ഗുരുവായൂര്‍ ക്ഷേത്രനഗരിയുടെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ വേണമെന്ന് സുരേഷ്‌ഗോപി എം.പി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനഗരിയുടെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ വേണമെന്ന് സുരേഷ്‌ഗോപി എം.പി പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായുള്ള പ്രസാദ ഊട്ടില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം.പി. റെയില്‍, റോഡ് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് മുമ്പായി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്.
വികസനം എന്നാല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നതും ഷീറ്റ് മേഞ്ഞ ഷെഡ്ഡുകള്‍ നിര്‍മിക്കുന്നതും അല്ല. ഭക്തര്‍ക്ക് കുളിര്‍മയോടെ മരത്തണലില്‍ ഇരിക്കാനുള്ള സൗകര്യവും ഒരുക്കണം.
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ ഗുരുവായൂരിനെ പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വികസന ആവശ്യങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരുടെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.
ഒരു നിരയിലുള്ളവര്‍ക്ക് സുരേഷ്‌ഗോപി കഞ്ഞി വിളമ്പി. താരത്തെ നേരില്‍ കാണാനും സെല്‍ഫിയെടുക്കാനുമായി ആരാധകരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സി.എന്‍ ജയദേവന്‍ എം.പിയും പ്രസാദ ഊട്ടിനെത്തിയിരുന്നു. ഭാര്യ രമാദേവി, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.പി മുഹമ്മദ് ബഷീര്‍ എന്നിവരും ജയദേവനൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."