കാനഡയ്ക്കും, യു.കെയ്ക്കും പിന്നാലെ ന്യൂസിലാന്റും; കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി രാജ്യം; പുതിയ നിയമങ്ങള്‍ ഇങ്ങനെ
വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം റെക്കോര്‍ഡ് താണ്ടിയ വര്‍ഷങ്ങളായിരുന്നു കഴിഞ്ഞ് പോയത്. യു.കെ, കാനഡ, യു.എസ്, ന്യൂസിലാന്റ്, ജര്‍മ്മനി, ആസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്കായിരുന്നു കുടിയേറ്റം ഏറ്റവും വ്യാപകമായത്. ഇതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളും, മറ്റ് പ്രതിസന്ധികളും പല പാശ്ചാത്യന്‍ രാജ്യങ്ങളെയും കുടിയേറ്റ നിയന്ത്രണങ്ങളിലേക്കും നയിക്കുകയുണ്ടായി. ബ്രിട്ടണും കാനഡയും ചില യൂറോപ്യന്‍ രാജ്യങ്ങളും കുടിയേറ്റം അടിയന്തിരമായി നിയന്ത്രിക്കുന്നതിന് പുതിയ നിയമങ്ങള്‍ വരെ പ്രബല്യത്തില്‍ വരുത്തുകയുണ്ടായി.
കാനഡയുടെ വഴിയെ, ന്യൂസിലാന്റും
വളരെ കുറഞ്ഞ കാലംകൊണ്ട് വിദേശ ജീവിതം സ്വപ്‌നം കാണുന്നവരുടെ ഫേഫറിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്റ്. പഠനത്തിനും, ജോലിക്കുമായി കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധിയാളുകള്‍ ഇതിനോടകം ന്യൂസിലാന്റിലേക്ക് കുടിയേറിയിട്ടുണ്ട്.
ഇപ്പോഴിതാ കുടിയേറ്റ നിയമങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്ക് ന്യൂസിലാന്റ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് കുടിയേറ്റത്തെ തുടര്‍ന്നാണ് പുതിയ നീക്കം.
തങ്ങളുടെ വിസ പ്രോഗ്രാമുകളില്‍ ഉടനടി മാറ്റങ്ങള്‍ വരുത്തുകയാണെന്ന് ന്യൂസിലാന്റ് അറിയിച്ചു. കുറഞ്ഞ വൈദഗ്ദ്യമുള്ള ജോലികള്‍ക്ക് വരെ ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കുക, മിക്ക തൊഴിലുടമകള്‍ക്കും തൊഴില്‍ വിസ അനുവദിക്കുന്നതില്‍ മിനിമം വൈദഗ്ദ്യവും തൊഴില്‍ പരിചയ പരിധിയും നിശ്ചയിക്കുക തുടങ്ങിയ നടപടികളാണ് മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നത്.
കൂടാതെ കുറഞ്ഞ വൈദഗ്ദ്യമുള്ള ജോലികള്‍ക്കുള്ള പരമാവധി തുടര്‍ച്ചയായ താമസ പരിധി അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറയ്ക്കുകയും ചെയ്യും. നൈപുണ്യക്കുറവുള്ള സെക്കണ്ടറി അധ്യാപകരെപ്പോലെ ഉയര്‍ന്ന വൈദഗ്ദ്യമുള്ള കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്ന് ഇമിഗ്രേഷന്‍ മന്ത്രി എറിക്ക സ്റ്റാന്‍ഫോര്‍ഡ് പറഞ്ഞു.
അതേസമയം, നൈപുണ്യ ദൗര്‍ലഭ്യം ഇല്ലാത്ത ജോലികള്‍ക്കായി ന്യൂസിലന്‍ഡുകാരെ മുന്‍നിരയില്‍ നിര്‍ത്തുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്,' സ്റ്റാന്‍ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു. ന്യൂസിലാന്റിന്റെ കുടിയേറ്റ നയങ്ങളെ അതിന്റെ സാമ്പത്തിക ആവശ്യങ്ങളുമായി യോജിപ്പിക്കുന്നതിനും കുടിയേറ്റക്കാരുടെ ചൂഷണം ലഘൂകരിക്കുന്നതിനുമായാണ് പരിഷ്‌കരണം കൊണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു.
മറ്റു നിയന്ത്രണങ്ങള്‍
ഇതിന് പുറമെ, വെല്‍ഡര്‍മാര്‍, ഫിറ്റര്‍മാര്‍, ടര്‍ണറുകള്‍ എന്നിങ്ങനെ 11 റോളുകള്‍ ഗ്രീന്‍ ലിസ്റ്റിലേക്ക് ചേര്‍ക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. ബസ്, ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള വര്‍ക്ക് ടു റെസിഡന്‍സ് പാതയും പുതിയ അപേക്ഷകര്‍ക്ക് നിര്‍ത്തലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."