NIAക്ക് തിരിച്ചും പണികൊടുത്ത് മമത; പുലര്‍ച്ചെ വീട്ടില്‍ റെയ്ഡിനെത്തിയ NIA ഉദ്യോഗസ്ഥര്‍ക്കെതിരേ പീഡനത്തിന് കേസ്, കടുത്ത ആരോപണവും
കൊല്‍ക്കത്ത: ഈസ്റ്റ് മേദിനിപൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സിയായ എന്‍.ഐ.എ നീക്കം നടത്തിവരുന്നതിനിടെ, തിരിച്ചും പണികൊടുത്ത് സംസ്ഥാന സര്‍ക്കാര്‍. സ്‌ഫോടനക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്ത എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്കെതിരേ ലൈംഗികപീഡനത്തിന് സംസ്ഥാന പൊലിസ് കേസെടുത്തു. അറസ്റ്റിലായ പ്രതികളുടെ ഭാര്യമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. അറസ്റ്റ്‌ചെയ്യാനെത്തിയ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് നേരെ അതിക്രമം നടത്തിയെന്ന് സ്ത്രീകള്‍ പരാതിപ്പെട്ടിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഭൂപിതാനിനഗര്‍ മേഖലയില്‍ നടത്തിയ റെയ്ഡിനിടെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ അതിക്രമം കാണിച്ചെന്നാണ് പരാതി. റെയ്ഡിനെത്തിയ എന്‍.ഐ.എ സംഘത്തെ പ്രദേശവാസികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതിനിടെ എന്‍.ഐ.എ സംഘത്തിന് നേരെ ആക്രമണവും ഉണ്ടായി. എന്‍.ഐ.എ സംഘത്തിന്റെ വാഹനവും ആക്രമിക്കപ്പെട്ടിരുന്നു. പിന്നാലൊണ് പ്രതികളായ ബലൈ ചരണ്‍ മെയ്തി, മാനബ്രേത ജന എന്നിവരെ എന്‍.ഐ.എ അറസ്റ്റ്‌ചെയ്തത്. രണ്ടുപേരും സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളാണെന്നാണ് എന്‍.ഐ.എ പറയുന്നത്.
ഇതില്‍ മാനബ്രേത ജനയുടെ ഭാര്യയാണ് ഭൂപതി നഗര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഐ.പി.സി 354 (സ്ത്രീകളുടെ മാനം കളങ്കപ്പെടുത്തല്‍) വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പൊലിസ് അറിയിച്ചു. രാത്രി വൈകി വീട്ടിലെത്തി വാതില്‍ തകര്‍ത്താണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതെന്നാണ് പരാതിയിലുള്ളത്. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
എന്‍.ഐ.എ സംഘത്തിന് നേര്‍ക്കുണ്ടായ ആക്രമണം സ്വാഭാവികമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അര്‍ധരാത്രി ഏതെങ്കിലും അപരിചിതര്‍ ഗ്രാമങ്ങളില്‍ വന്നാല്‍ ആ നാട്ടുകാര്‍ ചെയ്യുന്നതുപോലെയാണ് ഇവിടെയും സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പിന്നാലെ എന്‍.ഐ.എക്കെതിരേ കടുത്ത ആരോപണവും തൃണമൂല്‍ കോണ്‍ഗ്രസ് ഉന്നയിച്ചു. തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ തകര്‍ക്കാനായി ബിജെപിയുമായി എന്‍.ഐ.എ ഗൂഢാലോചന നടത്തുകയാണെന്നും ബംഗാളിലെ ബിജെപി നേതാക്കളുമായി കേന്ദ്ര ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."