അസിമാനന്ദയെ വെറുതെവിട്ടത് എന്‍.ഐ.എ ചോദ്യംചെയ്യും
ന്യൂഡല്‍ഹി: സംഘപരിവാരം പ്രതിസ്ഥാനത്തുള്ള അജ്മീര്‍ സ്‌ഫോടനക്കേസില്‍ മുഖ്യ ആസൂത്രകന്‍ സ്വാമി അസിമാനന്ദയുള്‍പ്പെടെയുള്ള ഏഴുപേരെ വെറുതെവിട്ട വിചാരണക്കോടതി നടപടിയെ എന്‍.ഐ.എ ചോദ്യംചെയ്യും. അസിമാനന്ദയുള്‍പ്പെടെയുള്ളവര്‍ക്കെതിരേ മതിയായ തെളിവുകളുണ്ടെന്ന് പബ്ലിക് പ്രോസികൂട്ടര്‍ അശ്വിനി ശര്‍മ പറഞ്ഞു.
മൊത്തം 149 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 29 പേര്‍ കൂറുമാറിയതും അസിമാനന്ദയ്‌ക്കെതിരായ കേസില്‍ പരാജയപ്പെടാന്‍ കാരണമായി. ഇതില്‍ പലസാക്ഷികളുടെ മൊഴികളും സി.ആര്‍.പി.സി 164 പ്രകാരം മജിസ്‌ട്രേറ്റിനു മുന്‍പാകെ നല്‍കിയതാണ്. കേസില്‍ ശിക്ഷ പ്രഖ്യാപിക്കുന്ന ഈ മാസം 16 വരെ കാത്തിരിക്കും. അതിനുശേഷം വിചാരണാ കോടതി നടപടിയെ ഉയര്‍ന്ന കോടതിയില്‍ ചോദ്യംചെയ്യുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. മജിസ്‌ട്രേറ്റിനു മുന്‍പാകെ നല്‍കിയ മൊഴിയില്‍ അജ്മീര്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടനങ്ങള്‍ ആസൂത്രണംചെയ്തത് താനാണെന്ന് അസിമാനന്ദ പറഞ്ഞിരുന്നു. മൊഴിയുടെ ഓഡിയോ റെക്കോഡിങ് ഉള്‍പ്പെടെയുള്ള തെളിവുകളും കോടതി പരിഗണിച്ചില്ലെന്നാണ് പ്രോസിക്യൂഷന്റെ പരാതി. ഇതിനു പുറമെ രണ്ടുമാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയുണ്ടായി.
ബുധനാഴ്ചയാണ് സ്വാമി അസിമാനന്ദയെ കൂടാതെ ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍, ഹര്‍ഷദ് സോളങ്കി, മെഹുല്‍കുമാര്‍, മുകേഷ് വാനി, ഭരത് മോഹന്‍ രതേശ്വര്‍ എന്നിവരെ വെറുതെവിട്ട് ജയ്പൂര്‍ കോടതി ജഡ്ജി ദിനേശ് ഗുപ്ത വിധിപറഞ്ഞത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് അസിമാനന്ദയെ വെറുതെവിടുന്നതെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷി, ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ ഭവേശ് പട്ടേല്‍, ദേവേന്ദ്ര ഗുപ്ത എന്നിവരെ കോടതി കുറ്റക്കാരെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
കേസില്‍ പ്രതികളായ കോഴിക്കോട് ഉള്ള്യേരി സ്വദേശി സുരേഷ് നായര്‍, സന്ദീപ് ഡാംഗേ, രാമചന്ദ്ര കല്‍സാംഗ്രെ എന്നിവരെ പിടികിട്ടാപുള്ളികളായി എന്‍.ഐ.എ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിധിയെ മേല്‍ക്കോടതിയില്‍ ചോദ്യംചെയ്യണമെങ്കില്‍ വിചാരണാ കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ് എന്‍.ഐ.എക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."