അഫ്ഗാന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് താലിബാനുമായി ഉടമ്പടി: യു.എസ്
വാഷിങ്ടണ്‍: ജൂലൈയില്‍ നടക്കുന്ന അഫ്ഗാനിസ്താനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പായി താലിബാനുമായി സമാധാന ചര്‍ച്ച നടത്തി ഉടമ്പടിയിലെത്തുമെന്ന് അമേരിക്ക.
അഫ്ഗാനുമായുള്ള സമാധാനചര്‍ച്ചകള്‍ നടത്തിവരുന്ന അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ സല്‍മേ ഖാലിസാദ് ആണ് ഇക്കാര്യം അറിയിച്ചത്. സേനാ പിന്‍മാറ്റം വ്യവസ്ഥകളോടെയായിരിക്കും.
എന്നാല്‍ അതെപ്പോള്‍ പൂര്‍ത്തിയാകുമെന്ന് സമയബന്ധിതമായി പറയാനാകില്ല. സമാധാന ഉടമ്പടിയില്‍ എത്രയുംവേഗം എത്തിച്ചേരാന്‍ ശ്രമിക്കും. അഫ്ഗാനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സമാധാനം പുനഃസ്ഥാപിക്കുകയെന്നത് ഭാരിച്ച ഉത്തരവാദിത്തവും പ്രയാസമേറിയതുമാണ്.
എന്നാല്‍, സമാധാന കരാറിലെത്തുകയാണെങ്കില്‍ അത് അഫ്ഗാന് കൂടുതല്‍ നല്ലതാവും. അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിലെ ഇടപെടല്‍ അവസാനിപ്പിക്കുമെന്ന് അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖാലിസാദിന്റെ പ്രസ്താവന.
ഏപ്രില്‍ 20ന് പ്രസിഡന്റിനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ദിവസമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമാധാനചര്‍ച്ചകള്‍ നടക്കുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് മൂന്നുമാസം കൂടി നീട്ടിയത്.
2001 സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിനു പിന്നിലെ സൂത്രധാരനെന്നു കരുതുന്ന അല്‍ഖാഇദാ നേതാവ് ഉസാമാ ബിന്‍ലാദന്‍ ഒളിച്ചുകഴിയുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അമേരിക്ക അഫ്ഗാനില്‍ അധിനിവേശം തുടങ്ങിയത്.
ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായിരിക്കെ നടന്ന അധിനിവേശ നീക്കങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നയാളാണ് ഖാലിസാദ്.
18 വര്‍ഷം നീണ്ട അധിനിവേശത്തിനിടെ പതിനായിരക്കണക്കിന് സാധാരണക്കാരും നൂറുകണക്കിന് അമേരിക്കന്‍ സൈനികരുമാണ് കൊല്ലപ്പെട്ടത്. നിലവില്‍ അമേരിക്കന്‍ 14,000 സൈനികരാണ് അഫ്ഗാനിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."