താത്തൂര്‍ പൊയിലില്‍ വ്യാപകമായി നിശാശലഭത്തിന്റെ ലാര്‍വ; നിരവധി കുടുംബങ്ങള്‍ക്ക് ഭീഷണി
മാവൂര്‍: താത്തൂര്‍ പൊയിലില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ട നിശാശലഭത്തിന്റെ ലാര്‍വ ഒട്ടേറെ കുടുംബങ്ങള്‍ക്ക് ഭീഷണിയാകുന്നു. പലരും വീട് അടച്ചിട്ട് ബന്ധുവീടുകളിലും മറ്റും മാറി താമസിക്കുകയാണ്. താത്തൂര്‍ പൊയിലില്‍ നടുക്കണ്ടി, എരഞ്ഞിപ്പൂക്കാട്ട്, നടുക്കണ്ടിമീത്തല്‍ പ്രദേശങ്ങളില്‍ 10 ഓളം വീടുകള്‍ക്കാണ് ഭീഷണിയാകുന്നത്. തേക്ക് മരത്തിന്റെ ഇലകളില്‍ മുട്ടയിടുന്ന ടീക്ക് ഡഫോളിയേറ്റര്‍ ഹൈബ്ലിയപ്യൂറ എന്ന പേരുള്ള നിശാശലഭത്തിന്റെ മുട്ടവിരിഞ്ഞുണ്ടായ ലാര്‍വകളുടെ വിസര്‍ജ്യംവീണ് സമിപത്തെ കിണറുകള്‍ മലിനപ്പെട്ടു. എരഞ്ഞിപ്പൂക്കാട്ട് നാസറിന്റെ വീട്ടുകാര്‍ ഇവയുടെ ശല്യം സഹിക്കാനാവാതെ വീട് അടച്ചിട്ട് ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഏറെ തേക്ക് മരങ്ങളുള്ള പ്രദേശമായതിനാല്‍ പരിസരമാകെ നിശാശലഭം കൈയടക്കിരിക്കുകയാണ്. എരഞ്ഞിപ്പൂക്കാട്ട് കൃഷ്ണനുണ്ണി, എരഞ്ഞിപ്പൂക്കാട്ട് അബ്ദുന്നാസര്‍, എരഞ്ഞിപ്പൂക്കാട്ട് അബ്ദുസ്സലാം, എരഞ്ഞിപ്പൂക്കാട്ട് അബ്ദുല്ലത്തീഫ്, എരഞ്ഞിപ്പൂക്കാട്ട് റിയാസ് എന്നിവരാണ് ഏറെ കെടുതിയനുഭവിക്കുന്നത്. തേക്കിന്റെ ഇലകള്‍ മുഴുവനായും ഇവ തിന്നുതീര്‍ത്തിരിക്കുകയാണ്. പനങ്ങോട്, പൈപ്പ്‌ലൈന്‍ തുടങ്ങിയ പ്രദേശങ്ങളിലും ഇവയുടെ ശല്യം ശക്തിപ്രാപിച്ചിട്ടുണ്ട്. വീടിന്റെ മുറ്റത്തും കിണറിലും ഇവയുടെ വിസര്‍ജ്യം വീഴുന്നതാണ് ഏറെ ദുരിതമാകുന്നത്. കിണറുകളിലെ വെള്ളം വറ്റിച്ച് ക്ലോറിനേഷന്‍ ചെയ്താലെ ഉപയോഗിക്കാനാവുകയുള്ളൂവെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."