്തിയ ലക്ഷ്മണന്‍ ഡോ. മാധവനൊപ്പം കേനന്നൂര്‍ സ്പിരിറ്റഡ് യൂത്ത്‌സ് ക്ലബിലും ഒരുമിച്ചു പ്രവര്‍ത്തിച്ചു.
ഇവിടെ നിന്നാണു കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി, എഷ്യാ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്, ഫിഫ അപ്പീല്‍ കമ്മിറ്റിയംഗം എന്നീ നിലകളില്‍ വരെയെത്തിയത്. ലക്ഷ്മണന്റെ സംഘാടനമികവ് കണ്ട് അടച്ചിട്ട കണ്ണൂര്‍ സഹകരണ സ്പിന്നിങ് പുനരുദ്ധാരണ നടപടിയുടെ ഭാഗമായി ചെയര്‍മാന്‍ സ്ഥാനത്തേക്കും സര്‍ക്കാര്‍ അദ്ദേഹത്തെ പരിഗണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."