സംയമനത്തിന്റെ പാത പിന്തുടരണം
തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ എം.എയ്ക്ക് പഠിക്കുമ്പോഴാണ് ആദ്യമായി റമദാന്‍ പുണ്യമാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കുന്നത്. കൂട്ടുകാരോടൊത്ത് റമദാന്‍ നോമ്പ് നോല്‍ക്കാനും അന്നു സാധിച്ചിരുന്നു. ക്ലാസില്‍ പഠിച്ചിരുന്ന സി.ഒ അബ്ദുല്ലയുടെ തലശേരിയിലെ പുരാതന മുസ്‌ലിം കുടുംബത്തില്‍ നിരവധി തവണ പോവുകയും നോമ്പുതുറയില്‍ പങ്കാളിയാകുകയും ചെയ്തിട്ടുണ്ട്. കുലീനമായ തറവാട്ടുവീട്ടില്‍ നിന്ന് നോമ്പുതുറയ്ക്കു ശേഷം കഴിച്ച റമദാന്‍ വിഭവങ്ങളുടെ രുചി വര്‍ഷങ്ങള്‍ക്കു ശേഷവും നാവില്‍ ബാക്കിയാണ്. പിന്നീട് പലപ്പോഴും ബിരിയാണി കഴിക്കുമ്പോള്‍ തലശേരി ബിരിയാണിയുടെ മഹത്വം ഓര്‍മയില്‍ വരാറുമുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം കാലിക്കറ്റ് സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന അവസരത്തില്‍ തേഞ്ഞിപ്പാലത്ത് കുടുംബസമേതമായിരുന്നു താമസം. അക്കാലത്ത് അവിടുത്തെ നഗരസഭാ എന്‍ജിനീയറായിരുന്ന കെ.വി അബ്ദുറഹിമാന്‍ സാഹിബിന്റെ വീട്ടില്‍ നിന്നും കഴിച്ച റമദാന്‍ കാലത്തെ മലപ്പുറം വിഭവങ്ങള്‍ ഇന്ന് എവിടേയും കിട്ടാനില്ല. പിന്നീട് സാക്ഷരതാ മിഷന്‍ കാസര്‍കോട് ജില്ലാ പ്രോജക്ട് ഓഫിസറായി ജോലി ചെയ്യുമ്പോള്‍ അന്നത്തെ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബി.കെ അബ്ദുല്ല മാസ്റ്ററുടെ സ്‌നേഹത്തിന്റെ ഉരുക്കുകോട്ട തീര്‍ത്ത് ബേക്കല്‍ കോട്ടയ്ക്കു വിളിപ്പാടകലെ നിലകൊള്ളുന്ന വീട്ടില്‍ നിന്നും നിരവധി തവണ നോമ്പുതുറയില്‍ പങ്കാളിയാകാനും കാസര്‍കോടന്‍ വിഭവങ്ങള്‍ കഴിക്കാനും അവസരം ലഭിച്ചതും ഇന്നും മനസില്‍ കെടാതെ കിടക്കുകയാണ്. ആഗ്രഹങ്ങളേയും അത്യാശങ്ങളേയും നിയന്ത്രിക്കുകയും അവയില്‍ സംയമനവും സാവകാശവും കാണിക്കുക എന്നതുമാണ് റമദാന്‍ പുണ്യമാസം നല്‍കുന്ന സന്ദേശം. ഇത്തരം ആഗ്രഹങ്ങള്‍ക്ക് പുറകേ പോകുന്ന പുതിയ തലമുറ സര്‍വാത്മനാ സംയമനത്തിന്റെ പാത പിന്തുടരണമെന്നാണ് റമദാന്‍ മാസം നമ്മോട് ഓതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."