നവീകരണം റദ്ദാക്കിയാല്‍ ബഹുജന പ്രക്ഷോഭമെന്ന് സംരക്ഷണ സമിതി
വടകര: ദേശീയപാതയിലെ പാലോളിപ്പാലത്തെ പാലം നിര്‍മിക്കാന്‍ ക്ഷണിച്ച ടെന്‍ഡറുകള്‍ മരവിപ്പിച്ച നടപടിക്കെതിരെ ബഹുജന പ്രക്ഷോഭം ആരംഭിക്കാന്‍ സംരക്ഷണ സമിതി തീരുമാനിച്ചു. പാലോളിപ്പാലം-കരിമ്പനപ്പാലം എന്നിവിടങ്ങളില്‍ നവീകരണവും രണ്ട് കിലോമീറ്റര്‍ റോഡ് നിര്‍മാണവും, ഭാവിയില്‍ നാലുവരിപ്പാത നിര്‍മിക്കുമെന്ന കാരണം പറഞ്ഞ് റദ്ദ് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പാലം സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കരിമ്പനപ്പാലത്തിനും അനുബന്ധറോഡിനും 10 കോടി 38 ലക്ഷം രൂപയും. പാലോളിപ്പാലത്തിനും റോഡിനും 10 കോടി 37 ലക്ഷം രൂപയുമാണ് എസ്റ്റിമേറ്റ് തുക.
12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തിയുടെ ടെന്‍ഡര്‍ നല്‍കേണ്ട അവസാന തിയതി ജനുവരി 10നും ടെക്‌നിക്കല്‍ ബിഡ്ജ് തുറക്കേണ്ട തിയതി 16നുമായിരുന്നു. എന്നാല്‍ ടെന്‍ഡര്‍ ക്വാട്ട് ചെയ്തവരുടെ കരാര്‍ തുക എത്രയെന്ന് പരിശോധിച്ച് വര്‍ക്ക് ഓര്‍ഡര്‍ നല്‍കാനുള്ള പ്രൈസ് ബിഡ് ഓപ്പണിങ് രണ്ട് മാസമായും ചെയ്യാതെ ഇപ്പോള്‍ വിളിച്ച ടെന്‍ഡര്‍ റദ്ദ് ചെയ്യാനാണ് ദേശീയപാത അതോറിറ്റി ശ്രമിച്ചതെന്നും സംരക്ഷണ സമിതി ആരോപിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ചതും നിലവില്‍ പൊട്ടിപ്പൊളിഞ്ഞതുമായ പാലം ഏഴ് മീറ്റര്‍ വീതിയിലും വളവിലും ബസ് സ്‌റ്റോപ്പിന് അരികിലുമായതിനാല്‍ അപകടങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
പന്ത്രണ്ടോളം അപകട മരണങ്ങളാണ് ഇവിടെ നടന്നത്. വാഹനങ്ങള്‍ പാലത്തിന് ഇടിക്കുന്നത് മൂലം അറ്റകുറ്റപ്പണികള്‍ നടത്താന്‍ തന്നെ കോടികള്‍ ചിലവായിട്ടുണ്ട്.
ഇതിനിടയിലാണ് റോഡും പാലവും നിര്‍മിക്കാന്‍ വിളിച്ച ടെന്‍ഡര്‍ റദ്ദ് ചെയ്തത്.
ചില ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്‍പര്യം മൂലം റദ്ദാക്കിയ ടെന്‍ഡര്‍ പുനഃപരിശോധന നടത്താന്‍ തയാറായില്ലെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കാനാണ് പാലം സംരക്ഷണ സമിതിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."