പുള്ളിമാന്റെ ഇറച്ചിയുമായി മധ്യവയസ്‌കന്‍ പിടിയില്‍
സുല്‍ത്താന്‍ ബത്തേരി: പുള്ളിമാന്റെ ഇറച്ചിയും ആയുധങ്ങളുമായി മധ്യവയസ്‌കനെ വനം വകുപ്പ് പിടികൂടി. നൂല്‍പ്പുഴ എടത്തറ പൂനികുന്നേല്‍ ചന്ദ്രന്‍(52) നെയാണ് പിടികൂടിയത്. ഇയാളെ വീട്ടില്‍ നിന്നും പാചകം ചെയ്തതും,പാചകം ചെയ്യാന്‍ തയാറാക്കിവെച്ചതുമായ പുള്ളിമാന്റെ ഇറച്ചിയും തലയും കൈകാലുകളും പരിശോധനയില്‍ കണ്ടെടുത്തു.
വേട്ടയാടാന്‍ ഉപയോഗിച്ച കത്തിയടക്കമുള്ള ആയുധങ്ങളും പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന ചന്ദ്രന്റെ സഹോദരന്‍ കുഞ്ഞുമോനെന്ന മോഹനന്‍ ഓടി രക്ഷപെട്ടതായും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഇറച്ചി പരിശോധിച്ച് പുള്ളിമാനിന്റേതാണന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."