ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസപദ്ധതികള്‍ നടപ്പിലാക്കും: മന്ത്രി കെ.രാജു
തലയോലപ്പറമ്പ്: ജപ്തിഭീഷണി നേരിടുന്ന ക്ഷീരകര്‍ഷകര്‍ക്ക് വായ്പ തിരിച്ചടയ്ക്കുന്നതിനായി ഇരുപതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയെന്ന് മന്ത്രി കെ. രാജു. ഇതിനായി അഞ്ചുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നിര്‍മിച്ച വിജ്ഞാന വ്യാപന സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടുകോടി രൂപ മുടക്കിയാണ് സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കന്നുകാലികള്‍ക്കുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 75 ശതമാനം തുക സര്‍ക്കാര്‍ അടയ്ക്കുമ്പോള്‍ 25 ശതമാനം തുക മാത്രം കര്‍ഷകര്‍ അടയ്ക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം 13ന് നടക്കും. വെറ്റിനറി മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന വെറ്റിറിനറി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കുമെന്നും 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം സംസ്ഥാനത്ത് ഉടനീളം ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ അധ്യക്ഷയായിരുന്നു. മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട ചാര്‍ലി മാത്യു, ജി. പ്രദീപ് ജോസഫ് എന്നിവരെ മന്ത്രി ആദരിച്ചു. തുടര്‍ന്ന് ആനുകൂല്യ വിതരണവും സോളാര്‍ പാനല്‍ സിസ്റ്റത്തിന്റെ ഉദ്ഘാടനവും നടത്തി. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കലാ മങ്ങാട്, പി.സുഗതന്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍ ശശി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹന്‍, കെ.എ. തോമസ്, കെ.കെ രമേശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."