മുഖ്യമന്ത്രിയുടെ ഇന്നത്തെ വാര്‍ത്താസമ്മേളനം- പൂർണരൂപം വായിക്കാം
സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി (ഇന്നലെ പറഞ്ഞതില്‍ ഒരാളുടെ റിസള്‍ട്ട് നെഗറ്റീവായി വന്നിട്ടുണ്ട്).
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ കാസര്‍കോട് ജില്ലയിലാണ്. കണ്ണൂര്‍ ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ആകെ ഒരുലക്ഷത്തി പതിനായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി ഒമ്പതുപേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് ഒരുലക്ഷത്തി ഒമ്പതിനായിരത്തി അറുന്നൂറ്റി എണ്‍പത്തിമൂന്നു പേര്‍ വീടുകളിലും 616 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 112 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5679 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4448 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധയുള്ളവരുടെ എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട്ടാണ് ഇതില്‍ കൂടുതലുള്ളത്. ആ ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ പോര, ഇനിയും ശക്തമായ ഇടപെടല്‍ വേണം എന്നാണ് തീരുമാനിച്ചത്. സ്ഥിതി കൂടുതല്‍ ഗൗരവതരമാണ്. ഏതു സാഹചര്യത്തെയും നേരിടാന്‍ നാം ഒരുങ്ങേണ്ടതുണ്ട്.
ഒരു കാര്യത്തില്‍ വ്യക്തത വേണ്ടതുണ്ട്. പോസിറ്റീവ് റിസള്‍ട്ടുകള്‍ വരുന്ന എല്ലാവരും നേരേ ആശുപത്രിയില്‍ പോയി പരിശോധിച്ച് രോഗം സ്ഥിരീകരിക്കുകയല്ല. മറിച്ച്, രോഗസാധ്യത കണ്ടെത്തിയാല്‍ അവരെ നിരീക്ഷണത്തില്‍ വെക്കുകയും അവിടെനിന്ന് സാമ്പിളുകള്‍ അയക്കുകയുമാണ് ചെയ്യുന്നത്.
അതേസമയം ഇന്ന് പുതുതായി കണ്ടെത്തിയ രോഗികള്‍ നിരവധി പേരെ ബന്ധപ്പെട്ടവരാണ്. അവര്‍ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചവരുമാണ്. അതുകൊണ്ട് അവരുടെ പേരുവിവരങ്ങളും മറ്റും പരസ്യമായി പറയേണ്ടതല്ലേ എന്ന് ആലോചിക്കുകയാണ്.
കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ഇടുക്കിയിലുള്ള ഒരാളുടെ യാത്രയുടെയും സമ്പര്‍ക്കത്തിന്‍റെയും വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. ഒരു പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സഞ്ചരിച്ചിട്ടുണ്ട്.
തൊടുപുഴ, കട്ടപ്പന, അടിമാലി, എറണാകുളം, പെരുമ്പാവൂര്‍, പാലക്കാട്ടെ ഷോളയൂര്‍, മൂവാറ്റുപുഴ, മൂന്നാര്‍... ഇങ്ങനെ യാത്ര ചെയ്ത സ്ഥലങ്ങളുടെ നീണ്ട പട്ടിക. മെഡിക്കല്‍ കോളേജുകള്‍, സ്കൂളുകള്‍, പൊതു സ്ഥാപനങ്ങള്‍, സെക്രട്ടറിയറ്റ്, നിയമസഭാ മന്ദിരം ഇങ്ങനെ സന്ദര്‍ശിച്ച സ്ഥാപനങ്ങളുടെ ലിസ്റ്റും ദൈര്‍ഘ്യമുള്ളതാണ്. സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളിലാകട്ടെ ഭരണാധികാരികളുണ്ട്, ജനപ്രതിനിധികളുണ്ട്, ഉന്നത ഉദ്യോഗസ്ഥരുണ്ട്. ഈ സഞ്ചരിച്ച സ്ഥലങ്ങളിലെയെല്ലാം ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്.
എല്ലാവരും ജാഗ്രതയോടെ കഴിയേണ്ട ഈ ഘട്ടത്തില്‍ ഒരു പൊതുപ്രവര്‍ത്തകനില്‍നിന്ന് ഇത്തരം ഒരു സമീപനമാണോ ഉണ്ടാകേണ്ടത്? ഇത് നമുക്കോരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പാണ്. കൊറോണ വൈറസ് ഏറെയൊന്നും അകലെയല്ല. അത് ബാധിക്കാതിരിക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് സ്വന്തമായിട്ടു തന്നെയാണ്.
കാസര്‍കോടിനു സമീപമുള്ള കര്‍ണാടക അതിര്‍ത്തികള്‍ അടച്ചിട്ടാണുള്ളത്. പ്രധാന ആശുപത്രികള്‍ മംഗലാപുരത്താണ്. ദൈനംദിന ഡയാലിസിസ് ചെയ്യേണ്ടവര്‍ക്കുള്‍പ്പെടെ അങ്ങോട്ടു പോകാന്‍ കഴിയുന്നില്ല. കണ്ണൂരില്‍ അവരെയാകെ ഉള്‍ക്കൊള്ളാന്‍ സൗകര്യവുമില്ല. ഇത് ഒരു അടിയന്തര സംഗതിയായി കാണുകയാണ്.
കര്‍ണാടകയും കേരളവും അതിര്‍ത്തി പങ്കിടുന്ന രണ്ടു സംസ്ഥാനങ്ങളാണ്. വിവിധ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാന്‍ പറ്റും. ഈ അതിര്‍ത്തികളില്‍ മണ്ണുകൊണ്ടിട്ട് ഗതാഗതം തടയുന്ന സമീപനം കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചു. യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിനു വിരുദ്ധമായ കാര്യമാണിത്. യാത്രാസൗകര്യം മനുഷ്യര്‍ക്കുള്ള യാത്ര മാത്രമല്ല. അങ്ങനെ തടഞ്ഞാല്‍ ഒരു അടിയന്തര സാഹചര്യം, രണ്ടു സര്‍ക്കാരുകള്‍ക്കും യോജിപ്പ് വരുന്ന കാര്യം എങ്ങനെ പ്രാവര്‍ത്തികമാക്കാനാകും. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടകയുമായി ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. നമ്മുടെ ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. അദ്ദേഹം മണ്ണുമാറ്റാമെന്ന് സമ്മതിച്ചിട്ടുണ്ട്. മണ്ണ് ഏതെങ്കിലും ഒരിടിത്ത് മാത്രമല്ല ഇട്ടത്. കൂര്‍ഗിലേക്ക് പോകാനുള്ള വഴി പൂര്‍ണ്ണമായും അടച്ചു. കൂട്ടുപുഴയില്‍ അല്‍പം കേരള അതിര്‍ത്തിയിലേക്ക് കടന്നുകൊണ്ടുതന്നെ മണ്ണിട്ടു. കാസര്‍കോടും മണ്ണിടുന്ന നിലയുണ്ടായി. അത്തരത്തില്‍ ഒരു സമീപനം സ്വീകരിക്കുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചത് നല്ല കാര്യമായി. ഉണ്ടായ സംഭവങ്ങള്‍ പ്രധാമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍നിന്ന് രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള കൂടുതല്‍ റിസല്‍ട്ടുകള്‍ വരികയാണ്. ചില അടിയന്തര നടപടികള്‍ കൂടി വേണ്ടതുണ്ട്. അവിടെയുള്ള മെഡിക്കല്‍ കോളേജ് കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കാന്‍ ത്വരതിഗതിയിലുള്ള നീക്കം നടത്തുന്നുണ്ട്. മറ്റ് സൗകര്യങ്ങളും വര്‍ധിപ്പിക്കും.
ജനങ്ങള്‍ പാലിക്കേണ്ടത്
അവിടെ സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും മുംബൈ, ഡെല്‍ഹി തുടങ്ങി ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്നും എത്തിയവര്‍ വീടുകളില്‍ തന്നെ കഴിയണം.
തൊണ്ടവേദന, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ പ്രത്യേക കോവിഡ് ആശുപത്രികളുമായി ബന്ധപ്പെടണം. ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യണം.
വിദേശങ്ങളില്‍നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും കുടുംബാംഗങ്ങളും നിര്‍ബന്ധിത ഐസൊലേഷന് വിധേയമാകണം.
പ്രായമായവര്‍ വീട്ടിനുള്ളില്‍ തന്നെ കഴിയണം. അവരുമായി മറ്റാരും തുടര്‍ച്ചയായ സമ്പര്‍ക്കം പുലര്‍ത്താത്തതാണ് നല്ലത്.
പ്രമേഹം, രക്തസമ്മര്‍ദം, അര്‍ബുദം, വൃക്കരോഗം, തുടര്‍ചികിത്സ ആവശ്യമായ മറ്റേതെങ്കിലും അസുഖങ്ങള്‍ എന്നിവയുള്ളവര്‍ മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കണം.
ആരോഗ്യരംഗത്ത്
രോഗം മൂര്‍ച്ഛിച്ച ആളുകളെ ചികിത്സിക്കുന്നതിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കോവിഡ് ആശുപത്രിയാക്കി സജ്ജീകരിക്കുകയാണ്. അവിടെ 200 കിടക്കകളും 40 ഐസിയു കിടക്കകളും 15 വെന്‍റിലേറ്ററുകളും ഉണ്ട്.
കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റണം. ടെസ്റ്റിങ് സൗകര്യം വിപുലമായി നടത്താനുള്ള സംവിധാനം അവിടെയുണ്ട്. ഐ.സി.എം.ആര്‍ അനുമതിക്കാവശ്യമായ കാര്യങ്ങള്‍ ത്വരിതഗതിയില്‍ നീങ്ങുകയാണ്.
കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെ പെട്ടെന്നു തന്നെ കോവിഡ് ആശുപത്രിയാക്കി മാറ്റും.
ഇന്ന് അവലോകന യോഗത്തില്‍ ക്യൂബയില്‍ നിന്നുള്ള മരുന്ന് പരിഗണിക്കാം എന്ന അഭിപ്രായം ഉയര്‍ന്നു. ഡ്രഗ്സ് കണ്‍ട്രോളറുമായി ബന്ധപ്പെട്ട് അനുമതി വാങ്ങേണ്ട പ്രശ്നമാണത്. രോഗവ്യാപനം തടയാന്‍ എല്ലാ മാര്‍ഗങ്ങളും പരിശോധിക്കും. രോഗ പ്രതിരോധത്തിനുള്ള സാധ്യതകളും തേടും.
എന്‍ 95 മാസ്ക് ആശുപത്രികളില്‍ മാത്രം ഉപയോഗിക്കും. പരിശോധനാ സംവിധാനം കൂടുതല്‍ വേണ്ടതുണ്ട്. റാപ്പിഡ് ടെസ്റ്റ് നടപ്പാക്കേണ്ടിവരും. അനുമതി ലഭിച്ചയുടന്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കും. എച്ച്ഐവി ബാധിതര്‍ക്കുള്ള മരുന്ന് ഇപ്പോള്‍ ജില്ലാ ആശുപത്രികളില്‍ നിന്നാണ് നല്‍കുന്നത്. അത് താലൂക്ക് ആശുപത്രികളില്‍നിന്ന് വിതരണം ചെയ്യാന്‍ തീരുമാനിച്ചു.
പൊലീസ്
ഫലപ്രദമായ ഇടപെടല്‍ പൊലീസ് നടത്തിയതു കൊണ്ട് ആളുകള്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നത് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, പൊലീസിന്‍റെ ഇടപെടലില്‍ ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അത് ഒഴിവാക്കണം. പൊലീസ് ആളുകളെ തടയുമ്പോള്‍ വിവേചനബുദ്ധി ഉപയോഗിക്കണം. എന്താണ് കാര്യം എന്ന് അറിഞ്ഞ് പെരുമാറണം. ഇക്കാര്യത്തില്‍ കൃത്യമായ ശ്രദ്ധ വേണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നോണ്‍ ബാങ്കിങ്, ചിട്ടി സ്ഥാപനങ്ങളും ഇതര സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും റിക്കവറി നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണയത്തിലുള്ള സ്വര്‍ണം ലേലം ചെയ്യുന്നതടക്കം എല്ലാ ലേലങ്ങളും കുടിശ്ശിക നോട്ടീസുകളും നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കി. വിവിധ വിദ്യാഭ്യാസ സ്ഥാനങ്ങളില്‍ അടക്കേണ്ട ഫീസുകളുടെ കാലാവധി ദീര്‍ഘിപ്പിക്കും.
നിരാലംബരും തെരുവില്‍ കഴിയുന്നവരുമായ ആളുകള്‍ക്ക് താമസവും ഭക്ഷണവും ഏര്‍പ്പെടുത്താനുള്ള തീരുമാനം അഞ്ച് കോര്‍പ്പറേഷനുകളിലും 26 നഗരസഭകളിലും നടപ്പാക്കിയിട്ടുണ്ട്. ഇപ്പോള്‍ ആകെ 1545 പേരാണ് ഈ 31 ക്യാമ്പുകളിലായുള്ളത്. ഇവരെ ഭദ്രമായി സ്ഥലത്ത് താമസിപ്പിക്കണം. ഭക്ഷണം പാകം ചെയ്യാന്‍ പറ്റിയതുള്‍പ്പെടെ സൗകര്യങ്ങളുള്ള ഒട്ടേറെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ നമുക്കുണ്ട്.
അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനത്താകെ ഇതുവരെ 4603 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1,44,145 അതിഥി തൊഴിലാളികളാണ് അവിടങ്ങളിലുള്ളത്. എല്ലാ ക്യാമ്പുകളിലും മാസ്ക്കുകളും സോപ്പുകളും സാനിറ്റൈസറുകളും ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ ഏറ്റെടുക്കണം. ബന്ധപ്പെട്ട കലക്ടര്‍മാര്‍ വ്യക്തിപരമായ ഉത്തരവാദിത്വമായി ഇവ കാണണം. തൊഴില്‍ വകുപ്പിനും ഫലപ്രദമായി ഇതില്‍ ഇടപെടാനാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യം ഏകോപിപ്പിക്കണം.
ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളില്‍ ബ്രോഷറുകള്‍, ലീഫ്ലെറ്റുകല്‍, ലഘു വീഡിയോകള്‍ എന്നിവ നല്‍കിവരുന്നു. ഇതോടൊപ്പം ഹിന്ദി കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തിയും അവബോധ പ്രചരണങ്ങള്‍ക്ക് നടപടി സ്വീകരിച്ചു.
സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള കമ്യൂണിറ്റി കിച്ചണ്‍ വഴിയും തൊഴിലുടമകള്‍ വഴിയും മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിയും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും ശുചിത്വ, ആരോഗ്യ സംരക്ഷണത്തിനുള്ള നടപടികലും സ്വീകരിച്ചുകഴിഞ്ഞു.
സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് മുഖേന കലാകാരന്‍മാര്‍ക്ക് നല്‍കിവരുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഇപ്പോള്‍ തന്നെ വിതരണം ചെയ്യുകയാണ്. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം എന്നിവ അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇതിനകം എത്തിച്ചിട്ടുണ്ട്.
ബാറുകളും, ബീവറേജസ് ഔട്ട്ലെറ്റുകളും അടച്ചത് ചില ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒരു യുവാവ് മദ്യം കിട്ടാതെ ആത്മഹത്യ ചെയ്ത വാര്‍ത്ത വന്നിട്ടുണ്ട്. മദ്യം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ മദ്യത്തിന് അടിമകളായവര്‍ക്ക് ശാരീരികവും, മാനസികവുമായ വിഷമങ്ങള്‍ ഉണ്ടാകുവാനും അത് മറ്റ് സാമൂഹിക പ്രശ്നങ്ങളിലേക്ക് നയിക്കുവാനും സാധ്യതയുണ്ട്. അമിത മദ്യാസക്തിയുള്ളവര്‍ക്ക് ആവശ്യമായ ചികിത്സയും കൗണ്‍സിലിങ്ങും വേണം. എക്സൈസ് വകുപ്പ് വിമുക്തിക്ക് കീഴിലുള്ള ഡീ അഡിക്ഷന്‍ സെന്‍ററുകളും കൗണ്‍സിലിങ് സെന്‍ററുകളും അതിനായി ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ സ്ഥലം വിട്ടുനല്‍കാമെന്ന് ചില കത്തോലിക്കാ സഭകള്‍ സമ്മതിച്ചിട്ടുണ്ട്. ധ്യാനകേന്ദ്രങ്ങള്‍ പോലുള്ളവ ഇതിന് ഉപയോഗിക്കാമെന്ന് നിര്‍ദേശം വന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ എക്സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി. മറ്റ് സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും വകുപ്പിനോട് പറഞ്ഞിട്ടുണ്ട്.
ലോക്ക്ഡൗണിന്‍റെ ഭാഗമായി വന്ന മറ്റൊരു വിഷയം വളര്‍ത്തുമൃഗങ്ങളുടെയും വളര്‍ത്തു പക്ഷികളുടെയും (പശു, ആട്, പന്നി, കോഴി, താറാവ്...) തീറ്റയ്ക്കുള്ള ദൗര്‍ലഭ്യമാണ്. ഇതിനായി ചരക്കുനീക്കം സുഗമമാകേണ്ടതുണ്ട്. അതിനു വേണ്ട ഇടപെടല്‍ നടത്തും.
പച്ചക്കറി കൃഷിക്ക് ആവശ്യമായ വിത്ത് ലഭ്യമല്ല. വിത്ത്, വളം എന്നിവ വിതരണം ചെയ്യാന്‍ കൃഷിവകുപ്പ് പ്രാദേശികമായി വളണ്ടിയര്‍മാരെ നിയോഗിക്കണം.
ഭക്ഷ്യധാന്യങ്ങളുടെയും സാധനങ്ങളുടെയും വിതരണം തടസ്സമില്ലാതെ നടക്കും. അതിന് എല്ലാ തരത്തിലും ഇടപെടലുണ്ടാകും.
മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കുന്നുണ്ടെങ്കിലും ആയുര്‍വേദ മരുന്നുവില്‍പന ശാലകള്‍ ചിലത് അടഞ്ഞുകിടക്കുന്ന എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി ആയുര്‍വേദ മരുന്ന് കഴിക്കുന്നവര്‍ക്ക് ഇത് വിഷമകരമാകും. അതുകൊണ്ട് അത്തരം കടകള്‍ തുറന്ന് ആവശ്യക്കാര്‍ക്ക് മരുന്ന് ലഭ്യമാക്കണം.
'സന്നദ്ധം' പോര്‍ട്ടലിലേക്ക് യുവജനങ്ങള്‍ നല്ലതോതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാവുന്നുണ്ട്. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം രജിസ്ട്രേഷന്‍ മുടങ്ങുന്നു എന്ന പരാതി വന്നു. അടിയന്തരമായി അത് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച 1.15 ലക്ഷം പേരുടെ സന്നദ്ധ സേനയും കോവിഡ് പ്രതിരോധ രംഗത്ത് ഇടപെടുന്നുണ്ട്.
അടിയന്തര സാഹചര്യമായതിനാല്‍ ആരോഗ്യവകുപ്പിലെ ഒഴിവുകള്‍ നികത്തുന്നുണ്ട്.
സംസ്ഥാനത്ത് ഒരു തരത്തിലുള്ള ഒഴിപ്പിക്കലും (രോഗപ്രതിരോധത്തിന്‍റെ ആവശ്യത്തിനല്ലാതെ) ഇപ്പോള്‍ ഉണ്ടാകരുത്. കടമുറികള്‍ ഒഴിപ്പിക്കാന്‍ പാടില്ല.
സാധനങ്ങളുടെ ദൗര്‍ലഭ്യംമൂലം വിലക്കയറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ കര്‍ക്കശമായി ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കി.
കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ടെലിമെഡിസിന്‍ സൗകര്യമടക്കം സജ്ജമാക്കുന്നതിനുള്ള ബൃഹത്തായ വിവര ശേഖരണത്തിന് സര്‍ക്കാര്‍ തുടക്കംകുറിച്ചു.
രോഗബാധിതരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷിക്കുന്നവര്‍, എല്ലാ വിഭാഗത്തിലുംപെട്ട ആരോഗ്യപ്രവര്‍ത്തകര്‍, അടുത്തിടെ വിദേശത്തു നിന്നെത്തിയവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചെത്തിയവര്‍, രോഗസാധ്യതയുള്ളവര്‍ എന്നിവരുടെയെല്ലാം ഡാറ്റ അടിയന്തരമായി ശേഖരിക്കുകയാണ്.
ഇതിനായി സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. കേരളത്തില്‍ കൊറോണ പരിചരണം ആവശ്യമായ മുഴുവന്‍ പേരും ഇന്നും നാളെയുമായി രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം.
സ്റ്റിറോയിഡ് മരുന്നുകള്‍ കഴിക്കുന്നവര്‍ ഉള്‍പ്പെടെ പ്രതിരോധ ശേഷി കുറഞ്ഞവരെയും കൊറോണ ബാധിതരുമായി സമ്പര്‍ക്കം ഉണ്ടായവരെയും കണ്ടെത്തി അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ ലഭ്യമാക്കാനും ടെലിഫോണിലൂടെ ഡോക്ടര്‍മാരുമായി ബന്ധപ്പെടുത്താനും ഈ രജിസ്ട്രേഷന്‍ സഹായകമാകും. സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരെ ഐഎംഎയുടെ കൂടി സഹകരണത്തോടെ തിങ്കളാഴ്ച മുതല്‍ ടെലിഫോണില്‍ ലഭ്യമാക്കും. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകരെ രോഗം പടരുമെന്ന ഭീതിമൂലം നാട്ടുകാരില്‍ ചിലര്‍ ഒറ്റപ്പെടുത്തുന്ന ചില പ്രവണതകള്‍ ഉണ്ടാവുന്നുണ്ട്. അത് ഒരു കാരണവശാലും അനുവദിക്കരുത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഊര്‍ജ്ജം നമ്മുടെ പിന്തുണയിലൂടെയാണ് ലഭിക്കേണ്ടത്. സമൂഹം കൃതജ്ഞതയോടെയാണ് അത് നോക്കിക്കാണേണ്ടത്. ഊണും ഉറക്കവുമൊഴിഞ്ഞ് രാപ്പകല്‍ ഭേദമില്ലാതെയുള്ള അവരുടെ സേവനം വിലമതിക്കാനാകാത്തതാണ്. വാക്കിലോ നോക്കിലോ ഒരുതരത്തിലുള്ള അനാദരവോ അകല്‍ച്ചയോ അവരോട് കാണിക്കരുത്.
തെരുവുനായ്ക്കള്‍ ഭക്ഷണം കിട്ടാതെ അലഞ്ഞ് ഭീതിയുണ്ടാക്കുന്ന അവസ്ഥയുണ്ട്. ഇത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ നീട്ടിയതോടെ ഉത്തരക്കടലാസുകളുടെയും മറ്റും കാവലിന് ജീവനക്കാര്‍ രാത്രിയില്‍ ഉള്‍പ്പെടെ സ്കൂളുകളില്‍ കഴിയേണ്ട അവസ്ഥയുണ്ട്. സ്ട്രോങ് റൂമിലേക്ക് ശേഖരം മാറ്റി ഈ പ്രശ്നം പരിഹരിക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കി.
തിരുവനന്തപുരത്ത് നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബീഹാറില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമുള്ള 350ഓളം അതിഥിത്തൊഴിലാളികള്‍ ഭക്ഷണവും വെള്ളവും ആവശ്യത്തിന് ലഭിക്കാതെ കഷ്ടപ്പെടുന്നു എന്ന് വാര്‍ത്ത വരുന്നുണ്ട്. ബീഹാറിലെ പ്രതിപക്ഷ നേതാവ് ഈ വിഷയം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കി.
ശാസ്താംകോട്ട, മലപ്പുറം മുന്നിയൂര്‍, തലക്കളത്തൂര്‍, പള്ളിക്കാട് തുടങ്ങി നിരവധി കാവുകളില്‍ ഭക്തജനങ്ങള്‍ ഇല്ലാതായതോടെ കുരങ്ങന്‍മാര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല. അവ അക്രമാസക്തമാകുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ക്ഷേത്ര അധികാരികള്‍ ഇടപെടണം.
പൊലീസിന് കൈയുറകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.
ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ നവജാതശിശുക്കളുടെ വസ്ത്രത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു പോപീസ് എന്ന് വസ്ത്ര നിര്‍മ്മാണ സ്ഥാപനം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് സൗജന്യമായി നവജാത ശിശുക്കള്‍ക്കുള്ള ചെയ്ത വസ്ത്രങ്ങള്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
കോവിഡ് കെയര്‍ സെന്‍ററുകളില്‍ വാട്ടര്‍ പ്യൂരിഫെയര്‍, എയര്‍ കൂളര്‍, ടിവി ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാമെന്ന് എല്‍ജി കമ്പനി അറിയിച്ചിട്ടുണ്ട്.
ഓട്ടോ ടാക്സികള്‍ക്ക് കര്‍ശനനിയന്ത്രണം ഉണ്ട്. എന്നാല്‍ ചില അത്യാവശ്യ ഘട്ടങ്ങളില്‍ അതില്‍ അവര്‍ അവര്‍ ഓടേണ്ടി വരും അത്തരം സന്ദര്‍ഭങ്ങളില്‍ നിരക്ക് അമിതമാകാന്‍ പാടില്ല. പൊലീസുകാര്‍ റോഡിലാണ് ഡ്യൂട്ടി ചെയ്യുന്നത്. നല്ല വേനലാണ്. അവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ റസിഡന്‍സ് അസോസിയേഷനുകള്‍ തയ്യാറാകുന്നത് നന്നായിരിക്കും.
കേന്ദ്ര പാക്കേജ്
കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച കോവിഡ് പാക്കേജിനെ നമ്മള്‍ പൊതുവേ സ്വാഗതം ചെയ്തതാണ്. എന്നാല്‍, നിലവിലുള്ള സാഹചര്യത്തില്‍ നമ്മുടെ വിഷമതകള്‍ പരിഹരിക്കാന്‍ അത് പര്യാപ്തമല്ല.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സില്‍നിന്ന് സ്വകാര്യ മേഖലയെ ഒഴിവാക്കിയിരിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളും അവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരും സജീവമായി പങ്കെടുക്കേണ്ടി വരുന്ന സാഹചര്യമാണ് മുന്നിലുള്ളത്. അതുകൊണ്ട് സ്വകാര്യമേഖലയെയും ഉള്‍പ്പെടുത്തി ആസംവിധാനം വിപുലപ്പെടുത്തണം.
അഞ്ചു കിലോ അരി, ഒരു കിലോ പയര്‍ എന്നത് എല്ലാവര്‍ക്കും നല്‍കണം. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കണം.
ദരിദ്രര്‍ക്കായി പ്രത്യേക പദ്ധതി വേണ്ടതുണ്ട്. പൊതുആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ പണം ആവശ്യമായ ഘട്ടമാണിത്. കേന്ദ്ര ഗവണ്‍മെന്‍റ് അതിനു തയ്യാറാകണം.
സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് ഓരോ സംസ്ഥാനത്തെയും സ്ഥിതിയും ആവശ്യങ്ങളും കണക്കിലെടുത്ത് കൊറോണ പാക്കേജ് വിപുലപ്പെടുത്തണം.
സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തുന്നത് അടക്കം പരിഗണിക്കണം. നിലവിലുള്ള 3 ശതമാനം 5 ശതമാനമായെങ്കിലും ഉയര്‍ത്തണം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. ഈ മൊറോട്ടോറിയം സമയത്ത് പലിശ ഒഴിവാക്കുന്നത് പരിഗണിക്കണം. പലവ്യഞ്ജനകിറ്റ് നല്‍കുമെന്ന് നാം നേരത്തെ പറഞ്ഞിട്ടുണ്ട്. ഇത് ഒന്നിച്ച് നല്‍കുന്നതിന് ആവശ്യമായ ധാന്യങ്ങളും മറ്റ് വസ്തുക്കളും ലഭ്യമാക്കുന്നതിന് നടപടിയെടുക്കണമെന്നാശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര ഭക്ഷ്യമന്ത്രി എന്നിവര്‍ക്ക് കത്തയച്ചു.
പ്രധാനമന്ത്രി രാവിലെ വിളിച്ച് സംസ്ഥാനത്തെ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു. സംസ്ഥാനം കൈക്കൊള്ളുന്ന നടപടികളില്‍ മതിപ്പ് രേഖപ്പെടുത്തി. ഏതു ഘട്ടത്തിലും സമീപിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
അഭ്യര്‍ത്ഥന
നമ്മുടെ നാട് ഇന്നുവരെയില്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നമുക്ക് ഈ കഠിന പരീക്ഷണത്തെ അതിജീവിക്കേണ്ടതുണ്ട്. ലോകത്തെ വന്‍ ശക്തികള്‍ പോലും എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്ന ഈ അവസ്ഥ നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല എന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. നാം വിവിധ ഘട്ടങ്ങള്‍ തരണം ചെയ്തതാണ്. അതിനുള്ള ഐക്യവും കരുത്തും നമുക്കുണ്ട്.
ഇവിടെയും നാം പകച്ചുപോയിക്കൂട. എല്ലാ ചലനങ്ങള്‍ക്കും നിയന്ത്രണമുള്ള ഒരവസ്ഥയില്‍ നമുക്ക് വെറുതെയിരിക്കാനാവില്ല. രോഗം പടരാതിരിക്കാനും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കാനും നിരീക്ഷണത്തില്‍ കഴിയുന്നവരെ സംരക്ഷിക്കാനും രോഗശാന്തി ഉറപ്പാക്കാനും വലിയ പ്രയത്നം വേണ്ടതുണ്ട്. അത് സര്‍ക്കാര്‍ സംവിധാനം കൊണ്ടു മാത്രം സാധ്യമാകുന്ന ഒന്നല്ല. ഈ ഘട്ടത്തില്‍ നമ്മുടെ ഇടപെടലിനുള്ള സാമ്പത്തിക ശേഷിയും കൂടുതല്‍ കരുത്തുനേടേണ്ടതുണ്ട്.
ഇപ്പോള്‍ ഈ പോരാട്ടത്തില്‍ സഹായഹസ്തവുമായി ഒട്ടേറെ സുമനസ്സുകള്‍ മുന്നോട്ടുവരുന്നുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് മുന്നിലുള്ള വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്. ദുരിതാശ്വാസ നിധിയിലേക്ക് ആവുന്നത്ര സംഭാവന ലഭിക്കേണ്ട ഘട്ടമാണിത്.
എല്ലാ പ്രയാസങ്ങള്‍ക്കും നടുവിലും അത്തരമൊരു മുന്‍കൈ ഉണ്ടാവേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാലാവുന്നത് സംഭാവന ചെയ്യാന്‍ പ്രിയപ്പെട്ട ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."