ഇന്ത്യയില്‍ ക്രിസ്ത്യന്‍ സംഘടനക്കുള്ള വിലക്ക്; ഇടപെടുമെന്ന് അമേരിക്ക
വാഷിങ്ടണ്‍: അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ജീവകാരുണ്യ സംഘടനയ്ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ഇടപെടുമെന്ന് യു.എസ്. കംപാഷന്‍ ഇന്റര്‍നാഷനല്‍ എന്ന സംഘടനയ്ക്കുവേണ്ടിയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഇടപെടുകയെന്ന് വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് സുതാര്യമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതപരിവര്‍ത്തനം നടക്കുന്നുവെന്നാരോപിച്ച് വിദേശസഹായം സ്വീകരിക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ സംഘടനയെ വിലക്കിയിരുന്നു. സംഘടനയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.
ആറുലക്ഷം ഡോളറാണ് അക്കൗണ്ടിലുള്ളത്. ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സംഘടന ആലോചിക്കുന്നതിനിടെ, സംഘടനയില്‍ നിന്ന് വിദേശഫണ്ട് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് പ്രതിനിധി സമീപിച്ചുവെന്ന വാര്‍ത്തയും വിവാദമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു കൂടിക്കാഴ്ച.
ആര്‍.എസ്.എസ് പ്രതിനിധി ശേഖര്‍ തിവാരിയാണ് വാഷിങ്ടണില്‍ സംഘടനാ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയതെന്ന് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയിലേക്ക് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കുന്ന കോടിക്കണക്കിന് രൂപയുടെ വിഹിതമാണ് ആര്‍.എസ്.എസ് ആവശ്യപ്പെട്ടതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ക്ക് വിദേശത്ത് പ്രതിനിധികളില്ലെന്നും ന്യൂയോര്‍ക്ക് ടൈംസില്‍നിന്ന് ആരും ഇതേക്കുറിച്ച് ബന്ധപ്പെട്ടിട്ടില്ലെന്നും അഖിലേന്ത്യാ പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
മുപ്പതു വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കംപാഷന്‍ ഇന്റര്‍നാഷനല്‍ എന്ന ജീവകാരുണ്യ സംഘടന പ്രതിവര്‍ഷം 292 കോടി രൂപയാണ് ഇന്ത്യയിലെ വിവിധ സംഘടനകള്‍ക്കായി സംഭാവന നല്‍കുന്നത്. വിദേശ ധനസഹായം സ്വീകരിക്കുന്ന സന്നദ്ധസംഘടനകളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് മോദി സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ ഈ മാസം 15 മുതല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് കംപാഷന്‍ ഇന്റര്‍നാഷനല്‍.
ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനായി നടത്തിയ നീക്കങ്ങള്‍ക്കിടെ കഴിഞ്ഞ ഒക്‌ടോബറില്‍ വാഷിങ്ടണില്‍വച്ച് ആര്‍.എസ്. എസ് പ്രതിനിധിയായ ശേഖര്‍ തിവാരിയുമായി ചര്‍ച്ച നടത്തിയെന്ന് കംപാഷന്‍ ഇന്റര്‍നാഷണല്‍ നേതാവായ ജോണ്‍ പ്രഭുദോസ് നടത്തിയ വെളിപ്പെടുത്തലാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതിവര്‍ഷം നല്‍കുന്ന 45 ദശലക്ഷം ഡോളറിന്റെ ധനസഹായത്തില്‍ ഒരു വിഹിതം ക്രിസ്ത്യന്‍ ഇതര സംഘടനകള്‍ക്കു കൂടി നല്‍കുകയാണെങ്കില്‍ കംപാഷന്‍ ഇന്റര്‍നാഷണലിന്റെ വിഷയത്തില്‍ മോദി സര്‍ക്കാര്‍ കുറച്ചുകൂടി മൃദുസമീപനം സ്വീകരിക്കുമെന്ന് ശേഖര്‍ തിവാരി അറിയിച്ചതായും ജോണ്‍ വ്യക്തമാക്കി. സംഘടനയ്ക്ക് വേണ്ടി ആര്‍.എസ്.എസ് സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."