ഹരിതകേരളം മിഷന്‍; ഒന്നര വര്‍ഷത്തിനിടെ 873 ഹെക്ടര്‍ തരിശ് ഭൂമി കൃഷിയോഗ്യമാക്കി
മലപ്പുറം: കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ജില്ലയില്‍ കൃഷിയോഗ്യമാക്കിയത് 873 ഹെക്ടര്‍ തരിശുഭൂമി. ജല സംരക്ഷണത്തിനായി പുതുതായി നിര്‍മിച്ചത് 245 തടയണകളും 1,234 കിണറുകളും 275 കുളങ്ങളും. നാടിന്റെ പച്ചപ്പ് വീണ്ടെടുക്കലും ജൈവകൃഷി പ്രോത്സാഹനവും ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതകേരളം മിഷന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
2016 ഡിസംബര്‍ എട്ടിനാണ് ജില്ലയില്‍ ഹരിതകേരളം മിഷന്‍ പദ്ധതി ആരംഭിച്ചത്. ഇക്കാലയളവില്‍ 8,330 ഹെക്ടറില്‍കൂടി നെല്‍കൃഷി വ്യാപിപ്പിക്കുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയായിരുന്ന ഈ പ്രവര്‍ത്തനങ്ങള്‍.
പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ മിഷന്റെ ഭാഗമായി ജില്ലയില്‍ 77 ക്ലസ്റ്ററുകള്‍ രൂപീകരിച്ച് കൃഷി വകുപ്പിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ 340 ഹെക്ടര്‍ തരിശു നിലത്ത് കൃഷി തുടങ്ങിയിട്ടുണ്ട്. നാലു ലക്ഷം വീടുകളിലും 160 വിദ്യാലയങ്ങളിലും പച്ചക്കറി കൃഷി തുടങ്ങി. 220 സംയോജിത കൃഷി യൂനിറ്റുകളും 19 കാര്‍ഷിക കര്‍മസേനകളും ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 7.4 ലക്ഷം വൃക്ഷത്തൈകളും കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 50,000 വൃക്ഷത്തൈകളും വച്ചുപിടിപ്പിച്ചിട്ടുമുണ്ട്.
നെല്‍കൃഷി വ്യാപനവും പച്ചക്കറിയില്‍ സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് 'തരിശുരഹിത പഞ്ചായത്തുകള്‍' എന്ന ആശയവുമായി സുജലം സുഫലം പദ്ധതിയും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അരുവികളും പുഴകളുമായി 465 കിലോമീറ്റര്‍ ദൂരത്തോളം നവീകരിച്ചു. 1,631 കിണറുകള്‍ റീചാര്‍ജ് ചെയ്യുകയും 131 കിണറുകളും 238 കുളങ്ങളും നവീകരിക്കുകയും ചെയ്തു. 65 തദ്ദേശ സ്ഥാപനങ്ങളില്‍ നീര്‍ത്തട നടത്തം പൂര്‍ത്തീകരിച്ചു. ഏഴെണ്ണത്തില്‍ നീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍പ്ലാന്‍ തയാറാക്കി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുഴ പുറമ്പോക്ക് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും പുഴ നവീകരിക്കുകയും കയര്‍ ഭൂവസ്ത്രം ഉള്‍പ്പെടെയുള്ള തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."