മാനേജര്‍ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
ആലപ്പുഴ: പിഞ്ച്കുഞ്ഞ് ഉള്‍പ്പെട്ട കുടുംബത്തെ വീട്ടില്‍ നിന്ന് പുറത്താക്കി വീട് ജപ്തി ചെയ്ത ബാങ്കിനെതിരേ മനുഷ്യാവകാശ കമ്മിഷന്‍ നടപടിയെടുക്കുന്നു. ആലപ്പുഴ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരേയാണ് നടപടി.
ഫെബ്രുവരി 12ന് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ ബാങ്ക് മാനേജര്‍ നേരിട്ട് ഹാജരാകാനാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജപ്തിയുടെ ഭാഗമായി കുടിയിറക്കപ്പെട്ട കുടുംബത്തെ പുനരധിവസിപ്പിക്കണമെന്ന് കമ്മിഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. ജില്ലാ സാമൂഹ്യനീതി ഓഫിസറും വിഷയത്തില്‍ ഇടപെടണം.
ജില്ലാ കലക്ടറും സാമൂഹികനീതി ഓഫിസറും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ സിറ്റിങില്‍ സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
പാവപ്പെട്ട മത്സ്യതൊഴിലാളിയോടുള്ള ബാങ്കിന്റെ നടപടി മനുഷ്യത്വരഹിതമാണെന്നും ഉത്തരവില്‍ പറഞ്ഞു. മത്സ്യതൊഴിലാളിയും മാരാരിക്കുളം സ്വദേശിയുമായ സെറാഫിനെയും കുടുംബത്തെയുമാണ് ബാങ്ക് കുടിയിറക്കിയത്.
അദ്ദേഹം രണ്ട് ലക്ഷം രൂപയുടെ വായ്പ 2015 ല്‍ അര്‍ബന്‍ ബാങ്കില്‍ നിന്ന് എടുത്തിരുന്നു. മകളുടെ വിവാഹാവശ്യത്തിന് വേണ്ടിയായിരുന്നു ഇത്. 90000 രൂപ തിരിച്ചടച്ചിരുന്നു. തുടര്‍ന്ന് ബാങ്ക് വീടും സ്ഥലവും ജപ്തിചെയ്തു.
മകളുടെ കുഞ്ഞ് അടക്കമുള്ളവരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടായിരുന്നു ജപ്തി നടപടി.
ഇപ്പോള്‍ വീടിന് സമീപമുള്ള ഒരു കടവരാന്തയിലാണ് ഇവര്‍ അഭയം തേടിയിരിക്കുന്നത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."