അവള്‍ കടല്‍ കാണാനെത്തി; നമ്മള്‍ മരണത്തിലേക്ക് നടത്തി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതകികളെ കണ്ടെത്തിയത് പൊലിസിന്റെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍. യുവതിയെ കാണാനില്ലെന്ന പരാതി പൊലിസിന് ലഭിച്ചതിനു പിന്നാലെ അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലിസ് അറിഞ്ഞത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലിസ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് യോഗ അധ്യാപകനെയും കോവളത്തെ ലൈംഗിക തൊഴിലാളിയെയും കസ്റ്റഡിയിലെടുത്തു. കൂടാതെ മയക്കു മരുന്നു കേസുകളില്‍പെട്ട ചിലരെയും കസ്റ്റഡിയിലെടുത്തു. ഇതിനു പിന്നാലെയാണ് ഉമേഷിനെയും, ഉദയനെയും പിടികൂടിയത്.
ഉദയന്‍ പരിസരവാസിയോട് സംഭവം നടക്കുന്ന ദിവസം ഒരു അതിഥി എത്തിയിട്ടുണ്ടെന്ന വിവരം കൈമാറിയിരുന്നു. ഇത് പൊലിസ് കണ്ടെത്തിയിരുന്നു. കടല്‍ കാണാനാണ് വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന യുവതി പോത്തന്‍കോട്ടുള്ള ആയുര്‍വേദ ആശുപത്രിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കോവളത്തെത്തിയത്. ഇവിടെ വച്ച് ഉമേഷും ഉദയനും ചേര്‍ന്ന് ഇവരെ പാട്ടിലാക്കി കണ്ടല്‍ക്കാട്ടില്‍ എത്തിക്കുകയായിരുന്നു. ഈ വിവരം പൊലിസിന് നേരത്തെത്തന്നെ ലഭിച്ചു. എന്നാല്‍ സാക്ഷികള്‍ ഇല്ലാത്തതിനാല്‍ അന്വേഷണം ഇവരില്‍ ഒതുക്കുകയും മറ്റുള്ളവരെ കസ്റ്റഡിയില്‍ വച്ചിരിക്കുകയും മാധ്യമങ്ങളില്‍ കൂടി മറ്റു വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഉമേഷും ഉദയനും ഒരു സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു. ഇവരെ പിടികൂടിയതിനു പിന്നാലെ പുറത്തിറക്കാന്‍ ചിലര്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഐ.ജി മനോജ് എബ്രഹാം നേരിട്ടിടപെട്ട് അവരുമായി ചര്‍ച്ച ചെയ്തു. ശാസ്ത്രീയമായി മാത്രമേ ചോദ്യം ചെയ്യാവൂ എന്നും ഏതൊരു കാരണവശാലും ഉപദ്രവിക്കരുതെന്നും ഡി.ജി.പി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
കോവളത്തെ കോളനികള്‍ കേന്ദ്രീകരിച്ചാണ് ഉമേഷും ഉദയനും പ്രവര്‍ത്തിക്കുന്നത്. മയക്കുമരുന്ന് കച്ചവടവും ഉണ്ട്. ഗൈഡായി ചമഞ്ഞാണ് വിദേശികളില്‍ നിന്ന് തട്ടിപ്പ് നടത്തുക. ഇതിനു മുന്‍പും ഇവര്‍ ഇവിടെ സ്ത്രീകളെ കൊണ്ടു വന്നിട്ടുണ്ടെന്നും മയക്ക് മരുന്ന് ഉപയോഗിക്കുന്നവര്‍ ഇവിടെ എത്താറുണ്ടെന്നും പൊലിസ് കണ്ടെത്തിയിരുന്നു.
നാള്‍ വഴികള്‍ ഇങ്ങനെ
വിഷാദ രോഗിയായ വിദേശവനിത സഹോദരിക്കൊപ്പം ഈ കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് കേരളത്തിലെത്തിയത്. ആലപ്പുഴയില്‍ ഒരു ദിവസം ചിലവഴിച്ച ശേഷം കൊല്ലം വള്ളിക്കാവിലുള്ള അമൃതപുരി ആശ്രമത്തിലെത്തി. പിന്നീട് അവിടെ നിന്ന് വര്‍ക്കലയിലേക്ക് പോയി.
കുറച്ചുദിവസം അവിടെ താമസിച്ച ശേഷം ഫെബ്രുവരി 21ന് പോത്തന്‍കോടുള്ള ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തിലെത്തി ചികിത്സ ആരംഭിച്ചു.
ചികിത്സക്കിടെ മാര്‍ച്ച് 14നാണ് കാണാതായത്.
അന്ന് ഒപ്പം താമസിച്ചിരുന്ന സഹോദരി ഇലീസ യോഗ ക്‌ളാസിന് പോയപ്പോള്‍ ശാരീരിക അവശതകള്‍ കാരണം രാവിലത്തെ യോഗ പരിശീലനത്തില്‍ പങ്കെടുക്കാതെ ലിഗ മുറിയില്‍ തന്നെ കഴിയുകയായിരുന്നു. യോഗ കഴിഞ്ഞ് സഹോദരി മുറിയിലെത്തിയപ്പോള്‍ ലിഗയെ മുറിയില്‍ കണ്ടില്ല. തുടര്‍ന്ന് ആദ്യം ആശുപത്രിയുടെ പരിസരത്തും പിന്നീട് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ സമീപപ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ പോത്തന്‍കോട് നിന്ന് ഓട്ടോറിക്ഷയില്‍ കയറി പോകുന്നത് കണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് ഓട്ടം പോയ ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ അന്ന് രാവിലെ 8.30ഓടെ ഓട്ടോയില്‍ കയറിയ യുവതി തനിക്ക് ഏതെങ്കിലും ബീച്ചില്‍ പോകണമെന്ന് പറഞ്ഞുവെന്നും ഇതനുസരിച്ച് കോവളത്ത് കൊണ്ടുവിട്ടുവെന്നും ഡ്രൈവര്‍ അറിയിച്ചു. തുടര്‍ന്ന് പൊലിസ് കോവളവും പരിസരവും അരിച്ചുപെറുക്കിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. നയതന്ത്രതലത്തില്‍ ലിത്വാനിയയില്‍നിന്നും ഇടപെടല്‍ ഉണ്ടായി. ഗോവയിലേക്കും രാമേശ്വരത്തേക്കും അന്വേഷണം വ്യാപിച്ചു. രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലും അന്വേഷണമെത്തി.
നാവികസേനയുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ കടലിലും തിരച്ചില്‍ നടത്തി. ഇതിനിടയില്‍ കുളച്ചല്‍ തീരത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം ലിഗയുടേതാണെന്നും രാമേശ്വരത്ത് ഇവരെ കണ്ടതായുമുള്ള വാര്‍ത്തകളും പ്രചരിച്ചു. പൊലിസിന്റെ അന്വേഷണം എങ്ങുമെത്താതായതോടെ ഇലീസും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും സ്വന്തം നിലക്കും അന്വേഷണം ആരംഭിച്ചിരുന്നു.
തിരുവനന്തപുരത്തും സമീപ ജില്ലകളിലും മാത്രമല്ല ലിഗയെ തിരഞ്ഞ് വടക്കേയറ്റത്തു കാസര്‍കോടുവരെ ഇലീസ് എത്തി. പ്രധാന സ്ഥലങ്ങളിലെല്ലാം ലിഗയെ കാണാനില്ലെന്നും വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നുമുള്ള പോസ്റ്റര്‍ പതിച്ചായിരുന്നു യാത്ര.
കാസര്‍കോട് ജില്ലയില്‍ അന്വേഷണം നടത്തുന്നതിനിടക്കാണ് ഏപ്രില്‍ 20ന് അവരെ തേടി ദു:ഖവാര്‍ത്തയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."