ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു
തൃപ്പൂണിത്തുറ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. എരൂര്‍ കപ്പട്ടിക്കാവ് പടിഞ്ഞാറെ വശം വെളിപ്പറമ്പില്‍ ജോസഫിന്റെ വീടാണ് തകര്‍ന്നത്. ഇന്നലെ വൈകിട്ട് 4.50നായിരുന്നു അപകടം. പുതിയ സിലിണ്ടര്‍ സ്ഥാപിച്ചിട്ട് ഒന്‍പത് ദിവസമേ ആയിരുന്നുള്ളൂ അപകടം നടക്കുമ്പോള്‍.
ജോസഫും മകന്റെ ഭാര്യ ജാന്‍സിയും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു. മകന്‍ ലിജുവും ഭാര്യ ജെസിയും ജോലിക്ക് പോയിരുന്നു. ഭക്ഷണവും മറ്റും രാവിലെ തന്നെ തയ്യാറാക്കി വച്ച ശേഷം സിലിണ്ടര്‍ പൂട്ടിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.
ജോസഫ് ഹാളിനോട് ചേര്‍ന്നുള്ള മുറിയിലും ജാന്‍സിയും മക്കളും പുറകുവശത്തെ മുറിയിലും ഉറങ്ങുന്ന സമയത്തായിരുന്നു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളായ അക്ഷയ്, ആകാശ് എന്നീ യുവാക്കളാണ് വീട്ടിലുള്ളവരെ പുറത്തെത്തിച്ചത്. സിലിണ്ടര്‍ സൂക്ഷിച്ചിരുന്ന അടുക്കള പൂര്‍ണമായും തകര്‍ന്നു. അടുക്കളയില്‍ ഉണ്ടായിരുന്ന പാത്രങ്ങള്‍, റെഫ്രിജേറ്റര്‍, വാഷിങ് മെഷിന്‍ തുടങ്ങി ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിച്ചു.
ഏകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വീട്ടുകാര്‍ പറഞ്ഞു. സ്റ്റേഷന്‍ ഓഫിസര്‍ കെ.എ ഷാജിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യു സംഘം എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."