ഗുര്‍മെഹര്‍: മാറുന്ന ഇന്ത്യയുടെ സാമൂഹിക മുഖം
ഗുര്‍ മെഹറിനെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ നന്നായി അറിയാമായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും അവളെ സംബന്ധിച്ച് ചര്‍ച്ച ചെയ് തതോടെയാണ് മുഖ്യധാരയിലേക്ക് ഗുര്‍മെഹര്‍ കടന്നുവരുന്നത്. ഇപ്പോള്‍ ഇവര്‍ക്കൊക്കെ മെഹറിന്റെ ചെറുജീവചരിത്രം തന്നെ എഴുതാന്‍ മാത്രം വിപുലമായിരിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. സെലിബ്രിറ്റികളും സമൂഹത്തിന്റെ ഉന്നതങ്ങളിലുള്ളവരും മെഹറിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.
ജാവേദ് അക്തര്‍ ഗുര്‍മെഹറിനെ അനുകൂലിച്ചപ്പോള്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് പരിഹസിക്കുകയും കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ രാജ്യദ്രോഹിയെന്ന് വരെ മുദ്രകുത്തി. സാധാരണക്കാരിയായ ഒരു ഡല്‍ഹി യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി ഇത്രപെട്ടന്ന് യൗവ്വന ഐക്കണായി മാറിയെന്നത് അതിശയോക്തിയാണ്.
വിയോജിപ്പിന്റെ പ്രതീകം
ഗുര്‍മെഹറെന്ന വിദ്യാര്‍ഥി പൊതുധാരയിലേക്ക് കടന്നുവന്നത് പോലെ അടുത്ത ദിവസങ്ങളില്‍ അവള്‍ അപ്രത്യക്ഷമായേക്കാം. ചാനലുകളും പത്രങ്ങളും അവളെ മറന്നേക്കാം. പക്ഷെ അവള്‍ ഉയര്‍ത്തിയ ആശയത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അനുരണനങ്ങള്‍ ഇന്ത്യയില്‍ കാലങ്ങളോളം പ്രകമ്പനം കൊണ്ടേക്കും. ഈ 19 കാരി ഇന്ത്യയുടെ സ്വതന്ത്ര അഭിപ്രയ പ്രടനത്തിന്റെ പ്രതീകമാണ്.
ആരാണ് എന്താണ് ഗുര്‍ മെഹര്‍ എന്ന ചോദ്യത്തിന്റെ ഉത്തരം വിയോജിപ്പിന്റെയും ഭിന്നാഭിപ്രായ പ്രകടനത്തിന്റെയും പ്രതീകമാണ് അവള്‍ എന്നാണ് മറുപടി. ഗുര്‍മെഹര്‍ സംവാദങ്ങള്‍ക്ക് വിഷയീഭവിക്കുന്നത് ഡല്‍ഹി രാംജാസ് കോളജില്‍ എ.ബി.വി.പി അഭിപ്രായ സ്വാതന്ത്ര്യത്തെ മുഷ്ടികൊണ്ട് കൊട്ടിയടക്കാന്‍ ശ്രമിച്ചപ്പോള്‍ ഭരണഘടന അനുധാവനം ചെയ്യുന്ന അവകാശങ്ങളാല്‍ വിയോജിപ്പിന്റെ ധ്വനികള്‍ ഉയര്‍ത്തിയതിലൂടെയാണ്. എന്നാല്‍, മെഹര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളെ ദേശവിരുദ്ധതയുടെ കൊടിയുയര്‍ത്തി വഴിമാറ്റാന്‍ ചിലര്‍ ശ്രമിച്ചതിന്റെ സംവാദ അന്തരീക്ഷം ഇപ്പോഴും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്.
ഗുര്‍മെഹറും മുന്‍പേ വന്നവരും
പലരും ഭീരുത്വത്തില്‍ അഭയം പ്രാപിച്ചപ്പോള്‍ ജനാധിപത്യ വിരുദ്ധതക്കെതിരേ ഗുര്‍മെഹര്‍ ഭയലേശമന്യേ പ്രതികരിച്ചു. ഭൂരിപക്ഷ അഭിപ്രായത്തിനെതിരേ ശബ്ദിക്കുന്നതില്‍ അവള്‍ ഒറ്റക്കല്ല. ഇത്തരത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് അപ്രതീക്ഷിത നായകന്മാരായ ചിലര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ രംഗപ്രവേശം നടത്തിയിരുന്നു. ഭൂരിപക്ഷ രാഷ്ട്രീയത്തിനെതിരേ ഗുജറാത്തില്‍ രംഗത്തുവന്ന 24 കാരന്‍ ഹാര്‍ദിക് പട്ടേല്‍, ജാതി വിവേചനത്തിന്റെ കെടുതികള്‍ അവസാനിപ്പിക്കാനും ദലിത് ചൂഷണത്തിനെതിരേ പോരാട്ടം തുടരുന്ന 32 കാരന്‍ ജിഗ്നേഷ് മാവാനിയും രണ്ട് വര്‍ഷം മുന്‍പ് സ്വജീവിതം ബലിയര്‍പ്പിച്ച് ദലിതന്റെ ഉന്നമനത്തിനും വിവേചനത്തിനുമെതിരേ യൗവ്വന പ്രതീകമായി വന്ന ഹൈദരാബാദ് യൂനിവേഴ്‌സിറ്റി പി. എച്ച്. ഡി വിദ്യാര്‍ഥി രോഹിത് വെമൂല തുടങ്ങിയവര്‍ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചവരായിരുന്നു.
അതേസമയം കശ്മിരിന്റെ സമാധാനവും അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയും എന്ന വിഷയത്തെ ആസ്പദമാക്കി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ സംവാദം നടത്തിയിരുന്നു. ഇതായിരുന്ന എ.ബി.വി.പിയുടെ ആക്രമണങ്ങളുടെ അഴിച്ചുവിടലിനും യൂനിവേഴ്‌സിറ്റിയെ മുഴുവനായും ദേശവിരുദ്ധതയുടെ വാണിഭ ഇടമായി വിലയിരുത്താന്‍ ചിലമാധ്യമങ്ങളെ പ്രചോദിപ്പിച്ചത്. ഈ കോലാഹലങ്ങളാണ് നമുക്ക് കനയ്യ കുമാറിനെ തന്നത്. 2011ല്‍ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലൂടെയായിരുന്നു അണ്ണാഹസാരെ വന്നത്. ഹസാരെ ഉയര്‍ത്തിയ വിപ്ലവ വീര്യം പലഭാഗങ്ങളിലേക്കും ജ്വലിച്ചു. ഈ ദീപശിഖ ഏറ്റെടുത്ത് ഇന്നും മുന്നോട്ട് നയിക്കുന്ന അരവിന്ദ് കെജ്‌രിവാള്‍ അന്ന് ഉയര്‍ന്ന് വന്നതായിരുന്നു.
പൊതുജനം വേലിക്കെട്ടുകള്‍ തകര്‍ക്കുമ്പോള്‍
മുകളില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ സാമ്പ്രദായിക രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിരുദ്ധമായി പുതിയ സംവാദങ്ങള്‍ക്ക് തിരകൊളുത്തിയവരാണ്. ഗുര്‍ മെഹറും ഹാര്‍ദികും കനയ്യയുമെല്ലാം പഴകിപ്പുളിച്ച വിഷയങ്ങള്‍ക്കിടയിലേക്ക് ജനകീയ രാഷ്ട്രീയ കഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായി സമാന്തര അഭിപ്രായമുയര്‍ത്തിയവരാണ്. മുഖ്യധാരയിലേക്ക് ഇവര്‍ കടന്നുവരുന്നതിന്റെ മുന്‍പ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് പരിചിതമായവരല്ല. ആദ്യമായി തങ്ങളുടെ അഭിപ്രായപ്രകടനം നടത്തിയപ്പോള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണക്കുകയോ പാര്‍ട്ടി പ്രവര്‍ത്തകരോ ആയിരുന്നില്ല ഇവരില്‍ ഭൂരിപക്ഷവും.
സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും ഇത്തരത്തിലുള്ള പൊതുധാര രാഷ്ട്രീയ ചലനങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയവര്‍ സാധാരണക്കാരായിരുന്നു. ഗുര്‍മെഹര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സംവാദ അന്തരീക്ഷവും ഇത്തരത്തില്‍ നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇച്ഛാഭംഗം വരുത്തിയിട്ടുണ്ട്.
ബി.ജെ.പിയുടെ രാമ ജന്മഭൂമിയും ജെപിയുടെ അടിയന്തരാവസ്ഥാ വിരുദ്ധ മുന്നേറ്റവും രാം മനോഹര്‍ ലോഹ്യയുടെ ജാതി വിവേചനത്തിന് എതിരായുള്ള പോരാട്ടങ്ങളൊക്കെ അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ ആത്യന്തിക ലക്ഷ്യമായിരുന്നു. പക്ഷെ സാധാരണക്കാരായ അണ്ണാഹസാരെ മുതല്‍ ഗുര്‍മെഹര്‍ വരെയുള്ളവരുടെ സമരങ്ങള്‍ക്ക് ഇത്തരം രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് സമാനമായിരുന്നില്ല. സാധാരണക്കാരന്‍ ദേശീയ രാഷ്ട്രീയ ത്തില്‍ സംവാദങ്ങള്‍ക്ക് നാന്ദികുറിക്കുന്ന മുദ്രാവാക്യങ്ങള്‍ക്ക് തിരികൊളുത്തുന്ന വിഷയങ്ങളാണ് ഇവര്‍ ഉയര്‍ത്തിയത്.
ശുഭ പ്രതീക്ഷയുടെ പുതുപുലരി
വിപ്ലവ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ക്ക് തിരികൊളുത്തിയതിനെ കുറിച്ചോര്‍ക്കുമ്പോള്‍ വാഇല്‍ ഗനീമിന്റെ നാമം മനസിലേക്ക് ഓടിയെത്തും. 2011 ജനുവരി 25 വരെ ഇദ്ദേഹം സാധാരണക്കാരനായ ഈജിപ്തുകാരനായിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ വാഇല്‍ ഗനീം ടൈം മാഗസിന്റെ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ നൂറില്‍ ഒരാളായി മാറി. ഈജിപ്തില്‍ പടര്‍ന്ന് പിടിക്കുന്ന അശാന്തിയുടെയും അസന്തുലിത ജീവിതത്തിന്റെയും തഹ്‌രീര്‍ സ്‌ക്വയറിലെ പ്രക്ഷോഭങ്ങളുടെയും ചലനങ്ങള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചതായിരുന്നു ഗനീമിന്റെ പെട്ടെന്നുള്ള പ്രശസ്തിക്ക് കാരണം. ഇദ്ദേഹത്തിലൂടെ വ്യാപകമായി പ്രചരിച്ച വിവരങ്ങളായിരുന്നു 2011 ല്‍ ഈജിപ്തില്‍ നടന്ന വിപ്ലവങ്ങളുടെ പ്രധാനപ്രചോദനം.
രണ്ടു ദശകമായി തുടരുന്ന സ്വജനപക്ഷപാതത്തിന്റെയും ഏകാധിപത്യ ഭരണകൂടം ഈ പ്രക്ഷോഭത്തിലൂടെ തകര്‍ന്ന് വീണെന്ന് മാത്രമല്ല പ്രസിഡന്റായ ഹുസ്‌നി മുബാറക്കിനെ ജയിലറകളിലേക്ക് പറഞ്ഞയക്കാന്‍ കൂടി ഗനീം തുടക്കം കുറിച്ച പ്രക്ഷോഭങ്ങളിലൂടെ സാധ്യമായി. സമാനമായ രീതിയിലായിരുന്നു ഫ്രാന്‍സില്‍ ഫ്യൂഡലിസത്തിന്റെ ചര്‍ച്ചിന്റെ ഏകാധിപത്യത്തിനെതിരേ 1789 ഫ്രാന്‍സില്‍ ജേക്കബിന്റെയും കൂട്ടാളികളുടെയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍. ചരിത്രകാനായ ഹോബ്‌സ് ബോണ്‍ എഴുതിയിട്ടുണ്ട് ജനങ്ങള്‍ വിശ്വാസവും പ്രതീക്ഷയും കൈമുതലാക്കി നടത്തിയ പ്രക്ഷോഭങ്ങള്‍ വിപ്ലവങ്ങള്‍ക്ക് നാന്ദികുറിച്ചിട്ടുണ്ട്. ഇത്തരം പോരാട്ടങ്ങളാണ് ഏകാധിപത്യത്തെ കടപുഴക്കി ജനാധിപത്യത്തിന് വഴിവച്ചത്.
ഗുര്‍മെഹര്‍ ഒറ്റക്കല്ല
സാമ്പ്രദായിക അന്തരീക്ഷത്തിന് വിരുദ്ധമായി ഉയര്‍ന്ന് വരുന്ന പുതിയ അജന്‍ഡകളും വിയോജിപ്പുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതുണ്ട്. ഗുര്‍മെഹര്‍ ഒറ്റക്കല്ല. അവള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ദിഗന്തങ്ങള്‍ ഭേദിച്ച് ലോകത്ത് മുഴുവന്‍ അലയടിക്കുകയാണ്. ഗുര്‍മെഹര്‍ പ്രതിനിധാനം ചെയ്യുന്ന വീക്ഷണത്തെ നാം മനസിലാക്കേണ്ടിയിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ സംവാദ പരിധിക്കപ്പുറത്ത് ജനങ്ങള്‍ അവള്‍ ഉയര്‍ത്തിയ സംവാദ മണ്ഡലത്തെ ഇഷ്ടപ്പെടുന്നുണ്ട്. നാം നടത്തിയിരുന്ന സംവാദ കോലാഹലങ്ങള്‍ എത്ര അപ്രധാനമായിരുന്നുവെന്ന് ഗുര്‍മെഹറിനെ ജനം ഏറ്റെടുത്തതിലൂടെ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ സൂചനകള്‍ നാം ഇപ്പോള്‍ തിരിച്ചറിയുന്നില്ലങ്കില്‍ തഹ്‌രീര്‍ സ്‌ക്വയറുകള്‍ ഭാവിയില്‍ നമ്മെയും കാത്തിരിക്കുന്നുണ്ടെന്നും ആരായിരിക്കും അടുത്ത വാഇല്‍ ഗനീമെന്നും ആര്‍ക്കറിയാം.
(ആം ആദ്മി പാര്‍ട്ടിയുടെ വക്താവാണ് ലേഖകന്‍)
മൊഴിമാറ്റം: അര്‍ശാദ്
റഹ്മാനി തിരുവള്ളൂര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."