വൈദ്യുതി ജീവനക്കാരെ ആദരിച്ചു
കൊടുവായൂര്‍: ശക്തമായ കാറ്റില്‍ തകര്‍ന്നഎണ്‍പതിലധികം വൈദ്യുതി പോസ്റ്റുകളെ മൂന്നുദിവസത്തിനകം പുനഃസ്ഥാപിച്ച ജീവനക്കാരെ ആദരിച്ചു. ഏപ്രില്‍ ഒന്നിന് രാത്രിയുണ്ടായ ശക്തമായ മഴയിലാണ് എണ്‍പതിലധികം വൈദ്യുതപോസ്റ്റുകള്‍ കൊടുവായൂര്‍ മേഖലയില്‍ മരംവീണും മറ്റുമായി തകര്‍ന്നത്.
തരകക്കാടി, കാക്കയൂര്‍, എത്തന്നൂര്‍, പൂളപ്പറമ്പ്, വലിയാട്ടുകുന്ന്, കോളോട്, കേരളപുരം ഗ്രാമം, വിളയന്നൂര്‍, മരുതിക്കാവ്, പെരുങ്കുന്നം, കിഴക്കേത്തറ, ആണ്ടിത്തറ പ്രദേശങ്ങളില്‍ ഹൈടെന്‍ഷന്‍ ലോടെന്‍ഷന്‍ ലൈനുകളുടെ വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നത്.
പൂര്‍ണമായും ഇരുട്ടിലായ പ്രദേശത്തെ മൂന്നുദിവസത്തിനകമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുവാന്‍ സാധിച്ചത്. രാത്രിയിലും പകലിലുമായി ചടുലമായി ജോലി ചെയ്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച കൊടുവായൂര്‍ കെ.എസ്.ഇ.ബി ജിവനക്കാരേയും 70 കരാര്‍ ജീവനക്കാരേയുമാണ് കൊടുവായൂര്‍ പഞ്ചായത്തില്‍ ആദരിച്ചത്. കൊടുവായൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ ആദരിക്കല്‍ ചടങ്ങ് കെ.ബാബു എം.എല്‍.എ നിര്‍വഹിച്ചു. കെ.എസ്.ഇ.ബി പാലക്കാട് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എ.കെ രവീന്ദ്രന്‍ അധ്യക്ഷനായി. കെ. ബാബു എം.എല്‍.എ ജീവനക്കാരെ ആദരിച്ചു. കൊടുവായൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ്, ചിറ്റൂര്‍ കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.കെ രാജീവ,് കെ.എസ്.ഇ.ബി കൊടുവായൂര്‍ എ.ഇ കെ.എം ഗീത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."