കോരപ്പുഴ പാലത്തിലെ കുരുക്കഴിയുന്നു: പുതുക്കിപ്പണിയാന്‍ ഭരണാനുമതി
കോഴിക്കോട്: കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ റോഡുമാര്‍ഗം യാത്ര ചെയ്യുന്നവരുടെ പ്രധാന വെല്ലുവിളിയായിരുന്ന കോരപ്പുഴ പാലത്തിലെ കുരുക്കഴിയുന്നു. സ്ഥലം എം.എല്‍.എയും ഗതാഗത മന്ത്രിയുമായ എ.കെ ശശീന്ദ്രന്റെ മണ്ഡലം വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു കോരപ്പുഴ പാലം പുതുക്കിപ്പണിയുന്നത്.
ശോച്യാവസ്ഥയിലായ നിലവിലുള്ള പാലം പൊളിച്ചുമാറ്റി അതേ സ്ഥലത്തുതന്നെ പുതിയ പാലത്തിനു ഭരണാനുമതി ലഭിച്ചതായും ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.
പാവങ്ങാട് മുതല്‍ കോരപ്പുഴ വരെ റോഡ് വീതികൂട്ടി നടപ്പാത സൗകര്യത്തോടുകൂടി നിര്‍മിക്കാന്‍ നാലു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രണ്ടു പദ്ധതികളും പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ജില്ലയിലെ ജനപ്രതിനിധികളുടെ അവലോകന യോഗത്തിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. ദേശീയപാത 17ലെ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഈ പാലത്തിനു മലബാറിന്റെ വികസനചരിത്രത്തില്‍ ഏഴു പതിറ്റാണ്ടിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കാനുണ്ട്. 1938ല്‍ നിര്‍മാണമാരംഭിച്ച കോരപ്പുഴ പാലം 1940ലാണ് തുറന്നത്. പുതിയ ബൈപാസ് സമാന്തരമായി വന്നിട്ടുണ്ടെങ്കിലും ഇന്നും പാലത്തിലൂടെയുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ കുറവു വന്നിട്ടില്ലെന്ന സാഹചര്യത്തില്‍ പുതിയ പദ്ധതി കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്.
രണ്ടുവര്‍ഷത്തിനിടെ 400 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ എലത്തൂര്‍ മണ്ഡലത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. നിലവില്‍ ജില്ലയിലെ പഞ്ചായത്തുകളില്‍ നടക്കുന്ന എം.എല്‍.എ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കാനും മന്ത്രി നിര്‍ദേശിച്ചു.
70 ശതമാനം പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഇതുവരെ പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിറവ് പദ്ധതിക്കായി എഴു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന, മുക്കം മുഹമ്മദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."