രാഹുല്‍ ദ്രാവിഡ് സീനിയര്‍ ടീം പരിശീലകനായേക്കും
മുംബൈ: മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ഇന്ത്യയുടെ അണ്ടര്‍ 19, എ ടീമുകളുടെ കോച്ചുമായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലകനാകുമെന്നു റിപ്പോര്‍ട്ടുകള്‍. ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നാണു റിപ്പോര്‍ട്ടുകള്‍. നിലവിലെ കോച്ച് കുംബ്ലെയെ പരിശീലക സ്ഥാനത്തു നിന്നു മാറ്റി സ്ഥാനക്കയറ്റം നല്‍കി ടീം ഡയറക്ടര്‍ ആക്കാനും ദ്രാവിഡിനെ പരിശീലകനാക്കാനുമാണു നീക്കങ്ങള്‍.
സുപ്രിം കോടതി നിയമിച്ച താത്കാലിക ഭരണ സമിതിയാണു അഴിച്ചുപണിക്കൊരുങ്ങുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ മാതൃകയില്‍ ബി.സി.സി.ഐ ഉടച്ചുവാര്‍ക്കുകയാണു സമിതി ലക്ഷ്യമിടുന്നത്. ബംഗളൂരുവില്‍ നടന്ന രണ്ടാം ടെസ്റ്റിനു ശേഷം ഭരണ സമിതി കുംബ്ലെയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പരിശീലകനെന്ന നിലയില്‍ ഓസീസിനെതിരായ പരമ്പര കുംബ്ലെയുടെ അവസാന പോരാട്ടമാകും. ഏപ്രില്‍ 14നു കുംബ്ലെ ഡയറക്ടറായി സ്ഥാനമേല്‍ക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഒരാള്‍ തന്നെ ഇന്ത്യയുടെ എല്ലാ ടീമുകളെയും പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണു ഭരണ സമിതി മുന്നോട്ടു വയ്ക്കുന്നത്. അത്തരമൊരു നിര്‍ദേശം വന്നാല്‍ ഇന്ത്യയുടെ സീനിയര്‍ പുരുഷ, വനിതാ ടീമുകളുടെയും അണ്ടര്‍19, എ ടീമുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും വിലയിരുത്തേണ്ടി വരികയും ചെയ്യേണ്ട ചുമതല ഡയറക്ടര്‍ എന്ന നിലയില്‍ കുംബ്ലെയുടെ ഉത്തരവാദിത്വമായി മാറും. കുംബ്ലെ പുതിയ പദവി ഏറ്റെടുത്താല്‍ ബി.സി.സി.ഐ ടീമുകളുടെ ക്രിക്കറ്റ് മത്സരങ്ങളുടെ ചുമതല സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരില്‍ ഒരാള്‍ക്കായിരിക്കും നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."