ഒരു നുള്ളു മണലിലെ ജലം
'ഉറവിനോടടുത്തു നില്‍ക്കുന്ന ഒന്നിനും
അതിനോടത്ര പെട്ടെന്നു വിടപറയാനാവില്ല.'
-ഹോള്‍ഡര്‍ലിന്‍
ഓരോ മണല്‍ തരിയും ജലം വലിച്ചെടുക്കുന്നതുപോലെയുള്ള പ്രക്രിയയായിരുന്നു ഷൗക്കത്ത് എന്ന കുട്ടിയില്‍നിന്ന് യതിയുടെ ശിഷ്യനായി മാറിയ ഷൗക്കത്തിലേക്കുള്ള യാത്ര. തന്നെത്തന്നെ കണ്ടെത്തുന്നതിനുള്ള ഒരു യാത്രയുടെ തുടക്കമായിരുന്നു അദ്ദേഹത്തിന്റെ ഓരോ യാത്രകളും. ഓരോ തുള്ളിജലത്തില്‍നിന്നും മണല്‍ അതിന്റെ സത്ത വലിച്ചെടുക്കുമ്പോലെ ഓരോ ഇടങ്ങളില്‍നിന്നും തന്റെ ആത്മാവിന്റെ ശരികളെ പിടിച്ചെടുക്കാന്‍ അദ്ദേഹം ശ്രമിച്ചു. കുട്ടിക്കാലം മുതല്‍ തനിയെ ഇരിക്കണമെന്നും ഒളിച്ചോടണമെന്നും തോന്നിയ ആഗ്രഹങ്ങളില്‍നിന്ന് ആത്മാവിന്റെ സത്തയെ കണ്ടെത്താനുള്ള തീര്‍ഥാടനമായി മാറി ഓരോ യാത്രയും. ലക്ഷ്യങ്ങളില്ലാത്ത, ഗുരുക്കന്മാരില്ലാത്ത യാത്രയില്‍നിന്നു മാറി, 1994ല്‍ ഗുരുവുള്ള, ലക്ഷ്യമുള്ള യാത്രയുടെ പാതയിലേക്കു ജീവിതം ടേണ്‍ ചെയ്യപ്പെട്ടു.
അങ്ങനെ ഫേണ്‍ഹില്ലില്‍ യതിയുടെ സഹചാരിയായി ഷൗക്കത്ത്. ജലം മണ്ണിലേക്ക് അരിച്ചിറങ്ങുന്നതുപോലെ ആത്മീയതയുടെ നനവ് ജീവിതത്തിലേക്ക് അരിച്ചിറങ്ങി. ആത്മീയത എന്നതു ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ലഭിച്ചു എന്നതായിരുന്നു തന്റെ യാത്രകളിലൂടെ ഷൗക്കത്തിനു ലഭിച്ച ഏറ്റവും വലിയ അറിവ്. കുട്ടിക്കാലത്തെ ഒളിച്ചോട്ടം ആഗ്രഹിച്ച കുട്ടിയില്‍നിന്ന് അറിവിന്റെ തീര്‍ഥാടകനിലേക്കുള്ള യാത്ര നിലയ്ക്കുന്നില്ല. അങ്ങനെയൊരു യാത്രയില്‍ ഒമാനിലെത്തിയതായിരുന്നു ഷൗക്കത്ത്. യാത്രയെക്കുറിച്ചുമാത്രം സംസാരിക്കാനായിരുന്നു അദ്ദേഹത്തിനു താല്‍പര്യം.
? മരുഭൂമിയിലേക്കുള്ള ആദ്യയാത്രയാണല്ലോ, ജീവിതത്തില്‍ പുതിയ എന്ത് കാഴ്ചപ്പാടാണു മരുഭൂമി താങ്കള്‍ക്കു നല്‍കുന്നത്
എന്റെ ചെറുപ്പത്തിലുള്ള ഏറ്റവും വലിയ സ്വപ്നമായിരുന്നു മരുഭൂമി കാണുക എന്നത്. കുട്ടിക്കാലത്ത് വളരെ മതവിശ്വാസമുള്ള ചുറ്റുപാടില്‍ ജീവിച്ച ഒരാളായതു കൊണ്ടാവാം അത്. കുഞ്ഞുന്നാളില്‍ കേട്ടിട്ടുള്ള പ്രവാചകന്മാരുടെ കഥകളും അവര്‍ മരുഭൂമിയിലൂടെ നടത്തിയ യാത്രകളും യുദ്ധങ്ങളും സമാധാനവുമൊക്കെ എന്റെ മനസില്‍ ഇപ്പോഴും അങ്ങനെത്തന്നെ കിടപ്പുണ്ട്. മരുഭൂമി എന്നത് എന്റെയുള്ളില്‍ കിടക്കുന്ന സാത്വികമായ ഒരിടമാണ്. അപ്പോള്‍ ഹിമാലയമോ മറ്റുള്ള സ്ഥലങ്ങളോ അല്ല അന്നെന്റെ മനസിലുണ്ടായിരുന്നത്. അതൊക്കെ പിന്നീട് കടന്നുവന്നതാണ്. മരുഭൂമിയില്‍ ചെന്ന് സുജൂദില്‍ കിടക്കുകയെന്ന എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒമാനിലെത്തിയപ്പോള്‍ നിറവേറിയത്. എന്നാല്‍ ഒമാനിലെത്തുമ്പോള്‍ നമ്മുടെ സങ്കല്‍പങ്ങളെ തകര്‍ക്കുന്ന ഒരു ഭൂപ്രദേശമാണ് കാണാന്‍ കഴിയുക. പല വര്‍ഷങ്ങളായി ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു പ്രദേശത്തു ജീവിച്ച ഒരാളെന്ന നിലയില്‍ ഗള്‍ഫ് എന്ന എന്റെ മനസിലുള്ള പ്രതീക്ഷയേ ആയിരുന്നില്ല ഇവിടെ വന്നപ്പോള്‍ അനുഭവിക്കാനായത്.
എഴുതുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഒമാനിലേക്ക് വരുന്നത്. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ എഴുത്തിനെക്കാളേറെ ഒമാന്‍ എന്ന വിശാലമായ ഭൂപ്രകൃതിയെ അനുഭവിക്കുക എന്ന ലക്ഷ്യത്തില്‍ എത്തുകയാണുണ്ടായത്. ഒമാന്‍ എന്ന് പറയുന്നതു വെറും മരുഭൂമിയോ ആകാശം മുട്ടിനില്‍ക്കുന്ന കെട്ടിടങ്ങളോ അല്ല. അതിനപ്പുറത്തേക്കു വലിയൊരു ലോകമുണ്ടെന്നു മനസിലാക്കുന്നത് ഇവിടം സന്ദര്‍ശിച്ച സ്ഥലങ്ങള്‍ കണ്ടപ്പോള്‍ മാത്രമാണ്. പ്രകൃതിയുടെ വന്യമായ ഒരുതരം ശാലീനത എന്നൊക്കെ വേണമെങ്കില്‍ പറയാവുന്ന ജബല്‍ ശംസ്, കടല്‍ക്കരയിലേക്കു കയറിയ കണ്ടല്‍ക്കാടുകളുടെ ഒരു ലോകം, കടല്‍ മലയിടുക്കുകളിലേക്കു കയറിയ മത്ര പോലുള്ള ദൃശ്യങ്ങള്‍, പഴയ ഗ്രാമങ്ങള്‍... അങ്ങനെ വൈവിധ്യപൂര്‍ണമായ വ്യത്യസ്തമായ ഭൂപ്രകൃതികള്‍ കാണാന്‍ കഴിഞ്ഞുവെന്നുള്ളതാണ് ഒമാന്‍ യാത്ര കൊണ്ട് അനുഭവിക്കാനായത്.
? ഹിമാലയത്തിലും ഇന്ത്യയിലെ മറ്റു പല പ്രമുഖ ആത്മീയ കേന്ദ്രങ്ങളിലും യാത്ര ചെയ്തിട്ടുള്ള ഒരാളെന്ന നിലയില്‍ അതില്‍നിന്ന് ഈ യാത്ര എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?
ഇന്ത്യന്‍ ഭൂപ്രകൃതി എന്നു പറയുമ്പോള്‍ ഒരു സംസ്‌കാരമുണ്ടല്ലോ... അത് ഒരുപക്ഷേ വ്യത്യസ്തത ഉണ്ടെങ്കിലും ഏതാണ്ട് ഒരു പോലെയാണ്. ഹിമാലയത്തിലും ഗംഗോത്രിയിലും തപോവനത്തിലും ലഡാകിലും പോയപ്പോള്‍ എന്താണോ അനുഭവിക്കുന്നത് അതേ അനുഭവം തന്നെയായിരുന്നു മരുഭൂമിയിലും എത്തിയപ്പോള്‍ അനുഭവിക്കാനായത്. സത്യത്തില്‍ 'പലമതസാരവുമേകം' എന്നൊക്കെ ശ്രീനാരായണഗുരു പറയുന്നതുപോലെ മനുഷ്യന്റെ വിശ്വാസത്തില്‍നിന്ന് ആ ഒരു സൗന്ദര്യബോധം നഷ്ടപ്പെട്ടുപോയതു കൊണ്ടാണ് മനുഷ്യര്‍ തമ്മില്‍ ഇത്രമാത്രം അകല്‍ച്ച ഉണ്ടായതെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. മനുഷ്യര്‍ പലപല ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ഥിക്കാറുണ്ട്. പക്ഷേ അതു പകരുന്ന സൗന്ദര്യാനുഭൂതി പ്രകൃതിയുമായി ഇണക്കുന്ന ഒരുതലം എവിടെയോ നഷ്ടപ്പെട്ടുപോയി. അതുകൊണ്ടാണ് മനുഷ്യന്‍ കര്‍ക്കശനാവുന്നത്. അതല്ലെങ്കില്‍ ഈ ആരാധനകളൊക്കെ മനുഷ്യനെ ആഴത്തിലുള്ള ഒരു ഐക്യത്തിലേക്ക് കൊണ്ടുവരാന്‍ സഹായിക്കേണ്ടതാണ്. പക്ഷേ അതു സാധിക്കുന്നില്ല. അപ്പോള്‍ എവിടെ പോയാലും എങ്ങിനെ കിടന്നാലും ഇപ്പറയുന്നതുപോലെ ഈ അതിരുകളില്ലാത്ത ഒരുലോകം ഏതു പ്രകൃതിയുടെ വിശാലതയും സമ്മാനിക്കുന്നത് ഒന്നു തന്നെയാണ് എന്ന അനുഭവം മരുഭൂമിയും പകര്‍ന്നുതന്നു എന്നുള്ളതാണു സത്യം.
മല പകര്‍ന്നതും മഞ്ഞും കടലും പുഴയും ആകാശനക്ഷത്രങ്ങള്‍ പകര്‍ന്നതും എന്തായിരുന്നോ അതു തന്നെയായിരുന്നു മരുഭൂമിയും ചേര്‍ത്തുപിടിച്ച് നിറച്ചുതന്നത്. ഉറച്ചുപോയ ഭൂമിയില്‍ കാലുറപ്പിച്ച ധാര്‍ഷ്ട്യം തെന്നിപ്പോകുന്ന ആ മണ്‍പുഴയൊഴുക്കില്‍ ഉറച്ചുനില്‍ക്കാനാവാതെ നിസഹായമാകുമ്പോള്‍ ആ നിസഹായതയോളം മഹത്തായ മറ്റൊന്നുമില്ലെന്ന് അകമേ പടരുന്ന മൗനം അനുഭവിപ്പിക്കുകയായിരുന്നു. മരുഭൂമിയിലെ വെണ്‍ഭസ്മം പോലെ മൃദുവായ മണല്‍തരികള്‍ രാത്രിയില്‍ ഇത്രയും കുളിരാര്‍ന്നു മയങ്ങുന്നത് മദ്ധ്യാഹ്ന സൂര്യനെ അത്രമാത്രം പരാതിയില്ലാതെ ഹൃദയത്തിലേക്ക് ആവാഹിക്കുന്നതു കൊണ്ടുതന്നെയാണ്. ചുറ്റും മണല്‍കൂനകള്‍ മൗനമായി മയങ്ങുന്ന രാത്രിയില്‍ ആകാശവും തിളങ്ങുന്ന നക്ഷത്രങ്ങളും പതിവില്ലാത്തവിധം ഇത്രയും അടുത്തുനില്‍ക്കുന്നതു പോലെ അനുഭവപ്പെട്ടത് ആകാശം താഴേക്കിറങ്ങി വന്നതുകൊണ്ടായിരുന്നില്ല. മറിച്ച് ഞാന്‍ അത്രയും താഴെയായിരുന്നതു കൊണ്ടുതന്നെയാണ്. ഒന്നും കൈയെത്തിച്ചാല്‍ തൊടാവുന്നത്ര അടുത്ത് നിറഞ്ഞു മന്ദഹസിച്ചു നില്‍ക്കുന്ന നക്ഷത്രകോടികള്‍ക്കു മുന്നില്‍ കണ്ണടഞ്ഞു പോയപ്പോള്‍ ഹൃദയത്തില്‍ വിരിഞ്ഞത് അതു തന്നെയായിരുന്നു: താഴെ, അതെത്ര ആഴത്തില്‍ കഴിയുമോ അത്രയും ആഴത്തില്‍ ഇരുന്നു കൊടുക്കുക. ആകാശങ്ങളായ ആകാശങ്ങളെല്ലാം ഹൃദയത്തിലേക്ക് ഇറങ്ങി വരും. നക്ഷത്രത്തിളക്കങ്ങള്‍ ആത്മാവിനെ മൃദുവായി ചുംബിക്കും. അതു ജീവിതത്തിലേക്ക് അനന്തമായ വഴിയായി വിടരും.
? മറ്റ് ഗള്‍ഫ് രാജ്യങ്ങളെക്കുറിച്ചുള്ള കേട്ടറിവുകള്‍ വച്ചുനോക്കുമ്പോള്‍ ഒമാന്‍ എന്ന രാജ്യം എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?
ഏതൊരു സ്ഥലത്ത് പോയാലും ആ ഇടത്തെ അനുഭവിപ്പിക്കുക അവിടത്തെ മനുഷ്യരാണ്. നമ്മള്‍ ഒരു മനുഷ്യജീവി ആണെന്നതു തന്നെ കാരണം. ആ ഇടം എത്രമാത്രം സൗന്ദര്യമുണ്ടെങ്കിലും എത്രമാത്രം വൈവിധ്യമുണ്ടെങ്കിലും അവിടെ കണ്ടുമുട്ടുന്ന മനുഷ്യര്‍ നമുക്കു പകരുന്ന ഒരു വികാരമുണ്ട്. അവിടെനിന്നാണു പ്രകൃതിയിലേക്കുള്ള ഒരു യാത്ര തുടങ്ങുന്നത്. ഒമാനിലെ ജനങ്ങള്‍ ചരിത്രത്തോടും പരിസ്ഥിതിയോടും ഇണങ്ങിജീവിക്കുന്ന കാഴ്ചയാണ് എനിക്കവിടെപ്പോയപ്പോള്‍ കാണാന്‍ കഴിഞ്ഞത്. പുറത്തിറങ്ങി നോക്കുമ്പോള്‍ ആകാശം തൊടുന്ന ഒരു കെട്ടിടവും അവിടെ കാണാന്‍ കഴിഞ്ഞില്ല. കൊച്ചിയില്‍ പോയാല്‍ പോലും ഒരുപക്ഷെ നമുക്ക് ആകാശം കാണാന്‍ കഴിയില്ല. ആകാശത്തെ മറക്കാത്ത മനസുകള്‍ ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം ഒരുപക്ഷെ അവിടെ ആകാശം മറയ്ക്കുന്ന കെട്ടിടങ്ങള്‍ പണിയാത്തത്. ലോകത്തിനു മുഴുവന്‍ മാതൃകയാക്കാവുന്ന ഒരു വികസനപദ്ധതിയാണ് അവിടത്തെ സര്‍ക്കാര്‍ നടപ്പാക്കുന്നത് എന്നെനിക്കു തോന്നി.
ഒമാനിലെത്തിയപ്പോള്‍ ഞാന്‍ ഏറ്റവും അത്ഭുതപ്പെട്ടത് അവിടത്തെ ഒരു അന്താരാഷ്ട്ര പുസ്തകോത്സവം സന്ദര്‍ശിച്ചപ്പോഴാണ്. ചെറിയ കുട്ടികളുമായി വന്നു മാതാപിതാക്കള്‍ അവര്‍ക്കു പുസ്തകങ്ങള്‍ വാങ്ങിച്ചുകൊടുക്കുന്ന കാഴ്ച കണ്ടപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. ഒരു ചന്തയുടെ പ്രതീതിയായിരുന്നു അവിടം മുഴുവന്‍. വലിയ ട്രോളികളിലായി പുസ്തകം നിറച്ചു കൊണ്ടു പോകുന്ന പുതിയ തലമുറയിലെ വായനക്കാര്‍. അവര്‍ ആവശ്യപ്പെടുന്നതാവട്ടെ വളരെ നല്ല പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങളൊക്കെയായിരുന്നു. വളരെ പ്രാകൃതമായിട്ടുള്ള പൗരാണികഭൂമികയില്‍നിന്ന് ഇങ്ങേയറ്റം വരെ വളര്‍ന്നുനില്‍ക്കുന്ന ഏറ്റവും ആധുനികമായ ഇടയിലുള്ള എല്ലാ സംസ്‌കാരങ്ങളുടെയും അവശിഷ്ടങ്ങള്‍ പേറി അവിടത്തെ മനുഷ്യര്‍ ജീവിക്കുന്ന ഒരിടമെന്ന നിലയില്‍ ഒമാന്‍ എന്ന രാജ്യത്തിനു വളരെ പ്രസക്തിയുണ്ട്.
? പ്രവാസികളുടെ ജീവിതം കണ്ടിരിക്കുമല്ലോ, പ്രവാസത്തെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ?
ഞാന്‍ മൂന്നു മാസക്കാലത്തോളം ഒമാനിലുണ്ടായിരുന്നു. ജാസിം എന്ന സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് അവിടെയെത്തുന്നത്. ഒമാനില്‍ എനിക്കു പരിചയക്കാരെന്ന നിലയില്‍ ആകെയുണ്ടായിരുന്നതു നേരിട്ടു കണ്ടിട്ടുപോലുമില്ലാത്ത ഷൗക്കത്ത് എന്ന സുഹൃത്തായിരുന്നു. പിന്നെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കുറച്ചു സുഹൃത്തുക്കളും. തികച്ചും അപരിചിതമായ ഒരു സ്ഥലത്തു വന്നിരുന്ന് എനിക്കെഴുതാനുള്ള പുസ്തകങ്ങളുടെ ജോലി എത്രയും പെട്ടെന്നു തീര്‍ക്കാം എന്ന ഒരൊറ്റ ആലോചനയേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അവിടെയുണ്ടായ മൂന്നു മാസക്കാലം എനിക്കു ചിന്തിക്കാന്‍ കഴിയാത്തത്രയധികം മനുഷ്യരുമായി ആഴത്തില്‍ ഇടപെടാന്‍ കഴിഞ്ഞു. മൂന്നു മാസം എന്നു പറയുന്നത് ഒരേസമയം മൂന്ന് സെക്കന്‍ഡ് പോലെയും അതുപോലെ മൂന്നു വര്‍ഷം പോലെയുമാണ് എനിക്ക് ഫീല്‍ ചെയ്തത്. യതിയെ കുറിച്ചും ഗുരുവിനെക്കുറിച്ചും പലസ്ഥലങ്ങളിലും സംസാരിക്കാനുള്ള കുറെയേറെ അവസരങ്ങള്‍ അവിടത്തെ കൂട്ടായ്മകള്‍ ഒരുക്കിത്തന്നു. എന്നാല്‍ ഏറ്റവും പ്രധാനം നാട് വിട്ടുപോയ ഒരു പ്രവാസി വേറൊരു സ്ഥലത്തു ചെല്ലുമ്പോള്‍ ജീവിതത്തെക്കുറിച്ചു പറയുന്ന ഒരാളെ അല്ലെങ്കില്‍ അവര്‍ക്ക് അവരുടെ ജീവിതം പറയുന്ന ഒരാളെ തിരക്കില്ലാതെ കിട്ടുക എന്നു പറയുന്നത് അവരിലുണ്ടാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. മറ്റൊരു പ്രത്യേകത ഇവിടെ ജീവിക്കുന്ന മലയാളികളായ പ്രവാസികള്‍ വളരെയധികം തീവ്രമായ അനുഭവലോകമുള്ളവരാണെന്നതാണ്. പരസ്പരസൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഒമാനിലെ പ്രവാസികള്‍. ഒമാനില്‍ കണ്ടുമുട്ടിയ പേരെടുത്ത് പറയാനാവാത്ത ഓരോ വ്യക്തിയും അവര്‍ പകര്‍ന്നുതന്ന സൗഹൃദത്തിന്റെ നനവ് എന്നും ഞാന്‍ മനസില്‍ സൂക്ഷിക്കും.
? സലാലയില്‍ പോയിരുന്നുവല്ലോ, കേരളത്തിന്റെ ഒരു മിനിയേച്ചര്‍ ആണെന്ന് തോന്നിയോ അവിടം?
സലാലയെ കുറിച്ചു വളരെയധികം കേട്ടിട്ടുണ്ടായിരുന്നു. അവിടെ പോകണമെന്നു വലിയ ആഗ്രഹവുമുണ്ടായിരുന്നു. എന്നാല്‍ ഒമാനില്‍നിന്നു തിരിച്ചു നാട്ടിലേക്കു വരുന്ന അവസാന ദിവസങ്ങളിലാണ് അവിടേക്കുള്ള യാത്ര തരപ്പെട്ടത്. മറ്റൊരു കേരളത്തിലേക്കു പ്രവേശിച്ചതുപോലെയാണ് എനിക്കപ്പോള്‍ തോന്നിയത്.
അവിടത്തെ പച്ചപ്പ് പോലെ മനുഷ്യരുടെ ഹൃദയത്തിലും ഒരുപാട് പച്ചപ്പ് സൂക്ഷിക്കുന്ന അനവധി ആളുകളെ പരിചയപ്പെടാനായി. അവിടെ വ്യത്യസ്തമായ മതവിഭാഗങ്ങളിലും സംഘടനകളിലും സമുദായങ്ങളിലുംപെട്ട മനുഷ്യര്‍ വളരെ ആഴമേറിയ പാരസ്പര്യത്തില്‍ കഴിയുന്നതാണു കാണാന്‍ കഴിഞ്ഞത്. രണ്ടു ദിവസം മാത്രമേ ഞാന്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ എത്രയോ കാലം ജീവിച്ച ഒരു സംതൃപ്തി എനിക്ക് സലാല യാത്ര കൊണ്ട് നേടാനായി. വളരെ മനോഹരമായ വ്യത്യസ്തതകള്‍ നിറഞ്ഞ ഒരു ഭൂമിയാണ് സലാല. അവിടെ പല ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളൊക്കെ കാണാന്‍ കഴിഞ്ഞു. അത് ഒരുപാടു സന്തോഷം നല്‍കി. അവിടത്തെ ഭൂപ്രകൃതിയുടെ ധ്യാനാത്മകത എന്നെ വല്ലാതെ സ്പര്‍ശിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."