നിസ്‌കാരം തടഞ്ഞ സംഭവം: സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പിന്തുണച്ച് ഹരിയാന മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുഡ്ഗാവില്‍ പൊതുസ്ഥലങ്ങളില്‍ കാലങ്ങളായി നടന്നു വരുന്ന ജുമുഅ നിസ്‌കാരം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടയുന്നത് പതിവായതോടെ, ഇതിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. വെള്ളിയാഴ്ച നിസ്‌കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ മാത്രം നടത്തിയാല്‍ മതിയെന്നാണ് ബി.ജെ.പി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഇന്നലെ പറഞ്ഞത്.
പള്ളികളിലും ഈദ്ഗാഹുകളിലും സ്ഥലം മതിയാവുന്നില്ലെങ്കില്‍ സ്വകാര്യ സ്ഥലങ്ങളില്‍ നിസ്‌കരിച്ചാല്‍ മതി. ഇതൊന്നും പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ട കാര്യങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹരിയാനയിലെ പലഭാഗങ്ങളിലും ജുമുഅ നിസ്‌കാരത്തിനിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ട് നിസ്‌കാരങ്ങള്‍ തടസ്സപ്പെടുത്തിയിരുന്നു.
ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി ഇങ്ങിനെ പ്രതികരിച്ചത്. പൊതുസ്ഥലത്ത് നിസ്‌കാരം നടത്തുന്നതിനെതിരേ എതിര്‍പ്പില്ലെങ്കില്‍ ഇത് പ്രശ്‌നമല്ല. ഏതെങ്കിലും ഡിപ്പാര്‍ട്‌മെന്റില്‍ നിന്നു എതിര്‍പ്പുയര്‍ന്നാല്‍ നാം ശ്രദ്ധിക്കണം. പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം നടക്കുന്നത് നേരത്തെ മുതല്‍ നിലവിലുള്ളതാണ്. എന്നാല്‍, ഈയിടെയായി നിരവധി പ്രശ്‌നങ്ങളുയര്‍ന്നുവന്നു.
അതിനാല്‍ ഇക്കാര്യം ഏറെ സൂക്ഷിക്കണം. പൊതുസ്ഥലങ്ങളിലല്ല നിസ്‌കാരം നടത്തേണ്ടത്, അതിന് യോജിച്ച മറ്റു സ്ഥലങ്ങളില്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിംകള്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നിസ്‌കാരത്തിനിടെ അക്രമം അഴിച്ചുവിടുന്നത്.
ഹരിയാനയിലെ വസീറാബാദ്, കട്ടാരി ചൗക്, സൈബര്‍ പാര്‍ക്ക്, ഭക്തവാര്‍ ചൗക്, സൗത്ത് സിറ്റി എന്നിവിടങ്ങളില്‍ ജുമുഅ നിസ്‌കാരം തടഞ്ഞതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."