ചെങ്ങാലൂര്‍ കൊലപാതകം പ്രതിയെ റിമാന്‍ഡ് ചെയ്തു
പുതുക്കാട്: ചെങ്ങാലൂരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്ന കേസിലെ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ദലിത് യുവതിയായ ജീതുവിനെ (29) കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഭര്‍ത്താവുമായ കുണ്ടുകടവ് സ്വദേശി പയ്യപ്പിള്ളി ബിരാജുവിനെയാണ് ചൊവ്വാഴ്ചവരെ ഇരിങ്ങാലക്കുട ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വീണ്ടും പൊലിസ് കസ്റ്റഡിയില്‍ വാങ്ങും.
കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന, ആസൂത്രണം എന്നിവ സംബന്ധിച്ചും പ്രതിയെ സംരക്ഷിച്ചവരെ കുറിച്ചും പൊലിസ് വിശദമായി ചോദ്യം ചെയ്യും. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ പുതുക്കാട് എസ്.ഐ ആര്‍. സുജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലെ ബന്ധുവീട്ടില്‍ നിന്ന് രണ്ടു ദിവസം മുന്‍പാണ് പിടികൂടിയത്. ഈസ്റ്റ് ദാദര്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഇന്നലെ പുലര്‍ച്ചെ പുതുക്കാട് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.കഴിഞ്ഞ ഞായറാഴ്ചയാണ് ജീതുവിനെ ഇയാള്‍ നടുറോഡില്‍ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നത്. ഗുരുതരമായി പൊള്ളലേറ്റ ജീതു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ മരണത്തിനു കീഴടങ്ങി. കസ്റ്റഡിയിലെടുത്ത പ്രതിയെ പുതുക്കാട് എസ്.എച്ച്.ഒ എസ്.പി സുധീരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ചോദ്യം ചെയ്തത്. അതേസമയം ജീതുവിന്റെ കുടംബത്തിനു പട്ടിക ജാതി കമ്മിഷന്‍ അടിയന്തര ധനസഹായം അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യുവതിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കവേയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
കാരണം അവിഹിതവും വിശ്വാസവഞ്ചനയുമെന്ന് പ്രതി
പുതുക്കാട്: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ഭാര്യയെ പെട്രോളൊഴിച്ച് തീവച്ചു കൊന്നതിനു പിന്നില്‍ അവിഹിതബന്ധവും വിശ്വാസ വഞ്ചനയുമാണെന്ന് പ്രതിയായ ബിരാജു പൊലിസിന് മൊഴി നല്‍കി. കൊല്ലപ്പെട്ട ജീതുവിനു മറ്റൊരാളുമായുണ്ടായിരുന്ന ബന്ധം പ്രതി ബിരാജു അറിയുകയും പലവട്ടം മുന്നറിയിപ്പു നല്‍കിയിട്ടും പിന്മാറാന്‍ ഒരുക്കമല്ലായിരുന്നുവെന്നും പ്രതി പറഞ്ഞു. കഴിഞ്ഞ 25നു രാത്രിയില്‍ ജീതുവിനെ കാമുകനൊടൊപ്പം പിടികൂടിയ ബിരാജു പുതുക്കാട് പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് പൊലിസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വിവാഹമോചനത്തിനു തീരുമാനമെടുക്കുകയും ചെയ്തു.
താന്‍ ഗള്‍ഫിലേക്കു പോകുന്നതു വരെ അയാളുമായി ബന്ധം പാടില്ലെന്നു ബിരാജു പറഞ്ഞിരുന്നുവെങ്കിലും ജീതു വകവയ്ക്കാതിരുന്നതു വൈരാഗ്യത്തിനു ആക്കം കൂട്ടിയെന്നും പ്രതി പൊലിസിനോടു പറഞ്ഞു. വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തിലേറെയായിട്ടും ബിരാജുവിനും ജീതുവിനും കുട്ടികളില്ലായിരുന്നു. രണ്ടുപേരും അതിനായുള്ള ചികിത്സയിലുമായിരുന്നു. കുടുംബശ്രീയുടെ അക്കൗണ്ടന്റായിരുന്ന ജീതു തുക കൈവശം വച്ചതുമായി ബന്ധപ്പെട്ട് കുടുംബശ്രീ അംഗങ്ങളുമായി തെറ്റിയിരുന്നു. ഇക്കാര്യം ബിരാജു ചോദ്യം ചെയ്തതും പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. സംഭവദിവസം ജീതുവിനെ കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നാണ് ബിരാജു പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."