ഷാസിന്റെ മരണം: റോഡ് ഉപരോധത്തില്‍ പ്രതിഷേധമിരമ്പി
കോട്ടപ്പുറം: അവധി ആഘോഷിക്കാനായി കുവൈത്തില്‍നിന്ന് കുടുംബസമേതം നാട്ടിലെത്തിയ ആനച്ചാലിലെ സുബൈറിന്റെയും ഫര്‍സാനയുടെയും മകന്‍ ഷാസിന്‍ (ഏഴ്) അമിത വേഗതയില്‍വന്ന മണല്‍ ലോറിയിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടപ്പുറം-അച്ചാംതുരുത്തി റോഡ് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ ഉപരോധിച്ചു.
രാവിലെ 9.30ഓടെ കോട്ടപ്പുറം പാലത്തിന് സമീപത്തുനിന്ന് പ്രകടനമായി വന്ന് വൈകുണ്ഠ ക്ഷേത്രത്തിനു സമീപത്തായാണ് റോഡ് ഉപരോധിച്ചത്. കോട്ടപ്പുറം-അച്ചാംതുരുത്തി റോഡില്‍ ഹമ്പ്, സ്പീഡ് ബ്രേക്കര്‍ എന്നിവ സ്ഥാപിക്കുക, വാഹനങ്ങളുടെ മരണപ്പാച്ചില്‍ തടയുക, വലിയ വാഹനങ്ങള്‍ ഇതുവഴി കടത്തിവിടാതിരിക്കുക, റോഡ് സുരക്ഷ ഉറപ്പാക്കുക, ഓവുചാലുകള്‍ നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമരക്കാര്‍ ഉന്നയിച്ചു. റോഡ് ഉപരോധിക്കുന്നതറിഞ്ഞ് നീലേശ്വരം എസ്.ഐ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഒടുവില്‍ പതിനൊന്നു മണിയോടെ സമരക്കാര്‍ മാര്‍ക്കറ്റ് ജങ്ഷന്‍ വരെ പ്രകടനം നടത്തി പിരിഞ്ഞു പോയി. കോട്ടപ്പുറം ജമാഅത്ത് പ്രസിഡന്റ് ഇ.കെ കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു.
എല്‍.ബി നിസാര്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ എം. സാജിദ, വി.കെ റഷീദ, റഫീഖ് കോട്ടപ്പുറം, ഇബ്രാഹിം പറമ്പത്ത്, ജമാഅത്ത് സെക്രട്ടറി ഇ.എം കുട്ടിഹാജി, ഇ.കെ കുഞ്ഞബ്ദുല്ല, എന്‍.പി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി പെരുമ്പ, റാഷിദ് ഇടക്കാവില്‍, ടി.സി ഇഖ്ബാല്‍, മജീദ്, ടി. ഫൈസല്‍, നസ്‌റുദ്ദീന്‍, എ. ബാസിദ് സംസാരിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് ആനച്ചാല്‍ എ.കെ.ജി ക്ലബിനു സമീപത്ത് ഷാസില്‍ മണല്‍ ലോറിയിടിച്ച് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."