വിദേശവനിതയുടെ കൊലപാതകം; പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
തിരുവനന്തപുരം: കോവളത്ത് ലാത്വിയന്‍ യുവതിയെ ലഹരിമരുന്നു നല്‍കി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. വാഴമുട്ടം പാച്ചല്ലൂര്‍ പനത്തറ സ്വദേശികളായ ബി. ഉമേഷ് (28), സുഹൃത്ത് ഉദയകുമാര്‍ (26) എന്നിവരെയാണ് നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈമാസം 17വരെ കസ്റ്റഡിയില്‍ വിട്ടത്.
അതേസമയം കേസില്‍ പങ്കില്ലെന്നും പൊലിസ് കസ്റ്റഡിയിലെടുത്ത ശേഷം തങ്ങളെ ക്രൂരമായി മര്‍ദിച്ചതായും ഒന്നാംപ്രതി ഉമേഷ് കോടതിയില്‍ പറഞ്ഞു. പരാതി കോടതിയില്‍ എഴുതി നല്‍കുകയും ചെയ്തു.
പരാതി അന്വേഷിക്കണമെന്നും പ്രതികള്‍ക്കാവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കണമെന്നും കോടതി പൊലിസിന് നിര്‍ദേശം നല്‍കി. അതിനിടെ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പ് കോടതിയിലെത്തിയ ഇരുവരുടെയും ബന്ധുക്കള്‍ പരാതി പറയാന്‍ ശ്രമിച്ചെങ്കിലും മജിസ്‌ട്രേറ്റ് അതിന് അനുമതി നല്‍കിയില്ല. തുടര്‍ന്ന് അന്യായമായി തടങ്കലില്‍വച്ച് പൊലിസ് മര്‍ദിച്ചതായി ആരോപിച്ച് പ്രതികളുടെ ബന്ധുക്കളും കോടതിവളപ്പില്‍ പ്രതിഷേധിച്ചു.
പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നാം പ്രതി ഉമേഷ് വിദേശവനിതയെ കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുവന്നത്. കഞ്ചാവ് നല്‍കി മയക്കിയശേഷം ഉമേഷും രണ്ടാം പ്രതി ഉദയനും വിദേശവനിതയെ രണ്ടുതവണ ലൈംഗികമായി ഉപയോഗിച്ചു. പ്രതികള്‍ വിദേശവനിതയുടെ അടിവസ്ത്രം ഉള്‍പ്പെടെയുള്ളവ കീറിയെറിയുകയും ചെയ്തു. ബോധം വന്ന വിദേശ വനിതയെ വീണ്ടും ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോഴാണ് മൂവരും തമ്മില്‍ പിടിവലി ഉണ്ടായതെന്നും തുടര്‍ന്ന് ഉദയന്‍ അവരുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.മരണം ഉറപ്പാക്കിയശേഷം പ്രതികള്‍ വിദേശവനിതയുടെ മൃതദേഹം കണ്ടല്‍ക്കാട്ടിലെ വള്ളിയില്‍ കെട്ടിതൂക്കിയിട്ടുവെന്നും പ്രതികള്‍ സമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദേശ വനിതയുടെ ചെരിപ്പും അടിവസ്ത്രവും കാടിന് സമീപം ഉപേക്ഷിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉമേഷിനെതിരേ ബലാത്സംഗമുള്‍പ്പെടെ 16 ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഉദയനെതിരേ ആറ് ക്രിമിനല്‍ കേസുകള്‍ പല സ്റ്റേഷനുകളിലുണ്ട്. മൃതദേഹം 37 ദിവസത്തോളം കണ്ടല്‍ക്കാട്ടില്‍ കിടന്നിരുന്നു. ഈ ദിവസങ്ങളില്‍ പ്രതികളുടെ സുഹൃത്തുക്കളായ മൂന്നുപേര്‍ കൂടി ഈ കാട്ടിലെത്തിയതായി പൊലിസ് സംശയിക്കുന്നുണ്ട്. അവര്‍ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടോയെന്നും അന്വേഷിക്കും.
ഉമേഷും ഉദയനും ഇതിനുമുന്‍പും ഇതേ കാട്ടിലെത്തിസ്ത്രീകളെയും കുട്ടികളേയും പീഡിപ്പിച്ചതായാണ് അന്വേഷണത്തിനിടെ പൊലിസിന് ലഭിച്ച സൂചന. എട്ട് സ്ത്രീകള്‍ ഇവര്‍ക്ക് ഇരകളായെന്നാണ് കണ്ടെത്തല്‍. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ഇന്നു മുതല്‍ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അതിനിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്ത് പ്രവേശിക്കാന്‍ അഭിഭാക്ഷകര്‍ സമ്മതിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."