കര്‍മവീഥികളില്‍ നവസംരംഭങ്ങളുമായി എസ്.കെ.എസ്.എസ്.എഫ് ട്രൈസനേറിയം
കോഴിക്കോട്: നിലപാടുകളുടെ കരുത്ത്; വ്യതിയാനങ്ങളുടെ തിരുത്ത് എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് മുപ്പതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം 'ട്രൈസനേറിയ'ത്തിന് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ശാഖകളില്‍ നിന്ന് പ്രധാന പ്രവര്‍ത്തകരും പ്രസ്ഥാന ബന്ധുക്കളുമടക്കം ആയിരങ്ങളെത്തുന്ന പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഒരു വര്‍ഷക്കാലം നടക്കുന്ന ആഘോഷ പരിപാടികളില്‍ സംഘടനക്ക് കീഴിലുള്ള 17 ഉപവിഭാഗങ്ങളും ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയമായ പദ്ധതികള്‍ വ്യവസ്ഥാപിതമായി പൂര്‍ത്തിയാക്കും. അതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മാണത്തിലിരിക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പദ്ധതികള്‍ ലക്ഷ്യമാക്കിയുള്ള സംരംഭങ്ങള്‍ വാര്‍ഷികാഘോഷ കാലയളവില്‍ പ്രവര്‍ത്തനമാരംഭിക്കും.
സമഹത്തില്‍ വളര്‍ന്നു വരുന്ന പുതുതലമുറയുടെ അഭിരുചിയനുസരിച്ച് ധാര്‍മികതയിലൂന്നി പ്രവര്‍ത്തിക്കാവുന്ന വിപുലമായ സംഘടനാ ഘടനയാണ് ഇന്ന് എസ്.കെ.എസ്.എസ്.എഫിനുള്ളത്.
അതിനു വേണ്ടി മത കലാലയങ്ങളിലും പൊതുവിദ്യാലയങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രത്യേകം വിങുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പ്രീ സ്‌കൂള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസരംഗം വരെയുള്ള വിവിധ പദ്ധതികളിലായി സംഘടനക്ക് കീഴില്‍ നിരവധി വിദ്യാര്‍ഥികള്‍ പഠന, പരിശീലനങ്ങള്‍ നടത്തി വരുന്നുണ്ട്. ആദര്‍ശ പ്രചാരണം, സന്നദ്ധ സേവനം, ആതുരസേവനം, പ്രസംഗ- രചനാ പരിശീലനങ്ങള്‍, സൈബര്‍ ഇടപെടലുകള്‍, സാംസ്‌കാരിക മേഖലയില്‍ ഇടപെടുന്ന മനീഷ, പ്രവാസി ക്ഷേമ പരിപാടികള്‍, പുതു തലമുറയുടെ നേതൃമികവ് ലക്ഷ്യമാക്കിയുള്ള 'ലീഡര്‍ 2020' തുടങ്ങിയ പദ്ധതികളുടെ തുടര്‍ പരിപാടികള്‍ ആഘോഷ കാലയളില്‍ പ്രവര്‍ത്തനമാരംഭിക്കും.
ഫെബ്രുവരി 20ന് വൈകിട്ട് 4 മണിക്ക് കുറ്റിപ്പുറം ദേശീയ പാതയോരത്ത് പ്രത്യേകം സംവിധാനിക്കുന്ന ട്രൈസനേറിയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക ഘടകങ്ങളുടെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളെ അധികരിച്ച് പ്രമുഖ വ്യക്തിത്വങ്ങളുടെ പഠന പ്രഭാഷണങ്ങള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."