ഭര്‍ത്താവ് പിടിയിലെന്ന് സൂചന
പൊള്ളലേറ്റു മെഡിക്കല്‍ കോളജില്‍ കഴിഞ്ഞിരുന്ന ജീതു മെയ് ഒന്നിനു പുലര്‍ച്ചെയാണു മരിച്ചത്
പുതുക്കാട്: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ ദലിത് യുവതിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പുതുക്കാട് പൊലിസിന്റെ പിടിയിലായതായി സൂചന.
സംഭവത്തിനു ശേഷം ഒളിവില്‍പോയ കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവിനെ മഹാരാഷ്ട്രയില്‍ നിന്നു പുതുക്കാട് പൊലിസ് പിടികൂടിയെന്നാണു വിവരം.
29നു ഉച്ചക്ക് കുണ്ടുകടവ് റോഡില്വച്ചാണു ഇയാള്‍ ഭാര്യയായ ജീതു(29)വിനെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്. പൊള്ളലേറ്റു മെഡിക്കല്‍ കോളജില്‍ കഴിഞ്ഞിരുന്ന ജീതു മെയ് ഒന്നിനു പുലര്‍ച്ചെയാണു മരിച്ചത്. കൃത്യം നടത്തിയതിനു ശേഷം പ്രതി മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട് പാലക്കാട്ട് എത്തി ട്രെയിന്‍ കയറി മഹാരാഷ്ട്രയിലേക്കു കടക്കുകയായിരുന്നുവെന്നാണു പറയുന്നത്. ഇയാള്‍ എഴുതിയ ആത്മഹത്യാകുറിപ്പ് വീട്ടില്‍ നിന്ന് പൊലിസ് കണ്ടെത്തിയിരുന്നു. പുതുക്കാട് സി.ഐ എസ്.പി സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. സ്ഥലം സന്ദര്‍ശിച്ചു അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കുടുംബശ്രീ ജില്ലാ മിഷന് മേധാവിയോട് മനുഷ്യാവകാശ കമ്മിഷന് പി മോഹന്‍ദാസ് നിര്‍ദേശിച്ചു. യുവതി കുടുംബശ്രീയോഗത്തിനെത്തിയപ്പോഴായിരുന്നു സംഭവമെന്നതിനാലാണിത്.
റൂറല്‍ പൊലിസ് മേധാവിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ സംഭവത്തില്‍ നാട്ടുകാരെ കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്ന് ജില്ലാ റൂറല്‍ എസ്.പി യതീഷ്ചന്ദ്ര പറഞ്ഞു.
തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതിയുടെ ഭര്‍ത്താവു കൂടിയായ പ്രതി ബിരാജു വളരെ ആസൂത്രിതമായി ചെയ്ത കൃത്യമാണിത്. സെക്കന്റുകള്‍ക്കകമാണ് കൃത്യം നടത്തിയത്.
അതിനാല്‍ തന്നെ സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇതില്‍ നാട്ടുകാരെ കുറ്റപ്പെടുത്തുന്നതില്‍ യാതൊരര്ഥവുമില്ലെന്നും എസ്.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."