ബജറ്റില്‍ ഉറങ്ങാന്‍ കുറേ തൊഴിലുകള്‍
എന്‍. അബു#
ഇന്റര്‍നെറ്റില്‍ ഈയിടെ ഒരു കഥ വായിച്ചു. വൃദ്ധനും രോഗിയുമായ ഒരു കാരണവര്‍. അസുഖം കൂടുതലായപ്പോള്‍ രണ്ടുമൂന്നു സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ വിളിച്ചു. വലിയ രക്ഷയൊന്നും കാണുന്നില്ല. മൂന്നുനാലു മാസത്തിനപ്പുറം ആയുസ് നീട്ടിക്കൊണ്ടു പോകാന്‍ ഒക്കുമെന്ന് ഡോക്ടര്‍മാര്‍ക്കൊന്നും അഭിപ്രായവുമില്ല. ശുശ്രൂഷകരായി എത്തിയ അവര്‍, മക്കളെയും മരുമക്കളെയും അറിയിച്ചു. ഡോക്ടര്‍മാരുടെ വിദഗ്ദാഭിപ്രായം എന്താണെന്നു കാരണവര്‍ ആവര്‍ത്തിച്ചു തിരക്കിയപ്പോള്‍, ഒരാള്‍ അറച്ച് അറച്ചാണെങ്കിലും വിവരം പറഞ്ഞു.
വൃദ്ധനായ പിതാവ്: 'അതാണോ കാര്യം. അതിലെന്ത് പരിഭവം, ഞാന്‍ ഇത്രയും കാലം ജീവിച്ചില്ലേ'.
അദ്ദേഹം പരിചയക്കാരനായ ഒരു വക്കീലിനെ ഫോണ്‍ ചെയ്തു വരുത്തി പറഞ്ഞു. 'വക്കീല്‍ സാറേ, എന്റെ സ്വത്തു ഭാഗംവയ്ക്കണം.'
'മൂത്തമകന് അഞ്ചേക്കര്‍ തോട്ടവും പത്തുലക്ഷംരൂപയും, രണ്ടാമനു പട്ടണക്കവലയിലെ മൂന്നു കടകളും അല്‍പം അകലെയുള്ള രണ്ടേക്കര്‍ പൈനാപ്പിള്‍ തോട്ടവും, ഇളയവന് വീടിനോടു ചേര്‍ന്നുള്ള മൂന്നേക്കര്‍ പറമ്പ്. എന്റെ കാലശേഷം വീട് മൂന്നുപേര്‍ക്കും കൂടിയാവട്ടെ.' കേട്ടുനിന്നവര്‍ എല്ലാ ദുഃഖങ്ങളും മറന്നു. മറ്റാരും കാണാതെയെങ്കിലും സന്തോഷം കൊണ്ട് അവര്‍ക്കാര്‍ക്കും ഇരിക്കാന്‍ വയ്യ.
കാര്‍ന്നോര്‍ ഇതും പറഞ്ഞ്, ചാരുകസേരയില്‍ മലര്‍ന്നു കിടക്കുന്നത് കണ്ട് വക്കീല്‍ ചോദിച്ചു: 'എന്താ സാറേ, വല്ലതും തെറ്റിയോ വല്ലതും വിട്ടുപോയോ' അദ്ദേഹം കസേരയില്‍ നിന്ന് അല്‍പം മുന്നോട്ടാഞ്ഞു കൈപ്പിടിയില്‍ ഒന്നു ആഞ്ഞു അമര്‍ത്തിക്കൊണ്ട് തുടര്‍ന്നു: 'അതല്ല വക്കീല്‍സാറെ, അടുത്ത നാലഞ്ചു മാസങ്ങള്‍ക്കുള്ളില്‍ ഇതൊക്കെ ഞാന്‍ എങ്ങനെ ഉണ്ടാക്കുമെന്ന് ആലോചിക്കുകയായിരുന്നു'.
ആകാശക്കോട്ടകള്‍ കെട്ടി, പാര്‍ലമെന്റിലും നിയമസഭകളിലും മറ്റും നടത്തുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കേട്ടപ്പോള്‍ ഇക്കഥയാണ് ഓര്‍ത്തുപോയത്. 'സബ്‌കേ സാഥ്, സബ് കാ വികാസ്' എന്നു പറഞ്ഞു കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നമ്മെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ 'നവോത്ഥാനം' പറഞ്ഞാണ് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക് നമ്മെ കൈയിലെടുക്കാന്‍ ഒരുമ്പെടുന്നത്. നോട്ട് നിരോധനത്തോടെ ഇന്ത്യയിലാകെ സാമ്പത്തിക വ്യവസ്ഥ വളരെയേറെ മെച്ചപ്പെട്ടു നില്‍ക്കുന്നുവെന്നാണ് മോദി സര്‍ക്കാറിന്റെ നിലപാട്. കേരളത്തിലാകട്ടെ നേരത്തെ സംസ്ഥാനമന്ത്രിസഭ എതിര്‍ത്ത ചരക്കുസേവന നികുതി, വലിയ പ്രതീക്ഷകളുണ്ടെന്നു പറഞ്ഞു പിണറായി സര്‍ക്കാര്‍ പിന്താങ്ങുകയുമായിരുന്നു.
സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുന്നുവെന്നും ജനത്തിനു തൊഴില്‍ അല്ലെങ്കില്‍ തൊഴില്‍ ഉറപ്പെങ്കിലും കിട്ടിവരുന്നുവെന്നും ഡല്‍ഹിയും തിരുവനന്തപുരവും മത്സരിച്ചു പറയുമ്പോള്‍ ഇരുവരും അപരരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് 2019ന്റെ തമാശ. പ്രഖ്യാപനങ്ങള്‍ക്കു പഞ്ഞമില്ല. എന്നാല്‍ 45 വര്‍ഷത്തിനിടയില്‍ രാജ്യം ഇന്നു നേരിടുന്നത് ഏറ്റവും വലിയ തൊഴിലില്ലായ്മയാണെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ സാംപിള്‍ സര്‍വേ ഓഫിസ് കണ്ടെത്തിയിരിക്കുന്നത്. ഗ്രാമീണ വനിതകള്‍ക്കിടയില്‍ പരമാവധി പതിനഞ്ചു ശതമാനമായിരുന്ന തൊഴിലില്ലായ്മ 2017-18ല്‍ പതിനേഴ് ശതമാനം കടന്നുവെന്നും പുരുഷന്മാര്‍ക്കിടയിലേത് നാലര ശതമാനമായിരുന്നത് പത്തര ശതമാനമായി ഉയര്‍ന്നുവെന്നുമാണ് എന്‍.എസ്.എസ്.ഒ പറയുന്നത്.
ഗ്രാമങ്ങളില്‍ യുവാക്കള്‍ക്കിടയിലാകട്ടെ തൊഴിലില്ലായ്മ അഞ്ചു കൊല്ലത്തെ എന്‍.ഡി.എ ഭരണത്തിനിടയില്‍ മൂന്നിരട്ടിയിലേറെ വര്‍ധിച്ചു. ഒന്നരക്കോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിന്റെ ചെങ്കോലേന്തിയ മോദി സര്‍ക്കാര്‍ കാണുന്നത്, 2017-18ല്‍ മാത്രം ആറരക്കോടിയാണ് തൊഴില്‍ രഹിതര്‍ എന്നാണ്. എന്നാല്‍ പാര്‍ലമെന്റില്‍ മോദി പറയുന്നു - കോടിക്കണക്കിനു പേര്‍ക്കു തൊഴില്‍ നല്‍കി എന്ന്. അപ്പോഴും കണക്കു പറയുന്നുമില്ല.
ദേശീയ സ്റ്റാറ്റസ്റ്റിക്കല്‍ കമ്മീഷനും അംഗീകരിച്ച എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ട് കൈയിലിരിക്കേയാണ് സര്‍ക്കാരിന്റെ ഈ നിലപാട്. റിപ്പോര്‍ട്ട് പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് മലയാളിയായ ചെയര്‍മാന്‍ പി.സി മോഹനും അംഗം ജെ.വി മീനാക്ഷിയും രാജിവയ്ക്കുകയും ചെയ്തു. സര്‍ക്കാര്‍ പൂഴ്ത്തിവച്ച റിപ്പോര്‍ട്ട് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എന്ന ഇംഗ്ലീഷ് പത്രമാണ് തപ്പിയെടുത്തു പുറത്തുകൊണ്ടുവന്നത്. റിപ്പോര്‍ട്ട് ഇപ്പോഴും പരിശോധനയിലാണെന്നു പറഞ്ഞു കൈകഴുകാനാണ് കേന്ദ്ര ഗവണ്‍മെന്റ് ശ്രമിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ വരെ 21 സംസ്ഥാനങ്ങള്‍ ഭരിച്ച എന്‍.ഡി.എയ്ക്കു തുടര്‍ന്നു രാജസ്ഥാനും മധ്യപ്രദേശും ഛത്തിസ്ഗഡും നഷ്ടപ്പെട്ടനിലയാണല്ലോ. അക്കാരണത്താല്‍ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മാസങ്ങള്‍ക്കുള്ളില്‍ വരാനിരിക്കെ റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുക തന്നെയാണ് വേണ്ടതെന്നു ബി.ജെ.പി നേതൃത്വം വിശ്വസിക്കുന്നതാവാം. അപ്പോഴും അവര്‍ കള്ളപ്പണം ഏറെ പിടികൂടിയെന്നും നികുതിവെട്ടിപ്പ് ഏറെ തടഞ്ഞെന്നും അവകാശപ്പെടാന്‍ മടിക്കുന്നുമില്ല. അങ്ങനെയൊരു വൈക്കോല്‍ തുരുമ്പ് പിടിച്ചാണ് അവര്‍ അടുത്ത ബാലറ്റ് യുദ്ധത്തെ നേരിടാന്‍ പോകുന്നത് എന്നര്‍ഥം.
ഇടക്കാല ബജറ്റില്‍ 60,000 കോടി രൂപ വകയായിരുത്തിയിട്ടുണ്ടെന്നും അത് മഹാത്മാഗാന്ധിയുടെ പേരില്‍ പ്രഖ്യാപിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഉത്തേജനം നല്‍കുമെന്നും മന്ത്രി ഗോയല്‍ പറയുന്നുണ്ട്. എന്നാല്‍ നടപ്പു വര്‍ഷം ഈ വകയില്‍ ചെലവായ 61,084 കോടിയേക്കാള്‍ ആയിരം കോടി കുറവാണ് ഈ സംഖ്യ.
കേരളത്തിന്റെ കാര്യമാണെങ്കില്‍ 42 ലക്ഷം പേര്‍ക്കു ഗുണം ചെയ്യുന്ന ക്ഷേമപെന്‍ഷന്‍ വരുന്നുവെന്നും കുട്ടനാട് പാക്കേജിന് 1000 കോടി നല്‍കുമെന്നു കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 3500 കോടി രൂപ വായ്പ നല്‍കുമെന്നുമൊക്കെ വലിയ വാഗ്ദാനങ്ങളാണ് ധനമന്ത്രി ഐസക് നിയമസഭയില്‍ പ്രഖ്യാപിച്ചത്. 6000 കോടിയുടെ തീരദേശ ഹൈവേ കൂടി അദ്ദേഹം വാഗ്ദാനം ചെയ്യുന്നുമുണ്ട്.
ഈ ഉറപ്പുകള്‍ നല്‍കുമ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പൊതുവിപണിയില്‍ നിന്നു 1000 കോടി രൂപ അടിയന്തരമായി കടമെടുക്കാന്‍ റിസര്‍വ് ബാങ്കുമായി കേരളം ചര്‍ച്ച ആരംഭിച്ചിട്ടുമുണ്ട്. അതേസമയം തൊഴിലില്ലാത്തവരുടെ എണ്ണം കേരളത്തിലും വര്‍ധിച്ചു കൊണ്ടേ ഇരിക്കുന്നതായാണ് എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കുന്ന വിവരം. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ മന്ത്രാലയത്തിന്റെ 2015-16ലെ സര്‍വേ അനുസരിച്ച് ഏറ്റവും ഉയര്‍ന്ന തൊഴില്‍രാഹിത്യം (12.5 ശതമാനം) കേരളത്തിലാണ്. ദേശീയ ശരാശരിയേക്കാള്‍ അഞ്ച്് ശതമാനം കൂടുതലാണിത.് സിക്കിം, ത്രിപുര, ഹിമാചല്‍ പ്രദേശ് എന്നീ ചെറിയ സംസ്ഥാനങ്ങള്‍ മാത്രമാണ് കേരളത്തെക്കാള്‍ മോശമായ നിലയിലുള്ളത്. എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ നല്‍കുന്ന കണക്കുകള്‍ പറയുന്നത് 8026, ഡോക്ടര്‍മാരും 42,597 എന്‍ജിനീയര്‍മാരുമടക്കം 35.89 ലക്ഷം പേരാണ് ഇവിടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തു കിടക്കുന്നതെന്നാണ്. ജോലി ലഭിച്ചവരാകട്ടെ 2017ല്‍ 11,647 പേരും 2018ല്‍ 11,809 പേരുമാണ്.
സാങ്കേതിക വിദ്യാഭ്യാസ മേഖലയാകെ വിവരസാങ്കേതിക വിദ്യക്ക് വഴിമാറിക്കൊടുക്കുകയും വിദേശങ്ങളില്‍ നിന്നുപോലും നമ്മുടെ യുവ എന്‍ജിനീയര്‍മാര്‍ക്ക് മടങ്ങിപ്പോരേണ്ടിവരികയും ചെയ്യുമ്പോള്‍ കേരളത്തെ തീറ്റിപ്പോറ്റുന്ന ഗള്‍ഫ് രാജ്യങ്ങളെ കുറ്റംപറഞ്ഞിട്ടു കാര്യമില്ലല്ലോ. ബദല്‍ സംവിധാനം ഒരുക്കാന്‍ നമ്മുടെ സംസ്ഥാന ഗവണ്‍മെന്റ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ബജറ്റ് പ്രസംഗത്തിലെ വെറും വാചകമടികള്‍ കൊണ്ട് രക്ഷപ്പെടുത്താന്‍ കഴിയുകയില്ല എന്നര്‍ഥം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."